Sorry, you need to enable JavaScript to visit this website.

ആദ്യ യു.എ.ഇ അംബാസഡർ  ഇസ്രായിലിൽ ചുമതലയേറ്റു

യു.എ.ഇ അംബാസഡർ മുഹമ്മദ് അൽഖാജ ഇസ്രായിൽ വിദേശകാര്യ മന്ത്രി ഗാബി അഷ്‌കെനാസിക്കൊപ്പം.

അബുദാബി- ഇസ്രായിലുമായുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യു.എ.ഇയുടെ ആദ്യ അംബാസഡർ ജെറുസലേമിലെത്തി ചുമതലയേറ്റു. മുഹമ്മദ് അൽഖാജയാണ് യു.എ.ഇ അംബാസഡറായി ഇസ്രായിലിൽ എത്തിയത്. ഇസ്രായിൽ വിദേശകാര്യ മന്ത്രി ഗാബി അഷ്‌കെനാസിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. 
മുഹമ്മദ് അൽഖാജ തന്നെയാണ് ട്വിറ്ററിൽ ഈ വിവരങ്ങൾ പങ്കുവെച്ചത്. യു.എ.ഇ വിദേശകാര്യ മന്ത്രിയുടെ മുൻ സ്റ്റാഫ് അംഗമായിരുന്നു മുഹമ്മദ് അൽഖാജ. 
ബെൻ ഗുരിയോൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ മുഹമ്മദ് അൽഖാജയെ ഇന്നലെ രാവിലെ ഔദ്യോഗികമായി സ്വീകരിച്ചു. തുടക്കത്തിൽ മൂന്നു ദിവസത്തെ സന്ദർശനമാണ് ലക്ഷ്യം. 
ഇരു രാജ്യങ്ങൾക്കുമിടയിൽ പുതിയ അധ്യായം തുറക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു. സ്ഥാനപതി കാര്യാലയം എങ്ങനെ കൈകാര്യം ചെയ്യണം എന്നതു സംബന്ധിച്ചുള്ള ചർച്ചകൾക്കാണ് സന്ദർശനം. ഇരു രാജ്യങ്ങൾക്കുമിടയിൽ ബന്ധം ശക്തിപ്പെടുത്തുകയാണ് എന്റെ ലക്ഷ്യം. മിഡിൽ ഈസ്റ്റിൽ ഇതുവഴി സമാധാനവും ശാന്തിയും ഉണ്ടാകുമെന്ന് താൻ പ്രത്യാശിക്കുന്നു -മുഹമ്മദ് അൽഖാജ പറഞ്ഞു. ഇസ്രായിലിലെ ആദ്യ യു.എ.ഇ അംബാസഡർ ആയതിൽ തനിക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ സെപ്റ്റംബർ 15 നാണ് വാഷിങ്ടണിൽ വെച്ച് യു.എ.ഇയും ഇസ്രായിലും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് ധാരണയായത്. കഴിഞ്ഞ ജനുവരിയിൽ അബുദാബിയിൽ ഇസ്രായിൽ എംബസി ആരംഭിച്ചിരുന്നു. 
എന്നാൽ ഇസ്രായേലിൽ കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ എംബസി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ജോലികൾ വൈകുകയായിരുന്നു.
 

Tags

Latest News