Sorry, you need to enable JavaScript to visit this website.

യു.എസില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥി കാര്‍ മറിഞ്ഞ് മരിച്ച നിലയില്‍

ലോസാഞ്ചലസ്- ഒരാഴ്ച മുന്‍പ് ഫ്രീമോണ്ടില്‍ നിന്നു കാണാതായ കലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി ഒന്നാം വര്‍ഷ ഇന്ത്യന്‍ വിദ്യാര്‍ഥി അഥര്‍വിന്റെ (19) മൃതദേഹം കീഴ്‌മേല്‍ മറിഞ്ഞ കാറിനുള്ളില്‍ കണ്ടെത്തിയതായി കലിഫോര്‍ണിയ ഹൈവേ പെട്രോള്‍ അറിയിച്ചു. വീട്ടില്‍ നിന്ന് ഏതാനും മൈലുകള്‍ അകലെയാണു മൃതദേഹം കിടന്നിരുന്നത്.

കലവാറസ് ഹൈവേയില്‍ ആറടി താഴെ ചാരനിറത്തിലുള്ള ടൊയോട്ട കാര്‍ മറിഞ്ഞുകിടക്കുന്നതായി ഒരു സൈക്കിള്‍ യാത്രക്കാരന്‍ പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്നുളള അന്വേഷണത്തിലാണ് കാറിനുള്ളില്‍ അഥര്‍വിന്റെ മൃതദേഹം കണ്ടെത്തിയത്.സംഭവത്തെക്കുറിച്ചു പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ച വീട്ടില്‍ നിന്നും ഡോഗ് ഫുഡ് വാങ്ങാന്‍ പോയ അഥര്‍വിനെ പിന്നെ ആരും കണ്ടിരുന്നില്ല. സംഭവസ്ഥലത്ത്് അന്വേഷണം നടത്തിയ പോലീസിനു റോഡിലൂടെ കാര്‍ ഉരസിപോയതിന്റെയോ തെന്നിപോയതിന്റെയോ അടയാളങ്ങളൊന്നും കണ്ടെത്താനായില്ല. പോലീസ് അന്വേഷണം തുടരുകയാണ്.

 

Latest News