Sorry, you need to enable JavaScript to visit this website.

സൗദി ഓഹരികളുടെ മൂല്യം ആദ്യമായി 10 ട്രില്യണിലെത്തി 

റിയാദ് - സൗദി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത ഷെയറുകളുടെ മൂല്യം ആദ്യമായി 10 ട്രില്യൺ റിയാലിനു സമീപമെത്തി. മാർച്ച് നാലിന് അവസാനിച്ച വാരത്തിലെ കണക്കുകൾ പ്രകാരം സൗദി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത ഓഹരികളുടെ ആകെ മൂല്യം 9.9 ട്രില്യൺ റിയാലിലെത്തിയിട്ടുണ്ട്. തൊട്ടു മുൻവാരത്തിൽ ഇത് 9.153 ട്രില്യൺ റിയാലായിരുന്നു. ഒരാഴ്ചക്കിടെ ഓഹരി ക്രയവിക്രയങ്ങളിലൂടെ സൗദി ഓഹരികൾ 136.556 ബില്യൺ റിയാലിന്റെ ലാഭമുണ്ടാക്കി. 
തുടർച്ചയായി നാലാമത്തെ വാരത്തിലാണ് സൗദി ഓഹരികളുടെ മൂല്യം വർധിക്കുന്നത്. ഫെബ്രുവരി നാലിന് അവസാനിച്ച വാരത്തിൽ സൗദി ഓഹരികളുടെ ആകെ മൂല്യം 8.895 ട്രില്യൺ റിയാലായിരുന്നു. ഫെബ്രുവരി 11 ന് ഇത് 9.092 ട്രില്യൺ റിയാലായും 18 ന് 9.148 ട്രില്യൺ റിയാലായും 25 ന് 9.153 ട്രില്യൺ റിയാലായും ഉയർന്നു. 
മാർച്ച് നാലിന് അവസാനിച്ച വാരത്തിൽ സൗദി ഓഹരി സൂചിക 0.52 ശതമാനം തോതിൽ ഉയർന്നു. ഒരാഴ്ചക്കിടെ സൂചിക 47.36 പോയന്റ് ആണ് വർധിച്ചത്. മാർച്ച് നാലിന് 9,248 പോയന്റിലാണ് സൂചിക ക്ലോസ് ചെയ്തത്. തൊട്ടു മുൻവാരത്തിൽ ഇത് 9,194 പോയന്റ് ആയിരുന്നു. ഫെബ്രുവരി 25 ന് അവസാനിച്ച വാരത്തിൽ ഓഹരി സൂചിക 1.89 ശതമാനം തോതിൽ ഉയർന്നിരുന്നു. സൂചിക 170 പോയന്റ് ആണ് വർധിച്ചത്. ഫെബ്രുവരി 25 ന് 9,194 പോയന്റിലാണ് സൂചിക ക്ലോസ് ചെയ്തത്. തൊട്ടു മുൻവാരത്തിൽ ഇത് 9,024 ആയിരുന്നു. 
പതിനഞ്ചു മേഖലകൾ മികച്ച പ്രകടനം കാഴ്ച വെച്ചതാണ് കഴിഞ്ഞ ആഴ്ചയിൽ ഓഹരി വിപണിയിൽ 136.5 ബില്യൺ റിയാലിന്റെ നേട്ടമുണ്ടാക്കിയത്. ഊർജ മേഖല 1.56 ശതമാനം തോതിലും അടിസ്ഥാനവസ്തു മേഖല 0.2 ശതമാനം തോതിലും നിക്ഷേപ മേഖല 19 ശതമാനം തോതിലും കഴിഞ്ഞ വാരം ഉയർച്ച കൈവരിച്ചിരുന്നു. ആറു മേഖലകൾ തിരിച്ചടി നേരിട്ടു. ആപ്, ടെക്‌നോളജി മേഖല 3.4 ശതമാനവും ടെലികോം മേഖല 2.82 ശതമാനവും ഭക്ഷ്യവസ്തു ഉൽപാദന മേഖല 0.25 ശതമാനവുമാണ് കഴിഞ്ഞ വാരം തിരിച്ചടി നേരിട്ടത്. 
കഴിഞ്ഞയാഴ്ച ക്രയവിക്രയം ചെയ്ത ഓഹരികളുടെ എണ്ണം 16.6 ശതമാനം തോതിൽ വർധിച്ചു. കഴിഞ്ഞ വാരം 251 കോടി ഓഹരികൾ ക്രയവിക്രയം ചെയ്തു. തൊട്ടു മുൻവാരത്തിൽ 215 കോടി ഓഹരികളാണ് നിക്ഷേപകർ ക്രയവിക്രയം ചെയ്തത്. സൗദി ഓഹരികളുടെ ആകെ വിപണി മൂല്യം ജനുവരി ഏഴിന് 9.1 ട്രില്യൺ റിയാലും 14 ന് 9.17 ട്രില്യൺ റിയാലും 21 ന് 9.13 ട്രില്യൺ റിയാലും 28 ന് 9.09 ട്രില്യൺ റിയാലും ഫെബ്രുവരി നാലിന് 8.89 ട്രില്യൺ റിയാലും 11 ന് 9.09 ട്രില്യൺ റിയാലും 18 ന് 9.14 ട്രില്യൺ റിയാലും 25 ന് 9.15 ട്രില്യൺ റിയാലും മാർച്ച് നാലിന് 9.9 ട്രില്യൺ റിയാലുമായിരുന്നെന്ന് സൗദി ഓഹരി വിപണി വിവരങ്ങൾ വ്യക്തമാക്കുന്നു. 

Tags

Latest News