Sorry, you need to enable JavaScript to visit this website.

സേവനപാതയിൽ  രണ്ടര വർഷം തികച്ച്  ശിബിലി സുലൈമാൻ 

മങ്കട -ശിബിലി സുലൈമാൻ തന്റേതായ രീതിയിൽ രണ്ടര വർഷത്തോളമായി നിർധനരായ കാൻസർ, കിഡ്‌നി രോഗികൾക്ക് സഹായമെത്തിക്കുന്നു. 
കാൻസർ രോഗികൾക്ക് സൗജന്യ കീമോ തെറാപ്പിക്കുള്ള സംവിധാനങ്ങളും മുമ്പ് ഏർപ്പെടുത്തിയിരുന്നു.ഒറ്റയാൾ എന്ന നിലയിൽ അല്ല തന്റെ സൗഹൃദവലയങ്ങളുടെ സഹകരണത്തോടെ കൂട്ടായ്മ എന്ന നിലയിൽ തന്നെയാണ് തന്റെ പ്രവർത്തനം എന്നും ശിബിലി പറയുന്നു. ഒരുപാട് രോഗികളുടെ മാനസിക അവസ്ഥയും ബുദ്ധിമുട്ടും നേരിൽ കാണുന്നത് കൊണ്ടാണ് പ്രയാസങ്ങൾ നേരിട്ടാലും ഈ പ്രവർത്തനം മുന്നോട്ടു കൊണ്ട് പോകുന്നത്.  തെരുവുകളിൽ കഴിയുന്നവർക്ക് ഭക്ഷണം നൽകിയായിരുന്നു ജീവകാരുണ്യ പ്രവർത്തനങ്ങളുടെ തുടക്കം.
'ഒരു പൊതി ഒരു വയർ എന്ന പേരിൽ പെരിന്തൽമണ്ണ, മലപ്പുറം, മഞ്ചേരി നഗരങ്ങളിൽ തെരുവിൽ കഴിയുന്നവർക്ക് മാസങ്ങളോളം ഭക്ഷണം എത്തിക്കാൻ ഷിബിലിയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മക്ക് സാധിച്ചു.  ഇതിനു ലഭിച്ച സ്വീകാര്യതയാണ് ജീവകാരുണ്യ ആതുര രംഗത്ത് കടന്ന് വരാൻ പ്രചോദനമായത്. രണ്ടര വർഷം കൊണ്ട് തുടങ്ങിയ സംരംഭം ഇത് വരേ നൂറു കണക്കിന് രോഗികൾക്ക് ആശ്വാസമായി മാറിക്കഴിഞ്ഞു. പാലിയേറ്റിവ് സെന്ററും എം.ഇ.എസ്  മെഡിക്കൽ കോളേജും കേന്ദ്രീകരിച്ചു നടക്കുന്ന പ്രവർത്തനം ഒരുപാട് സുമനസ്സുകളുടെ സഹായത്തോടെയാണ് നിലനിന്നു പോകുന്നത്. നിർധനരായ കിഡ്‌നി രോഗികൾക്ക് സൗജന്യ ഡയാലിസിസ് പദ്ധതി ഇന്നും തുടർന്ന് പോകുന്നുണ്ട്. ജാതിമത രാഷ്ട്രീയ ഭേദമന്യേ അർഹതപ്പെട്ടവർക്ക് സേവനം ലഭ്യമാക്കുകയാണ് ശിബിലി. 
നാട്ടിൽ രോഗികൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇനിയും കൂടുതൽ രോഗികളിൽ സഹായമെത്തിക്കാൻ താല്പര്യപ്പെടുന്നതായും ശിബിലി അറിയിച്ചു.  ഇനിയും സുമനസ്സുകളുടെ സഹായങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് മുന്നോട്ടു പോകൂ എന്ന് ശിബിലി പറയുന്നു. ഇന്റീരിയർ ഡിസൈനറായ  ശിബിലി പഠനത്തോടൊപ്പം ആണ് ഇത്തരം പ്രവൃത്തികൾ നടത്തിക്കൊണ്ടു പോകുന്നത്. എഴുത്തുകാരനും പുസ്തക രചയിതാവും കൂടിയായ ശിബിലി തന്റെ രണ്ടാമത്തെ പുസ്തകമായ 'മാൽക്കാ ദ്വീപിന്റെ പരിണാമ'ത്തിന്റെ പണിപ്പുരയിലാണ്.

 

Latest News