Sorry, you need to enable JavaScript to visit this website.

ഡോളർ കടത്ത്: പിണറായി ചെയ്തത് രാജ്യദ്രോഹക്കുറ്റം -ചെന്നിത്തല

തിരുവനന്തപുരം- ഡോളർ കടത്തിൽ പങ്കാളിയെന്ന് കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കിയതോടെ മുഖ്യമന്ത്രി പിണറായി വിജയൻ രാജ്യദ്രോഹക്കുറ്റമാണ് ചെയ്തിരിക്കുന്നതെന്ന് വ്യക്തമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡോളർ കടത്തിൽ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്നാണ് കസ്റ്റംസ് ഹൈക്കോടതിയിൽ നൽകിയിരിക്കുന്ന സത്യവാങ്മൂലത്തിൽ നിന്നും വ്യക്തമാകുന്നത്. ഇത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ്. മുഖ്യമന്ത്രിക്ക് ഒരു നിമിഷം അധികാരത്തിൽ തുടരാൻ അർഹതയില്ലെന്നും പത്രസമ്മേളനത്തിൽ ചെന്നിത്തല പറഞ്ഞു. കോടതിയിൽ തെളിവായി അംഗീകരിക്കുന്ന ഈ മൊഴി, അന്വേഷണ ഏജൻസികൾക്ക് കിട്ടിയിട്ട് രണ്ട് മാസത്തിൽ ഏറെയായി. എന്നിട്ടും മുഖ്യമന്ത്രിക്കും, മറ്റ് മന്ത്രിമാർക്കും എതിരെ എന്തുകൊണ്ട് ഇതുവരെ ഒരു നടപടിയും ഉണ്ടായില്ല. ഞെട്ടിക്കുന്ന ഈ തെളിവ് കൈയിൽ ഉണ്ടായപ്പോഴും അന്വേഷണം മരവിപ്പിക്കുകയാണ് കേന്ദ്ര ഏജൻസികൾ ചെയ്തത്. ഇത് ആരുടെ നിർദ്ദേശ പ്രകാരമാണ്? മുഖ്യമന്ത്രിയിലേക്ക് അന്വേഷണം എത്തുമെന്ന് കണ്ടപ്പോഴാണ്, കേസ് അപ്പാടെ മരവിപ്പിച്ചത്. ഇത് മുഖ്യമന്ത്രിയും ബി.ജെ.പിയും തമ്മിൽ ഉള്ള ഒത്തുകളിയാണ്.
സംസ്ഥാനത്ത് സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ഒത്തുകളി പുറത്തു വന്നതോടെ അത് മറച്ച് പിടിക്കാനുള്ള വെപ്രാളത്തിലാണ് മുഖ്യമന്ത്രി പിണറായി  വിജയൻ. ബി.ജെ.പിയുമായുള്ള സി.പി.എമ്മിന്റെ ബാന്ധവം മറച്ചു പിടിക്കുന്നതിനാണ് കോൺഗ്രസിന്റെ മേൽ അദ്ദേഹം കുതിര കയറാൻ ശ്രമിക്കുന്നത്. ബി.ജെ.പിയിലേക്ക് കട കാലിയാക്കൽ വിൽപ്പന നടത്തുന്ന കോൺഗ്രസിന്റെ നേതാവാണ് ഞാനെന്നാണ് അദ്ദേഹം  പറയുന്നത്.


കട കാലിയാക്കലല്ല, കേരളത്തെ തന്നെ കാലിയാക്കുന്ന വിൽപനയിൽ ഏർപ്പെട്ടിരിക്കുന്നയാളാണല്ലോ മുഖ്യമന്ത്രി പിണറായി വിജയൻ.
5000 കോടി രൂപയ്ക്കാണ് കേരളത്തിന്റെ മത്സ്യസമ്പത്ത് ആകെ ഒരു അമേരിക്കൻ കമ്പനിക്ക് അദ്ദേഹം വിൽക്കാൻ നോക്കിയത്. മത്സ്യത്തൊഴിലാളികളെ പട്ടിണിക്കിടാൻ മാത്രമല്ല, കേരളീയരുടെ ഇഷ്ടവിഭവമായ മൽസ്യത്തെ ചില്ലറ കാശിന് നാടു കടത്താനും  ശ്രമിച്ചയാളാണ് അദ്ദേഹം. കേരളത്തിൽ കോവിഡ് പടർന്ന് പിടിച്ചപ്പോൾ കേരളീയരുടെ ആരോഗ്യവിവരം മറ്റൊരു അമേരിക്കൻ കമ്പനിയായ സ്പ്രിംഗഌറിന് രഹസ്യമായി മറിച്ച് വിൽപന നടത്താൻ നോക്കിയ ആളാണല്ലോ അദ്ദേഹം. അവസരം കിട്ടിയാൽ എന്തും കുറഞ്ഞ വിലയ്ക്ക വിറ്റുകളയും. അങ്ങനെ കട കാലിയാക്കൽ വിൽപനയിൽ മികവ്  തെളിയിച്ച ആളാണ് മുഖ്യമന്ത്രിയെന്നും ചെന്നിത്തല  പറഞ്ഞു.


ലാവ്‌ലിൻ കേസ് എത്ര തവണയാണ് കേന്ദ്ര ഏജൻസിയായ സി.ബി.ഐ മാറ്റി വെപ്പിച്ചത്. 28 തവണ മാറ്റിയില്ലേ. ഇന്ത്യയിൽ മറ്റേതെങ്കിലും ബി.ജെ.പി ഇതര രാഷ്ട്രീയ നേതാവിനോട് സി.ബി.ഐ ഇങ്ങനെ മൃദുസമീപനം സ്വീകരിക്കുമോ. സിപി.എം ബി.ജെ.പിയുമായി ഉണ്ടാക്കിയ ഒത്തുകളിയുടെ ഭാഗമാണ് ഇതെല്ലാം. മോഡിക്കെതിരെ കഴിഞ്ഞ വർഷത്തിനിടയിൽ എപ്പോഴെങ്കിലും പിണറായി ഒരക്ഷരം ഉരിയാടിയിട്ടുണ്ടോ? പകരം മോഡിയുടെ അതേ ഭാഷയിൽ രാഹുലിനെ വിമർശിക്കുകയല്ലേ ഇപ്പോൾ ചെയ്യുന്നത്. ഊതിപ്പെരുക്കിയ ഇമേജ് മാത്രമേ ഈ സർക്കാരിനുള്ളൂ. ഈ തെരഞ്ഞെടുപ്പിൽ ജനം ഈ ബലൂൺ കുത്തിപ്പൊട്ടിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

Latest News