Sorry, you need to enable JavaScript to visit this website.

അറബ് ലീഗ് സെക്രട്ടറി ജനറൽ അബുൽഗെയ്ത്തിന് പുതിയ ഊഴം

അറബ് ലീഗ് ദുർബലം-അഹ്മദ് ഖത്താൻ

റിയാദ്- അറബ് ലീഗ് സെക്രട്ടറി ജനറൽ പദവിയിൽ അഹ്മദ് അബുൽഗെയ്ത്തിന് പുതിയ ഊഴം. അഹ്മദ് അബുൽഗെയ്ത്തിന് പുതിയ ഊഴം നൽകണമെന്ന ഈജിപ്തിന്റെ അപേക്ഷ അറബ് വിദേശ മന്ത്രിമാരുടെ യോഗം ഏകകൺഠേന അംഗീകരിക്കുകയായിരുന്നു. 2004 ജൂലൈ മുതൽ 2011 മാർച്ച് വരെ ഈജിപ്ഷ്യൻ വിദേശ മന്ത്രിയായിരുന്ന അഹ്മദ് അബുൽഗെയ്ത്ത്, നബീൽ അൽഅറബിയുടെ പിൻഗാമിയായാണ് അറബ് ലീഗ് സെക്രട്ടറി ജനറൽ പദവിയിൽ നിയമിതനായത്. 2016 ജൂണിലാണ് നബീൽ അൽഅറബി കാലാവധി അവസാനിച്ചത്. 
അതേസമയം, നിലവിലെ ഘടനയിൽ അറബ് ലീഗ് ദുർബല സംഘടനയാണെന്ന് ആഫ്രിക്കൻ കാര്യങ്ങൾക്കുള്ള സൗദി സഹമന്ത്രി അഹ്മദ് ഖത്താൻ പറഞ്ഞു. ആഫ്രിക്കൻ യൂനിയനും യൂറോപ്യൻ യൂനിയനും എങ്ങിനെയാണ് ശക്തിയും ആഗോള തലത്തിൽ ശ്രദ്ധേയമായ സ്ഥാനവും കൈവരിച്ചത് എന്ന കാര്യം അറബ് ലീഗ് പഠിക്കുകയും ഇതേപോലെ ശക്തമായ സംഘടനയായി മാറാൻ പ്രവർത്തിക്കുകയും വേണം. ഇതിന് സുദീർഘ വർഷങ്ങളെടുക്കും. മുഴുവൻ അറബ് രാജ്യങ്ങളിൽ നിന്നുമുള്ള വിദഗ്ധരുടെ സേവനം ഇതിന് പ്രയോജനപ്പെടുത്തണം. സാദാ ജീവനക്കാരെയും സെക്രട്ടറിമാരെയും നിയമിക്കുന്നതിനു പകരം ഇത്തരം വിദഗ്ധരെ അറബ് ലീഗ് ഉപയോഗപ്പെടുത്തണം. ഇതിന് ഭീമമായ ബജറ്റും മുഴുവൻ അറബ് രാജ്യങ്ങളുടെയും സമ്മതവും ആവശ്യമാണ്. 
അറബ് ലീഗിന് ശക്തിയും സ്വാധീനവും സ്ഥാനവും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന പക്ഷം ഇതാണ് ചെയ്യേണ്ടത്. അറബ് ലീഗ് ശക്തിപ്പെടുത്താൻ അറബ് രാജ്യങ്ങൾ പൊതുധാരണയിലെത്താത്ത പക്ഷം സംഘടനയുടെ പ്രവർത്തനത്തിലുണ്ടാകുന്ന വീഴ്ചകളിൽ സെക്രട്ടറി ജനറലിനെ ആരും കുറ്റപ്പെടുത്തരുത്. 1945 ൽ തയാറാക്കിയ അറബ് ലീഗ് ചാർട്ടർ ഭേദഗതി ചെയ്യേണ്ടതുണ്ട്. സെക്രട്ടറി ജനറലിന്റെ അധികാരം, കാലാവധി, ഡെപ്യൂട്ടി സെക്രട്ടറി ജനറലിനെ നിയമിക്കൽ എന്നിവ അടക്കം സംഘടനയുടെ പരിഷ്‌കാരവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളിൽ വിയോജിപ്പുകളുണ്ട്. 
