Sorry, you need to enable JavaScript to visit this website.

ചൂട് കൂടി; കുടിവെള്ള ക്ഷാമം രൂക്ഷം 

തൃശൂർ - വേനൽ ചൂട് കനത്തതോടെ ജില്ലയിൽ പല ഭാഗത്തും കുടിവെള്ള ക്ഷാമം രൂക്ഷമായി. നഗര പ്രദേശങ്ങളിലും പഞ്ചായത്തുകളിലും കുടിവെള്ള പ്രശ്‌നം ഇപ്പോൾ തന്നെ രൂക്ഷമാണ്. വരും ദിവസങ്ങളിൽ വേനൽ കനക്കുന്നതോടെ കുടിവെള്ള ക്ഷാമം മുൻവർഷങ്ങളേക്കാൾ കഠിനമാകുമെന്നാണ് സൂചന. ടാങ്കർ ലോറികളിൽ വെള്ളം എത്തിച്ചാണ് പലയിടത്തും വെള്ള പ്രശ്‌നം പരിഹരിക്കുന്നത്. കുടിവെള്ള ക്ഷാമം പരിഹരിക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങളും നടപടികളെടുത്തു തുടങ്ങിയിട്ടുണ്ട്. ജലസ്രോതസുകൾ സംരക്ഷിക്കുന്നതടക്കമുള്ള നടപടികൾ കൈക്കൊണ്ടിരുന്നു എങ്കിലും അതികഠിനമായ വേനൽചൂട് എല്ലാം തകിടം മറിച്ചിരിക്കുകയാണ്.
അതേസമയം ചൂടിനെ പ്രതിരോധിക്കാൻ ശീതള പാനീയങ്ങൾക്ക് വൻ ഡിമാന്റായിക്കഴിഞ്ഞു. ശീതളപാനീയ കച്ചവടം കൂടിയതായി കച്ചവടക്കാർ പറയുന്നു. സോഡക്കും ആവശ്യക്കാർ ധാരാളമായി എത്തുന്നുണ്ടത്രെ. തണ്ണിമത്തൻ, കരിക്ക്, പനനൊങ്ക് എന്നിവക്കെല്ലാം ജില്ലയിലെമ്പാടും നല്ല ഡിമാന്റാണ്. തണ്ണിമത്തൻ കൊണ്ടും കരിക്കു കൊണ്ടും പനനൊങ്കു കൊണ്ടുമുള്ള ഷെയ്ക്കുകളും വിൽപനക്കുണ്ട്.


ഉപ്പു സോഡയും സർബത്തും പതിവു പോലെ ധാരാളം പേർ വാങ്ങുന്നുണ്ട്. തണുപ്പിച്ച സംഭാരത്തിനും ആവശ്യക്കാരുണ്ട്. പലയിടത്തും മുൻകാലങ്ങളിലെ പോലെ സൗജന്യ കുടിവെള്ള മൺഭരണികൾ സന്നദ്ധ സംഘടനകളും വ്യക്തികളും സ്ഥാപിച്ചിട്ടുണ്ട്.
ഐസ്‌ക്രീം പാർലറുകളിലും തിരക്കേറിയിട്ടുണ്ട്. കുപ്പിവെള്ള വിൽപനക്കാർക്കും ചൂടേറുന്നത് കച്ചവടം കൂട്ടുന്നുണ്ട്. റോഡരികിലെ ശീതള പാനീയ വിൽപനക്കാർക്കരികിലും പഴം ജ്യൂസുകൾ വിൽക്കുന്നവരുടെ അടുത്തും കരിമ്പിൻ ജ്യൂസ് വിൽപനക്കാരുടെ സമീപത്തുമൊക്കെ നല്ല തിരക്കാണ്, പകൽ സമയത്തും ഉച്ചവെയിൽ മൂക്കുമ്പോഴും അനുഭവപ്പെടുന്നത്. വണ്ടികളിൽ പോകുന്നവർ വണ്ടി നിർത്തി കൂട്ടത്തോടെ ഇറങ്ങി ദാഹം ശമിപ്പിക്കാൻ കൂട്ടംകൂടി നിൽക്കുന്ന കാഴ്ച വഴിയോരങ്ങളിൽ പതിവായിട്ടുണ്ട്. പലപ്പോഴും എല്ലാ കോവിഡ് സുരക്ഷ മാനദണ്ഡങ്ങളും അപ്പാടെ കാറ്റിൽ പറത്തിയാണ് ഈ കൂട്ടംകൂടി നിൽപ്പ്.


മാസ്‌ക് മുഖത്തു നിന്ന് മാറ്റിയാണ് ജ്യൂസു കുടിക്കാൻ എല്ലാവരും ഇറങ്ങുന്നത്. കഴിയുന്നതും ഒരാൾ മാത്രം വാഹനത്തിൽ നിന്ന് പുറത്തിറങ്ങി ജ്യൂസ് വാങ്ങി വാഹനത്തിലുള്ളവർക്ക് നൽകുന്നതാണ് ഉചിതമെന്നു ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. ഉള്ളു തണുപ്പിക്കുമ്പോഴും ജാഗ്രത കൈവിടാതിരിക്കാൻ ശ്രദ്ധിക്കണം എന്നവർ പറഞ്ഞു. ശീതളപാനീയ വിൽപന കേന്ദ്രങ്ങളിലെ ശുചിത്വം സംബന്ധിച്ചും കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടോ എന്നതിനെക്കുറിച്ചും ആരോഗ്യ വകുപ്പിന്റെ പരിശോധന വരും ദിവസങ്ങളിൽ ഉണ്ടാകും.

 

Latest News