Sorry, you need to enable JavaScript to visit this website.

തുറൈഫിലെ ഷുഹൈബ് ഡാം ശുചീകരണ യജ്ഞം ആരംഭിച്ചു

തുറൈഫ്- മഖലയിലെ ഒരേ ഒരു അണക്കെട്ടായ ഷുഹൈബ് ഡാമും പരിസരവും ശുചീകരണ സംരക്ഷണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പരിസ്ഥിതി വകുപ്പ് അധികൃതരുടെ നേതൃത്വത്തിലാണ് അണക്കെട്ടിന്റെ ശുചീകരണ യജ്ഞം നിർവഹിക്കുന്നത്. ധാരാളം കുടുംബങ്ങളും ജനങ്ങളും നിത്യേന സന്ദർശിക്കുന്ന ഒരിടമാണ് തുറൈഫിലെ ഷുഹൈബ് അണക്കെട്ട്. പ്രത്യേകിച്ച് വൈകീട്ട് നാല് മുതൽ കുട്ടികളും സ്ത്രീകളും ഉൾപ്പടെ ഇവിടെ മരുഭൂമിയിൽ ധാരാളം ജലം കെട്ടി നിൽക്കുന്ന കൗതുകം കാണാൻ എത്തും. തുറൈഫ് ഖുറയ്യാത്ത് ഹൈവേയിൽ പോലീസ് ചെക്ക് പോയന്റ് കഴിഞ്ഞാൽ ഷുഹൈബ് ഡാം എന്ന് വലതു വശത്ത് അറബിയിലും ഇംഗ്ലീഷിലും ബോർഡ് വെച്ചിട്ടുണ്ട്. ഹൈവേയിൽനിന്ന് രണ്ടു കിലോമീറ്റർ ഉൾഭാഗത്ത് വരെ മനോഹരമായ റോഡും നിർമിച്ചിട്ടുണ്ട്. മരുഭൂമിക്കകത്തെ ഈ മനോഹരമായ ജലാശയം ഏവരെയും ആകർഷിപ്പിക്കുന്നതാണ്. എന്നാൽ കുറച്ച് കാലമായി ഈ ജലാശയത്തിൽ പ്ലാസ്റ്റിക്ക് കുപ്പികളും ചില അവശിഷ്ടങ്ങളും ഉപേക്ഷിക്കപ്പെട്ടിരിക്കുകയാണ്. കൂടാതെ മാലിന്യങ്ങളും മറ്റും ഡാമിന്റെ പരിസര പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ഉണ്ടായിരുന്നു. അതുപോലെ സമീപത്തെ ചില മൺ കുന്നുകളും വൃത്തികേടായി കിടന്നിരുന്നു. ഇവയെല്ലാം ശുചീകരിച്ചു ജലാശയം മനോഹരമായി സംരക്ഷിക്കുക എന്നതാണ് പരിസ്ഥിതി വാട്ടർ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന യജ്ഞം.
 

Tags

Latest News