Sorry, you need to enable JavaScript to visit this website.

കർഷകർക്കെതിരെ സർക്കാർ എന്തിനോ ഒരുങ്ങുന്നു; നിശബ്ദത ചൂണ്ടിക്കാട്ടി ടിക്കായത്ത്

ബിജ്‌നോർ- പ്രക്ഷോഭ രംഗത്തുള്ള കർഷകർക്കെതിരെ കേന്ദ്ര സർക്കാർ നടപടികള്‍ക്ക് ഒരുങ്ങുന്നുവെന്നാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സർക്കാർ തുടരുന്ന മൗനം സൂചിപ്പിക്കുന്നതെന്ന് ഭാരതീയ കിസാന്‍ യൂനിയന്‍-ബി‌കെ‌യു നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.

പുതുതായി നടപ്പാക്കിയ കാർഷിക നിയമങ്ങളെച്ചൊല്ലിയുള്ള കർഷകരുടെ പ്രക്ഷോഭത്തിനെതിരെ സർക്കാർ ചില നടപടികൾ ആസൂത്രണം ചെയ്യുകയാണെന്ന് വേണം കരുതാന്‍.  പ്രതിഷേധിക്കുന്ന കർഷകരുമായി ചർച്ച പുനരാരംഭിക്കാൻ സർക്കാരാണ് മുന്നോട്ടു വരേണ്ടത്.

ഉത്തരാഖണ്ഡിലെ ഉദം സിംഗ് നഗറിലേക്ക് പുറപ്പെടുന്നതിന് മുമ്പ്  ബിജ്‌നോറിലെ അഫ്‌സൽഗഢിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “കഴിഞ്ഞ 15-20 ദിവസമായി സർക്കാരിന്‍റെ ഭാഗത്തുള്ള നിശബ്ദത എന്തോ സംഭവിക്കുമെന്നാണ് സൂചിപ്പിക്കുന്നത്.  പ്രക്ഷോഭത്തിനെതിരായ നടപടികളാണ് സർക്കാർ ആസൂത്രണം ചെയ്യുന്നത്.
തങ്ങളുന്നയിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതുവരെ കർഷകർ പിന്നോട്ട് പോകില്ലെന്ന് ടിക്കായത്ത് ആവർത്തിച്ചു.
ഒരേ സമയം വിളയും പ്രക്ഷോഭവും മുന്നോട്ടു കൊണ്ടുപോകാന്‍ കർഷകരും തയാറാണ്.   സമയമാകുമ്പോൾ സർക്കാർ ചർച്ചകൾ നടത്തട്ടെ- അദ്ദേഹം പറഞ്ഞു.
മാർച്ച് 24 വരെ രാജ്യത്തെ പല സ്ഥലങ്ങളിലും കർഷകരുടെ മഹാപഞ്ചായത്തുകൾ നടക്കുമെന്നും ടിക്കായത്ത് പറഞ്ഞു. ദല്‍ഹിയിൽ റിപ്പബ്ലിക് ദിനത്തിൽ നടന്ന ട്രാക്ടർ പരേഡിനിടെ നടന്ന അക്രമത്തെക്കുറിച്ച് ചോദിച്ചപ്പോൾ സർക്കാരാണ് കുഴപ്പമുണ്ടാക്കിയതെന്ന് അദ്ദേഹം ആരോപിച്ചു.

Latest News