Sorry, you need to enable JavaScript to visit this website.

ഒമാനിൽ കോവിഡ് രോഗികളുടെ എണ്ണം പെരുകുന്നു; ഏഴ് മരണം

മസ്‌കത്ത് - ഒമാനിൽ കോവിഡ് രോഗികളുടെ എണ്ണം ദിനേന വർധിക്കുന്നതായി റിപ്പോർട്ടുകൾ. ഇന്ന് മാത്രം ഏഴ് പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 1,203 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 1,66,685 ആയി ഉയർന്നു. കോവിഡ് മരണ സംഖ്യ 1,735 ആയി. 93 രോഗികളെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 632 പേരാണ് നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 204 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. 746 പേർ രോഗമുക്തി നേടിയതോടെ രാജ്യത്ത് മഹാമാരിയെ അതിജയിച്ചവരുടെ എണ്ണം 1,49,049 ആയി. 80.4 ശതമാനമാണ് രോഗമുക്തി നിരക്ക്. രോഗമുക്തി നേടുന്നവർ കുറയുന്നതും രോഗബാധിതരുടെ എണ്ണം വർധിക്കുന്നതും രാജ്യത്ത് കോവിഡ് പിടിമുറുക്കുന്നതിന്റെ സൂചനയാണെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വിലയിരുത്തുന്നു.   
കോവിഡ് വ്യാപനം ശക്തമായതോടെ കടുത്ത നിയന്ത്രണങ്ങളുമായി സുപ്രീം കമ്മിറ്റി രംഗത്തെത്തി. റമദാനിൽ രാത്രി ഒമ്പത് മണി മുതൽ രാവിലെ നാല് വരെ സഞ്ചാര സ്വാതന്ത്ര്യം വിലക്കിയിട്ടുണ്ട്. ഈ സമയത്ത് വാഹനങ്ങളോ വ്യക്തികളോ പുറത്തിറങ്ങാൻ പാടില്ല. മസ്ജിദുകളിലെ ഒത്തുകൂടലും ഇഫ്താർ പാർട്ടികളും അനുവദിക്കില്ല. കായിക, സാംസ്‌കാരിക പരിപാടികൾക്കും വിലക്കുണ്ട്. ഏപ്രിൽ എട്ട് മുതൽ രാജ്യത്തേക്ക് ഒമാൻ പൗരന്മാർക്കും വിസയുള്ളവർക്കും മാത്രമാണ് പ്രവേശനം. 
സൗദിയിലേക്കും മറ്റും കടക്കാനായി ഒമാനെ ആശ്രയിക്കുന്ന മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികൾക്ക് ഈ തീരുമാനം തിരിച്ചടിയാണ്. വിദ്യാഭ്യാസ, വ്യാപാര സ്ഥാപനങ്ങൾ പരമാവധി ഓൺലൈൻ സംവിധാനം ഉപയോഗിക്കണമെന്നും നിർദേശമുണ്ട്. വിവിധ രാജ്യങ്ങളിൽനിന്ന് ഒമാനിലെത്തുന്ന സ്വദേശികളും വിദേശികളും ക്വാറന്റൈനിൽ കഴിയണമെന്നും സുപ്രീം കമ്മിറ്റി നിഷ്‌കർഷിച്ചിട്ടുണ്ട്. സ്വദേശികൾ വീടുകളിലാണ് നിരീക്ഷണത്തിൽ കഴിയേണ്ടത്. അതേസമയം ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈൻ ഒഴികെയുള്ള എല്ലാ നിബന്ധനകളും സ്വദേശികൾക്കും ബാധകമാണ്. 

Tags

Latest News