Sorry, you need to enable JavaScript to visit this website.

ദമാം എസ്.ഐ.സി ഹിമ്മത് പദ്ധതി: രണ്ടാംഘട്ട രജിസ്‌ട്രേഷൻ തുടങ്ങി

ദമാം- സിവിൽ സർവീസ് പോലുള്ള ഉന്നത വിദ്യാഭ്യാസ മേഖലകളിലേക്ക് പ്രവാസ ലോകത്ത് നിന്നുള്ള വിദ്യാർഥികളെ കൂടി എത്തിക്കാനും, ഭാവി ജീവിതം സുരക്ഷിതമാക്കാനും സമസ്ത ഇസ്‌ലാമിക് സെന്റർ (എസ്.ഐ.സി)
ദമാം സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പദ്ധതി ആവിഷ്‌കരിച്ചു. 
ഹയർ എജുക്കേഷൻ മൂവ്‌മെന്റ് ഫോർ മോട്ടിവേഷൻ ആന്റ് ആക്റ്റിവിറ്റീസ് ബൈ ട്രെൻഡ് (ഹിമ്മത്) വിദ്യ ശാക്തീകരണ എന്ന പേരിലുള്ള പദ്ധതിയുടെ കീഴിലുള്ള ട്രെയിനിംഗ് പ്രോഗ്രാമിലെ രണ്ടാം ബാച്ചിലേക്കുള്ള രജിസ്‌ട്രേഷന് കഴിഞ്ഞ ദിവസം തുടക്കമായി. റിസാലിന് രജിസ്‌ട്രേഷൻ ഫോം നൽകി എസ്.ഐ.സി ഈസ്റ്റേൺ പ്രോവിൻസ് ജനറൽ സെക്രട്ടറി മാഹിൻ വിഴിഞ്ഞം പദ്ധതി ഉദ്ഘാടനം ചെയ്തു.
എസ്.ഐ.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സവാദ് ഫൈസി വർക്കല അധ്യക്ഷനായി. ഹിമ്മത് ചെയർമാൻ അബ്ദുറഹ്മാൻ പൂനൂർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഫാറൂഖ് കോളേജ് പൂർവ വിദ്യാർഥി അസോസിയേഷൻ പ്രസിഡന്റ് അബ്ദുൽ ഹമീദ് കൊണ്ടോട്ടി മുഖ്യപ്രഭാഷണം നടത്തി. മാറിവരുന്ന ലോക ക്രമങ്ങളെ അതിജയിക്കാൻ തലമുറയെ പ്രാപ്തരാക്കൻ വിദ്യാ ശാക്തീകരണവും അനുബന്ധ പ്രവർത്തനങ്ങളും മുഖ്യ അജണ്ടയായി കണ്ടു കർമ പദ്ധതികൾ ആവിഷ്‌കരിച്ച് ഭാവിയെ ഉജ്ജീവിപ്പിക്കുകയാണ് സാമൂഹിക പ്രതിബദ്ധതയുള്ള കൂട്ടായ്മകളുടെ ദൗത്യം. ഹിമ്മത്ത് പോലുള്ള പദ്ധതികൾക്ക് മികച്ച പിന്തുണയും സഹകരണവും നൽകി പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം ഉണർത്തി.
പദ്ധതിയുടെ രൂപവും ഭാവവും വിശദീകരിക്കുന്ന ബ്രൗഷർ എസ്.ഐ.സി ദമാം  സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി മൻസൂർ ഹുദവി പ്രകാശനം ചെയ്തു. 
മുനീർ കൊടുവള്ളി ബ്രോഷർ ഏറ്റുവാങ്ങി. പ്രോഗ്രാമിന്റെ ഭാഗമായുള്ള പോസ്റ്റർ പ്രകാശനം  ഉമർ, ഹാരിസ് കാസർകോടിനു നൽകി നിർവഹിച്ചു. സക്കരിയ ഫൈസി പന്തല്ലുർ  അനുഗ്രഹ ഭാഷണം നടത്തി.
അശ്‌റഫ് അശ്‌റഫി കരിമ്പ, ബാസിത് പട്ടാമ്പി, നാസർ വയനാട്, സുബൈർ നാദാപുരം എന്നിവർ മുഖ്യാതിഥികളായി. എസ്.ഐ.സി എഡ്യു വിംഗ് ചെയർമാൻ മുജീബ് കൊളത്തൂർ സ്വാഗതവും കൺവീനർ മൊയ്തീൻ പട്ടാമ്പി നന്ദിയും പറഞ്ഞു. 
ഒരു വർഷം നീണ്ടു നിൽക്കുന്ന രണ്ടാം ബാച്ച് പഠന പരിശീലന പരിപാടികൾ ഏപ്രിൽ  ആദ്യവാരത്തിൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
 

Tags

Latest News