Sorry, you need to enable JavaScript to visit this website.

ഇന്ത്യയിൽ സ്വാതന്ത്ര്യം ഭാഗികം; മുസ്ലിങ്ങളെയും മാധ്യമങ്ങളെയും ബുദ്ധിജീവികളെയും മോദി സർക്കാരുകൾ അടിച്ചമർത്തി

ന്യൂദല്‍ഹി- ഇന്ത്യയിൽ ജനങ്ങളുടെ സ്വാതന്ത്ര്യം വലിയ തോതിൽ ഇടിഞ്ഞതായി ഗ്ലോബൽ ഫ്രീഡം വാച്ച്ഡോഗിന്റെ വിലയിരുത്തൽ. 2014ൽ നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്തതിനു ശേഷമാണ് ഈ ഇടിവ് സംഭവിച്ചത്. ഗ്ലോബൽ ഫ്രീഡം വാച്ച്ഡോഗിന്റെ പുതിയ റിപ്പോർട്ടിൽ ഇന്ത്യയുടെ പദവി 'സ്വതന്ത്രം' എന്നതിൽ നിന്ന് 'ഭാഗികമായി സ്വതന്ത്രം' എന്നതിലേക്ക് മാറി.

മുസ്ലിങ്ങൾക്കെതിരായ അക്രമങ്ങൾ, രാജ്യദ്രോഹ നിയമങ്ങളുടെ ദുരുപയോഗം, ലോക്ക്ഡൌൺ അടക്കമുള്ള കോവിഡ് പ്രതിരോധകാല സംവിധാനങ്ങളുടെ ദുരുപയോഗം തുടങ്ങിയവയാണ് രാജ്യത്തെ ജനങ്ങളുടെ സ്വാതന്ത്ര്യത്തിൽ ഗുരുതരമായ ഇടിവ് സംഭവിച്ച് ചൂണ്ടിക്കാട്ടുന്നതിലേക്കുള്ള തെളിവ് സാമഗ്രികളുടെ കൂട്ടത്തിലുള്ളത്.

ഏറ്റവും സ്വാതന്ത്ര്യമുള്ള 100 രാജ്യങ്ങളുടെ പട്ടികയിൽ നേരത്തെ 71ാം സ്ഥാനത്ത് നിന്നിരുന്ന ഇന്ത്യ ഇപ്പോൾ 67ാം സ്ഥാനത്താണ്. മനുഷ്യാവകാശ സംഘടനകളുടെ മീതെ അതിനിശിതമായ സമ്മർദ്ദമാണ് മോദി ചെലുത്തിയതെന്ന് ഗ്ലോബൽ ഫ്രീഡം വാച്ച്ഡോഗ് ചൂണ്ടിക്കാട്ടി. അക്കാമിഷ്യൻമാരെയും മാധ്യമപ്രവർത്തകരെയും ആക്രമിച്ചും മുസ്ലിങ്ങൾക്കെതിരെ ആൾക്കൂട്ട കൊലപാതകം മുതലായ രീതികളുപയോഗിച്ചും സ്വാതന്ത്ര്യത്തെ ഗൌരവതരമാംവിധം ഇല്ലാതാക്കി. 2019ൽ മോദി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ഈ ഇടിവ് കൂടുതൽ വർധിച്ചു. ജനങ്ങളുടെ മൌലികാവകാശങ്ങളെ കൂടുതൽ ലംഘിക്കാൻ കൊറോണവൈറസ് മഹാമാരിയെയും ലോക്ക്ഡൌണിനെയുമെല്ലാം ബിജെപി സർക്കാർ ഉപയോഗിച്ചെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഹിന്ദു ദേശീയവാദി സർക്കാരും അതിന്റെ സഖ്യകക്ഷികളും മുസ്ലിങ്ങൾക്കെതിരായ വിവേചനപരമായ നയങ്ങൾ കൊണ്ടുവരികയും അക്രമങ്ങൾ അഴിച്ചുവിടുകയും ചെയ്തെന്ന് ഗ്ലോബൽ ഫ്രീഡം വാച്ച്ഡോഗ് പുറത്തിറക്കിയ വാർത്താക്കുറിപ്പ് പറയുന്നു. മാധ്യമങ്ങളുടെയും പൌരസമൂഹത്തിന്റെയും വിയോജിപ്പുകളെയും സമരങ്ങളെയും അടിച്ചമർത്തിയെന്നും വാർത്താക്കുറിപ്പ് പറഞ്ഞു.

ഫിൻലാൻഡ്, നോർവേ, സ്വീഡൻ എന്നിവയാണ് ലോകത്തിലെ ഏറ്റവും സ്വാതന്ത്ര്യമുള്ള രാജ്യങ്ങളെന്ന് സൂചിക പറയുന്നു. ഇന്ത്യയുടെ റാങ്ക് താഴേക്ക് പോകുന്നത് മറ്റേത് രാജ്യത്തേക്കാളും സുപ്രധാനമായി കാണണമെന്നും ഗ്ലോബൽ ഫ്രീഡം വാച്ച്ഡോഗിന് അഭിപ്രായമുണ്ട്. കാരണം ലോകജനസംഖ്യയുടെ 20 ശതമാനത്തിന്റെയും സ്വാതന്ത്ര്യമാണ് ഇല്ലാതാകുന്നത്.

Latest News