സെക്രട്ടറി ജനറലിന്റെയും മറ്റു ഉദ്യോഗസ്ഥരുടെയും ഭീമമായ അലവൻസുകൾ പുനഃപരിശോധിക്കേണ്ടതുണ്ട്. സെക്രട്ടറി ജനറലിന് ഒറ്റത്തവണ അലവൻസായി 50 ലക്ഷം ഡോളറാണ് ആദ്യം അനുവദിച്ചിരുന്നത്. പിന്നീട് ഇത് 20 ലക്ഷം ഡോളറാക്കി. പ്രതിമാസം ലഭിക്കുന്ന അലവൻസിനു പുറമെയാണിത്. മുൻ സെക്രട്ടറി ജനറലുമാർ പ്രതിമാസം 70,000 ഡോളർ വരെ അലവൻസായി കൈപ്പറ്റിയിരുന്നു. യാത്രകൾക്കും മറ്റുമുള്ള ചെലവുകളും അലവൻസുകളും ഇതിനു പുറമയാണ്. 
നയതന്ത്ര അറ്റാഷെക്ക് 3600 ഡോളറും സെക്രട്ടറി ജനറലിന്റെ ഉപദേഷ്ടാവിന് 8500 ഡോളറും അസിസ്റ്റന്റ് സെക്രട്ടറി ജനറലിന് 11,000 ഡോളറും ഡെപ്യൂട്ടി സെക്രട്ടറി ജനറലിന് 14,000 ഡോളറും പ്രതിമാസം അലവൻസ് ലഭിക്കുന്നു. അറബ് ലീഗ് ജീവനക്കാർക്ക് വർഷത്തിന് മൂന്നു മാസത്തെ വേതനത്തിന് തുല്യമായ തുകക്കു പകരം ഒരു മാസത്തെ വേതനത്തിൽ സർവീസ് ആനുകൂല്യം പരിമിതപ്പെടുത്തണമെന്ന 2015 ലെ മന്ത്രിതല തീരുമാനം നടപ്പാക്കേണ്ടതുണ്ട്. നിലവിലെ നിയമത്തിന്റെ പശ്ചാത്തലത്തിൽ ചില ജീവനക്കാർ ആറു ലക്ഷം ഡോളറും അഞ്ചു ലക്ഷം ഡോളറും വീതം സർവീസ് ആനുകൂല്യമായി നേടിയിട്ടുണ്ട്. 
15 വർഷത്തിനിടെ അറബ് ലീഗിന്റെ പ്രവർത്തന ബജറ്റ് ആയി 150 കോടിയിലേറെ ഡോളർ ചെലവഴിച്ചിട്ടുണ്ട്. അറബ് ലീഗ് ബജറ്റിന്റെ 60 ശതമാനവും വേതനയിനത്തിലാണ് വിനിയോഗിക്കുന്നത്. അറബ് ലീഗിനു കീഴിൽ പ്രവർത്തിക്കുന്ന സംഘടനകളും വിദേശങ്ങളിലുള്ള മിഷനുകളും പുനഃസംഘടിപ്പിക്കുകയോ പിരിച്ചുവിടുകയോ ചെയ്യുന്ന കാര്യം പരിശോധിക്കണം. 
ഈജിപ്തിന്റെ ഭരണത്തിൽ മുസ്‌ലിം ബ്രദർഹുഡിന്റെ സാന്നിധ്യം ഞങ്ങൾക്ക് സുഖകരമായിരുന്നില്ല എന്നതിൽ സംശയമില്ലെന്ന് അഹ്മദ് ഖത്താൻ പറഞ്ഞു. ഇതിൽ ഞങ്ങൾക്ക് അസംതൃപ്തിയുണ്ടായിരുന്നു. എന്നാൽ ഈജിപ്തിൽ പ്രസിഡന്റിനെ അധികാര ഭ്രഷ്ടനാക്കാൻ ഇടപെടുക ദുഷ്‌കരമായിരുന്നു. ദൂരെ നിന്ന് കാര്യങ്ങൾ നിരീക്ഷിക്കുകയാണ് ഞങ്ങൾ ചെയ്തത്. ജൂൺ 30 ന് ഈജിപ്തിലുണ്ടായത് വിപ്ലവമാണെന്നും അട്ടിമറിയല്ലെന്നും യൂറോപ്യൻ രാജ്യങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ മുൻ വിദേശ മന്ത്രി സൗദ് അൽഫൈസൽ രാജകുമാരൻ വലിയ ശ്രമങ്ങൾ നടത്തി. ഈജിപ്തിനുള്ള സഹായം വിലക്കുമെന്ന് ഭീഷണി മുഴക്കിയവർക്ക്, ഇതിനു പകരം സൗദി അറേബ്യയും മറ്റു അറബ് രാജ്യങ്ങളും സഹായം നികത്തുമെന്ന് സൗദ് അൽഫൈസൽ രാജകുമാരൻ മറുപടി നൽകിയതായും അഹ്മദ് ഖത്താൻ വെളിപ്പെടുത്തി.
 

Tags

Latest News