Sorry, you need to enable JavaScript to visit this website.

ഫഡ്നാവിസിന്റെ കാലത്തെ മെഗാ റിക്രൂട്ട്മെന്റ് വ്യാപത്തെക്കാൾ വലിയ അഴിമതിയെന്ന്

മുംബൈ- മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ കാലത്ത് നടന്ന മെഗാ റിക്രൂട്ട്മെന്റിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര സർക്കാർ രംഗത്ത്. 11 സർക്കാർ വകുപ്പുകളിലെ സി, ഡി ക്ലാസ് ജീവനക്കാരെ നിയമിക്കുന്നതിനായാണ് വലിയ റിക്രൂട്ട്മെന്റ്  മുൻ സർക്കാർ നടത്തിയത്. മഹാരാഷ്ട്രയിലെ ശിവസേന നയിക്കുന്ന സർക്കാർ ഈ അഴിമതിയിൽ അന്വേഷണം നടത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 2019ൽ നടന്ന ഈ പരീക്ഷയിൽ വൻ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് നേരത്തെ തന്നെ മാധ്യമ റിപ്പോർട്ടുകൾ വന്നിരുന്നു.

ഈ വിഷയത്തിൽ അന്വേഷണം വേണമെന്ന് മുൻ സ്പീക്കറും കോൺഗ്രസ് പ്രസിഡണ്ടുമായ നാന പടോലെ കഴിഞ്ഞദിവസം നിയമസഭയിൽ ആവശ്യപ്പെടുകയുണ്ടായി. മധ്യപ്രദേശിലെ വ്യാപം അഴിമതിയെക്കാൾ വലിയ അഴിമതിയാണ് മഹാരാഷ്ട്രയിൽ റിക്രൂട്ട്മെന്റ് കുംഭകോണത്തിലൂടെ നടന്നിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ആയിരക്കണക്കിന് തൊഴിലന്വേഷകരുടെ സ്വപ്നങ്ങളും ജീവിതവുമാണ് മുൻ ബിജെപി സർക്കാർ തകർത്തു കളഞ്ഞതെന്നും അദ്ദേഹം ആരോപിച്ചു.

30,000ത്തോളം ഒഴിവുകളിലേക്കായിരുന്നു പരീക്ഷ. 40 ലക്ഷത്തോളം പേർ അപേക്ഷിച്ചു. സംസ്ഥാനത്ത് ഈ പരീക്ഷ നടത്താൻ ചില സ്വകാര്യ കമ്പനികളുമായി സർക്കാർ ധീരണയുണ്ടാക്കിയെന്ന് ആരോപണമുയർന്നു. അർഹതയില്ലാത്ത നിരവധി പേർ റിക്രൂട്ട്മെന്റ് പട്ടികയിൽ കേറിക്കൂടി. 34 ജില്ലകളിലായാണ് പരീക്ഷ നടത്തിയിരുന്നത്. കഴിഞ്ഞവർഷം മെയ് മാസത്തിൽ പരീക്ഷാനടത്തിപ്പിലെ വലിയ പാളിച്ചകൾ ചൂണ്ടിക്കാട്ടി അഹ്മദ്നഗർ ജില്ലാ കളക്ടർ സർക്കാരിന് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു.

പരീക്ഷാ നടത്തിപ്പിന് സർക്കാരിനെ സഹായിച്ചെന്ന് ചൂണ്ടിക്കാണിക്കപ്പെട്ട യുഎസ്ടി ഗ്ലോബൽ, ആർസ്യൂസ് ഇൻഫോടെക് എന്നീ കമ്പനികൾ സംശയത്തിന്റെ നിഴലിലുണ്ട്. പരീക്ഷ നടത്തിയ മഹാഐടിയുടെ മുൻ ഡയറക്ടർ കൌസ്തുഭ് ധാവ്സെയുടെ പങ്കും ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഇദ്ദേഹം ബിജെപി സർക്കാർ ഇറങ്ങിയതിനു പിന്നാലെ കഴിഞ്ഞവർഷം തൽസ്ഥാനത്തു നിന്ന് രാജിവെച്ചിരുന്നു.

Tags

Latest News