Sorry, you need to enable JavaScript to visit this website.

തമിഴ്നാട് ലോക്ഡൗൺ നീട്ടി; വാക്സിനേഷനോട് തണുത്ത പ്രതികരണം

ചെന്നൈ- തമിഴ്നാട് സർക്കാർ ലോക്ഡൗൺ കാലയളവ് നീട്ടി ഉത്തരവ് പുറപ്പെടുവിച്ചു. മാർച്ച് 31 വരെയാണ് സംസ്ഥാനത്ത് ലോക്ഡൗൺ. ജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്നത് ജില്ലാ ഭരണാധികാരികൾ കർശനമായി നിരീക്ഷിക്കുകയും നടപടിയെടുക്കുകയും വേണമെന്ന് സർക്കാർ ഉത്തരവിലൂടെ ആവശ്യപ്പെട്ടു.

അതേസമയം കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടുള്ള മാനദണ്ഡങ്ങളല്ലാതെ മറ്റ് കാർക്കശ്യങ്ങളൊന്നും ഉത്തരവിലില്ല. കോവിഡ് രോഗവ്യാപനം അതിരൂക്ഷമായി ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്നാട്. 12,493 പേരാണ് ഇവിടെ മരിച്ചത്. കഴിഞ്ഞദിവസം 486 കോവിഡ് കേസുകൾ മാത്രമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അഞ്ചു പേർ മരിച്ചു.

അതിനിടെ രാജ്യത്ത് കോവിർഡ് വാക്സിനേഷന്റെ രണ്ടാംഘട്ടം തുടങ്ങിയിരിക്കുകയാണ്. 60 വയസ്സിനു മുകളിൽ പ്രായമുള്ളവരെയാണ് ഈ വാക്സിനേഷൻ ലക്ഷ്യം വെക്കുന്നത്. ചില രോഗാവസ്ഥകളുള്ളവർക്കും വാക്സിനേഷൻ ലഭിക്കും. തമിഴ്നാട്ടിൽ ശനിയാഴ്ച മാത്രം 12,709 പേർക്ക് വാക്സിനേഷൻ നൽകി. മുൻനിര പ്രവർത്തകർക്കാണ് വാക്സിനേഷൻ നൽകുന്നത്. 5,354 പേർ വാക്സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിക്കുകയും ചെയ്തു.

സംസ്ഥാനത്ത് 65088 പേരെ ദിവസവും വാക്സിനേറ്റ് ചെയ്യാനുള്ള സൌകര്യമുണ്ട് നിലവിൽ. എന്നാൽ വാക്സിനേഷനോട് വളരെ തണുത്ത പ്രതികരണമാണ് ലഭിക്കുന്നത്. ശനിയാഴ്ച ആകെ ശേഷിയുടെ 19.5% മാത്രം വാക്സിനേഷനാണ് നടന്നത്.

കോവിഡ് രോഗവ്യാപനം അവസാനിച്ചെന്ന ധാരണയിൽ പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കാതെ പുറത്തിറങ്ങുന്നവരുടെ എണ്ണം കൂടുതലാണ് ഇതര സംസ്ഥാനങ്ങളിൽ. ഇത് ഒരു മൂന്നാം തരംഗത്തിന് വഴി വെച്ചേക്കുമെന്ന ആശങ്കയും വളർത്തുന്നുണ്ട്. പ്രതിസന്ധി അവസാനിച്ചതായി കരുതരുതെന്ന് കൌൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഡയറക്ടർ ജനറൽ ശേഖർ സി മാണ്ഡെ പറയുന്നു. രോഗവ്യാപനം അവസാനിച്ചെന്നു കരുതിയുള്ള പെരുമാറ്റം ഒരു മൂന്നാം രോഗതരംഗത്തിന് വഴിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇനിയൊരു രോഗവ്യാപന തരംഗം കൂടിയുണ്ടാകുന്നത് കടുത്ത അനന്തരഫലങ്ങളിലേക്ക് സമൂഹത്തെ നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest News