Sorry, you need to enable JavaScript to visit this website.

പ്രതിഷേധത്തെ ഭരണകൂടങ്ങള്‍ ഭയക്കുന്നു; പോരാട്ടത്തില്‍നിന്ന് പിന്മാറില്ല- നൊദീപ് കൗർ

ന്യൂദൽഹി- പ്രതിഷേധങ്ങൾ ഭരണകൂടത്തെ ഭയപ്പെടുത്തുന്നുവെന്നതിന്‍റെ തെളിവാണ് അന്യായമായ അറസ്റ്റുകളെന്ന് ഒന്നരമാസത്തെ ജയിൽവാസത്തിനു ശേഷം ജാമ്യത്തിലിറങ്ങിയ ദളിത് തൊഴിലാളി നേതാവ് നൊദീപ് കൗർ.

പ്രതിഷേധമുയർത്തുന്നവരെയെല്ലാം കരിനിയമങ്ങൾ വഴി  ജയിലിലടക്കുകയാണെന്ന് അവർ പറഞ്ഞു. ഭരണകൂടത്തിന്‍റെ അടിച്ചമർത്തലിനെതിരെ പ്രതിഷേധിക്കാൻ 37 സംഘടനകൾ ചേർന്ന് ദൽഹിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു നൊദീപ് കൗർ.

ജാമ്യം ലഭിച്ചെന്ന് കരുതി പോരാട്ടം അവസാനിച്ചിട്ടില്ല. നമ്മുടെ ആവശ്യങ്ങൾ ഇപ്പോഴും ബാക്കിയാണ്. ദളിത് തൊഴിലാളികൾ ഇപ്പോഴും വിശപ്പോടെ ഉറങ്ങുകയാണ്. തൊഴിലാളികൾ പ്രതിഷേധിക്കുന്നതോ ന്യായമായ കൂലി ആവശ്യപ്പെടുന്നതോ ഒരിക്കലും നിയമലംഘനമല്ല - കൗർ പറഞ്ഞു.

ജയിലിൽ വെച്ച് നിരന്തരം ബലാത്സംഗത്തിനിരയായതായി തടവുകാരായ സ്ത്രീകൾ തന്നോട് പറഞ്ഞതായി പോലീസ് പീഡനത്തിരയായ നൊദീപ് കൗർ പറഞ്ഞു.

ദൽഹിയിലെ കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട്​ തുടരുന്ന കർഷക പ്രക്ഷോഭത്തിന്​ ഐക്യദാർഢ്യം പ്രഖ്യാപിച്ചതിനെ തുടർന്നാണ് കള്ളക്കേസില്‍ കുടുക്കി നൊദീപിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ആളുകളെ ഭീഷണിപ്പെടുത്തി പണം ഈടാക്കാന്‍ ശ്രമിച്ചുവെന്നും കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നുമായിരുന്നു ആരോപണങ്ങള്‍.

 ജനുവരി 12നാണ് സിംഘു അതിർത്തിയിൽ വെച്ച്  അറസ്റ്റ് ചെയ്യപ്പെട്ടത്. ഫെബ്രുവരി 26നാണ് പഞ്ചാബ്​, ഹരിയാന ഹൈകോടതി ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷക്കുപുറമെ, കള്ളക്കേസിനെ കുറിച്ച് ജഡ്ജിക്ക് ലഭിച്ച ഇ-മെയിലും പരിഗണിച്ചിരുന്നു.

Latest News