Sorry, you need to enable JavaScript to visit this website.

രോഹിതിന് കരിയര്‍ ബെസ്റ്റ്, അശ്വിന്‍ മൂന്നാം റാങ്ക്

മുംബൈ- ഐ.സി.സി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ആറ് സ്ഥാനം മുന്നേറി രോഹിത് ശര്‍മ. ആദ്യ പത്തില്‍ ഇടം പിടിച്ച ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കരിയറിലെ ഏറ്റവും മികച്ച എട്ടാം സ്ഥാനത്തെത്തി. നിലവില്‍ വിരാട് കോഹ്‌ലി കഴിഞ്ഞാല്‍ ഐ.സി.സി ബാറ്റിംഗ് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യന്‍ ബാറ്റ്‌സ്മാനാണ് രോഹിത് ശര്‍മ. ലോക റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്താണ് വിരാട്.
ഇംഗ്ലണ്ടിനെതിരെ നടന്നു വരുന്ന ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് ഹിറ്റ്മാന്റെ റാങ്കിംഗ് ഉയര്‍ത്തിയത്. ചെന്നൈയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ 161 റണ്‍സണടിച്ച രോഹിത് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. 
അഹമ്മദാബാദില്‍ നടന്ന ഡേ നൈറ്റ് മൂന്നാം ടെസ്റ്റിലും രോഹിത് പ്രകടനം ആവര്‍ത്തിച്ചു. രണ്ട് ദിവസത്തില്‍ അവസാനിച്ച, ബാറ്റിംഗ് അതീവ ദുഷ്‌കരമായ മൊട്ടേരയിലെ പിച്ചില്‍ സ്പന്‍ ബൗളിംഗിനെ അതിജീവിച്ച് രോഹിത് നേടിയ 61 റണ്‍സ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി.
രോഹിത് മുന്നേറിയപ്പോള്‍ ചേതേശ്വര്‍ പൂജാര രണ്ട് സ്ഥാനം താഴ്ന്ന് പത്താമതായി. ന്യൂസിലാന്റ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ തന്നെയാണ് ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാമത്. ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്, മര്‍നസ് ലാബുഷെയ്ന്‍, ഇംഗ്ലണ്ടിന്റെ ജോ റൂട്ട് എന്നിവരാണ് രണ്ട് മുതല്‍ നാല് വരെ സ്ഥാനങ്ങളില്‍.
ബൗളിംഗില്‍ കരിയറിലെ മികച്ച കയറ്റത്തിലൂടെ ആര്‍. അശ്വിന്‍ മൂന്നാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടിനെതിരായ മികച്ച പ്രകടനം തന്നെയാണ് അശ്വിനെയും നാല് സ്ഥാനം മുന്നേറാന്‍ സഹായിച്ചത്. ആദ്യ മൂന്ന് റാങ്കിലുള്ള ബൗളര്‍മാരില്‍ ഏക സ്പിന്നറാണ് അശ്വിന്‍. ആദ്യ പത്ത് സ്ഥാനങ്ങളിലും അശ്വിനല്ലാതെ മറ്റൊരു സ്പിന്നറില്ല.
രണ്ട് ടെസ്റ്റ് മാത്രം കളിച്ച അക്‌സര്‍ പട്ടേലും വലിയ നേട്ടമുണ്ടാക്കി. 30 സ്ഥാനം മുന്നേറിയ അക്‌സര്‍ നിലവില്‍ 38-ാമതാണ്. പാറ്റ് കമ്മിന്‍സും നീല്‍ വാഗ്നറുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ജസ്പ്രീത് ബുംറ ഒമ്പതാം സ്ഥാനത്താണ്.
 

Latest News