Sorry, you need to enable JavaScript to visit this website.

ബിനാമി ബിസിനസ്: നിയമലംഘകർക്ക് പദവി ശരിയാക്കാൻ ആറ് മാസം സാവകാശം

ശിക്ഷാനടപടി ഒഴിവാക്കാൻ ഓഗസ്റ്റ് 23 വരെ അവസരം

റിയാദ്- ബിനാമി ബിസിനസ് നിയമലംഘകർക്ക് ശിക്ഷാനടപടികൾ ഒഴിവാക്കാൻ ഇന്നലെ മുതൽ ആറ് മാസം വരെ ഇളവ് പ്രഖ്യാപിച്ച് വാണിജ്യ മന്ത്രാലയം. പരിഷ്‌കരിച്ച ആന്റി ബിനാമി ബിസിനസ് പ്രോഗ്രാമിന്റെ ഭാഗമായി ബിനാമി സ്ഥാപനങ്ങൾക്ക് പദവി ശരിയാക്കാൻ അനുവദിച്ച കാലാവധി ഓഗസ്റ്റ് 23 ന് അവസാനിക്കും. ഈ ആനുകൂല്യത്തിനായി വാണിജ്യ മന്ത്രാലയം വെബ്‌സൈറ്റിലൂടെ അപേക്ഷ നൽകുന്ന സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ മേൽ കാലയളവിൽ ശിക്ഷാനടപടികളിൽനിന്ന് ഒഴിവാകാൻ സാധിക്കും. ഇൻകം ടാക്‌സ് ശരിയാംവിധം അടക്കാതിരുന്ന സ്ഥാപന ഉടമകൾക്കും ഈ സമയപരിധിയിൽ നിയമനടപടി ഒഴിവാക്കാൻ മന്ത്രാലയം അവസരം നൽകിയിട്ടുണ്ട്. 

ബിനാമി ബിസിനസ് നിയമലംഘന കേസുകൾ ഒഴിവാക്കി പദവി ശരിയാക്കുന്നത് നിരവധി ഓപ്ഷനുകൾ സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. സൗദി പൗരന്മാർക്ക് തങ്ങളുടെ പേരിൽ വിദേശികൾ നടത്തുന്ന സ്ഥാപനം വിൽപ്പന നടത്തൽ, കൈമാറ്റം ചെയ്യൽ, ഒഴിവാക്കൽ എന്നീ ഓപ്ഷനുകളിൽ ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കാം. കൂടാതെ തന്റെ ബിസിനസ് പങ്കാളിയായ വിദേശി, നിക്ഷേപക ലൈസൻസ് നേടിയിട്ടുണ്ടെന്നോ പ്രിവലേജ് ഇഖാമ നേടിയിട്ടുണ്ടെന്നോ ബോധിപ്പിച്ച് ഇയാളുടെ പേരിലേക്ക് സ്ഥാപനം കൈമാറുന്നതിനും പോർട്ടലിൽ സൗകര്യമുണ്ട്. വിദേശികൾക്ക് പ്രിവിലേജ് കാർഡിനോ നിക്ഷേപക ലൈസൻസിന് അപേക്ഷ നൽകി സ്ഥാപനം തുടർന്നും നടത്താൻ പദ്ധതി അവസരം ലഭ്യമാക്കും. കൂടാതെ, ബിനാമി സ്ഥാപനം നിർത്തലാക്കി ഫൈനൽ എക്‌സിറ്റ് വിസക്ക് അപേക്ഷിക്കാനും മന്ത്രാലയ വെബ്‌സൈറ്റിലൂടെ വിദേശികൾക്ക് സാധിക്കും.

ദേശീയ സാമ്പത്തികവ്യവസ്ഥക്ക് വലിയതോതിൽ ദോഷം ചെയ്യുന്ന ബിനാമി ബിസിനസ് പ്രവണത അവസാനിപ്പിക്കുന്നതിന് വിവിധ ഗവൺമെന്റ് വകുപ്പുകൾ സംയുക്തമായാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. വ്യവസ്ഥാപിതമായ മാർഗത്തിൽ നിക്ഷേപം നടത്താൻ സൗദിയിലെ വിദേശ വ്യാപാരികൾ തയാറാകണമെന്ന് വാണിജ്യ മന്ത്രാലയം അഭ്യർഥിച്ചു. പദവി ശരിയാക്കുന്നതിന് നിശ്ചയിച്ച കാലാവധി അവസാനിച്ചിട്ടും കുറ്റം ആവർത്തിക്കുന്ന പക്ഷം ശക്തമായ നടപടികൾ നേരിടേണ്ടിവരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. 

Tags

Latest News