Sorry, you need to enable JavaScript to visit this website.

ജഡ്ജിമാർ കൂട്ടത്തോടെ രാഷ്ട്രീയത്തിലേക്ക്: വി. ചിദംബരേഷും പി.എൻ. രവീന്ദ്രനും ബി.ജെ.പിയിൽ; കെമാൽപാഷ യു.ഡി.എഫിൽ

കെമാൽപാഷ

കൊച്ചി - ഉന്നത നീതിന്യായ പീഠത്തിൽ നിന്ന് വിരമിച്ചതിന് ശേഷം ജഡ്ജിമാർ രാഷ്ട്രീയലാവണം തേടിപ്പോകുന്നതായിരിക്കും ഈ തെരഞ്ഞെടുപ്പിലെ വേറിട്ട കാഴ്ച. 
ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണയോടെ യു.ഡി.എഫ് സഥാനാർഥിയായി മത്സരിക്കാൻ സ്വമേധയാ രംഗത്തുവന്ന ബി. കെമാൽപാഷക്ക് പിന്നാലെ ജസ്റ്റിസ് വി. ചിദംബരേഷും ജസ്റ്റിസ് പി.എൻ. രവീന്ദ്രനും ബി.ജെ.പിയിൽ ചേർന്നു. കളമശ്ശേരിയിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കാനുള്ള താൽപര്യം ബി. കെമാൽപാഷ പരസ്യമായി പ്രഖ്യാപിച്ചെങ്കിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രക്ക് തൃപ്പൂണിത്തുറയിൽ ഒരുക്കിയ സ്വീകരണ സമ്മേളനത്തിൽ വെച്ചാണ് ജസ്റ്റിസ് ചിദംബരേഷും ജസ്റ്റിസ് രവീന്ദ്രനും ബി.ജെ.പിയിൽ ചേർന്നത്. 
ജഡ്ജിമാരായിരിക്കുമ്പോൾ തന്നെ ചില നിലപാടുകളുടെ പേൽ വിവാദപുരുഷൻമാരായവരാണ് മൂന്നു പേരും. ജസ്റ്റിസ് കെമാൽപാഷ തനിക്കിഷ്ടമില്ലാത്തവർക്കെതിരെ കോടതി മുറിക്കകത്തും പുറത്തും കടുത്ത പരാമർശങ്ങൾ നടത്താൻ മടി കാണിക്കാതിരുന്ന ആളാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് ഒരുപോലെ ആരാധകരും എതിരാളികളും ഉണ്ടായി. രവീന്ദ്രനെതിരെ കെമാൽപാഷ നടത്തിയ പരാമർശങ്ങളും അതിന് മറുപടിയായി പി.എൻ. രവീന്ദ്രൻ നടത്തിയ അൽപൻ പ്രയോഗവും ഹൈക്കോടതിയിൽ വൻ വിവാദമായിരുന്നു. കോടതി അലക്ഷ്യകേസിലേക്ക് വരെ അത് നീണ്ടു. ജസ്റ്റിസ് ചിദംബരേഷ് ജാതി സംവരണം നിർത്തലാക്കി സാമ്പത്തിക സംവരണം നടപ്പിലാക്കാൻ ബ്രാഹ്മണർ പ്രതിഷേധവുമായി രംഗത്തുവരണമെന്ന് പരസ്യമായി ആഹ്വാനം ചെയ്ത് രണ്ടു വർഷം മുമ്പ് വിവാദം സൃഷ്ടിച്ച ജഡ്ജിയാണ്. ബി.ജെ.പി സഹയാത്രികനായ അദ്ദേഹം എന്നും ഹിന്ദു സംഘടനാ വേദികളിൽ സജീവ സാന്നിധ്യമായിരുന്നു.  
ഇടത്, വലത് അനുഭാവികളായ നിരവധി ജഡ്ജിമാർ കേരള ഹൈക്കോടതിയിലുണ്ടായിട്ടുണ്ടെങ്കിലും അത്യപൂർവം ന്യായാധിപൻമാർ മാത്രമാണ് രാഷ്ട്രീയത്തിൽ ഇറങ്ങാൻ ധൈര്യം കാണിച്ചിട്ടുള്ളത്. ജസ്റ്റിസ് വി.ആർ കൃഷ്ണയ്യർ മുതൽ ജസ്റ്റിസ് സുബ്രഹ്മണ്യൻ പോറ്റി വരെയുള്ളവരെ രാഷ്ട്രീയത്തിലിറക്കിയ ഇടതുപക്ഷത്തിനാണ് ഇക്കാര്യത്തിൽ മേൽക്കൈയുണ്ടായിരുന്നതെങ്കിൽ ബി.ജെ.പിയിൽ രണ്ടു റിട്ട. ജഡ്ജിമാർ ഒരുമിച്ച് ചേർന്നതോടെ ചരിത്രം വഴിമാറുകയാണ്. 

 

Latest News