Sorry, you need to enable JavaScript to visit this website.

പ്രോട്ടോക്കോൾ ലംഘനം; തായിഫിൽ വിനോദകേന്ദ്രം അടപ്പിച്ചു

തായിഫ് അൽഹദായിലെ റെസിഡൻഷ്യൽ വിനോദകേന്ദ്രം ബലദിയ്യ ഉദ്യോഗസ്ഥർ അടച്ച് സീൽ ചെയ്യുന്നു.

തായിഫ്- കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നിശ്കർഷിച്ച പ്രോട്ടോക്കോൾ ലംഘനം കണ്ടെത്തിയതിനെ തുടർന്ന് റെസിഡൻഷ്യൽ വിനോദകേന്ദ്രം അൽഹദാ ബലദിയ്യ അടപ്പിച്ചു.
മേഖലയിൽ വാണിജ്യഷോപ്പുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും സലൂണുകളും തുടങ്ങി 60 ഓളം സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയെ തുടർന്നാണ് നടപടി. 
വിനോദകേന്ദ്രത്തിൽ ആരോഗ്യ സുരക്ഷാമുൻകരുതൽ നടപടികൾ സ്വീകരിച്ചില്ലെന്നും സുരക്ഷിത അകലം മാർക്ക് ചെയ്തില്ലെന്നും പരിശോധനയിൽ കണ്ടെത്തി. കൂടാതെ സന്ദർശകർ സാമൂഹിക അകലം പാലിക്കുന്നില്ലെന്നും ബോധ്യമായി. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് സ്ഥാപനം അടപ്പിച്ചതെന്ന് അധികൃതർ വെളിപ്പെടുത്തി.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കണ്ട് 21 സ്ഥാപനങ്ങൾക്കെതിരെ ബലദിയ്യ ഉദ്യോഗസ്ഥർ പിഴ ചുമത്തിയിട്ടുമുണ്ട്. രോഗവ്യാപനം പരമാവധി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, ക്രമക്കേട് കണ്ടുപിടിച്ചാലുടൻ സ്ഥാപനങ്ങൾ അടപ്പിക്കുമെന്ന് തായിഫ് നഗരസഭ മുന്നറിയിപ്പ് നൽകി. 
ചില സ്ഥാപനങ്ങളിൽ ശുചിത്വമില്ലായ്മ, കാലാവധി അവസാനിച്ച ഉൽപന്നങ്ങൾ ഉപയോഗിക്കുക, മെഡിക്കൽ സർട്ടിഫിക്കറ്റ് പുതുക്കാതിരിക്കൽ തുടങ്ങി ക്രമക്കേടുകളും പരിശോധനയിൽ കണ്ടെത്തിയതായി അൽഹദാ ബലദിയ്യ അധികൃതർ നിരീക്ഷിച്ചു.  

Tags

Latest News