Sorry, you need to enable JavaScript to visit this website.

ഖശോഗി വധം: സി.ഐ.എ റിപ്പോർട്ട് തീർത്തും അസ്വീകാര്യം -ശൂറാ കൗൺസിൽ

ഡോ. അബ്ദുല്ല ആലുശൈഖ് 

റിയാദ്- സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖശോഗിയുടെ വധവുമായി ബന്ധപ്പെട്ട് സി.ഐ.എ അമേരിക്കൻ കോൺഗ്രസിന് സമർപ്പിച്ച റിപ്പോർട്ട് തീർത്തും അസ്വീകാര്യമാണെന്ന് ശൂറാ കൗൺസിൽ പ്രസിഡന്റ് ഡോ. അബ്ദുല്ല ബിൻ മുഹമ്മദ് ആലുശൈഖ് പ്രസ്താവിച്ചു. സൗദി ഭരണ നേതൃത്വവുമായി ബന്ധപ്പെട്ട റിപ്പോർട്ടിലെ നിഗമനങ്ങൾ അപഖ്യാതി വരുത്തുന്നതാണ്. ഇതൊരിക്കലും അംഗീകരിക്കാൻ സാധിക്കില്ല. താനും ശൂറാ കൗൺസിലും ശൂറാ അംഗങ്ങളും ഈ റിപ്പോർട്ടിനെ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
സൗദി ഭരണാധികാരികൾക്കെതിരായ ദുരാരോപണം, രാജ്യത്തിന്റെ പരമാധികാരത്തിൽ ഏതെങ്കിലും വിധേനയുള്ള കൈക്കടത്തൽ എന്നിവ സൗദി ജനതയും ഒരിക്കലും വകവെച്ചുതരില്ല.
ഖശോഗി വധം നിഷ്ഠൂരമായ കുറ്റകൃത്യമാണെന്നും ഇത് രാജ്യത്തെ നിയമങ്ങളുടെയും മൂല്യങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും ബന്ധപ്പെട്ട വകുപ്പുകൾ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ നിയമങ്ങളും, തങ്ങൾ ജോലി ചെയ്യുന്ന വകുപ്പുകളുടെ അധികാരങ്ങളും ലംഘിച്ച് ഒരു കൂട്ടം വ്യക്തികളാണ് ഈ കുറ്റകൃത്യം ചെയ്തത്. ഈ വ്യക്തികൾക്കെതിരെ ശരിയായ രീതിയിൽ അന്വേഷണം നടത്താനും അവരെ നീതിപീഠനത്തിനു മുന്നിൽ ഹാജരാക്കാനും സൗദി അറേബ്യയിലെ നിയമവ്യവസ്ഥക്കുള്ളിൽ സാധ്യമായ എല്ലാ നടപടികളും അധികൃതർ സ്വീകരിച്ചിട്ടുണ്ട്. ഇവരെ സൗദി കോടതികൾ ശിക്ഷിച്ചിട്ടുണ്ട്. ഇത്തരം ഒരു ദുരന്തം ഇനി ഒരിക്കലും ആവർത്തിക്കാതിരിക്കാൻ ഭരണാധികാരികൾ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുമുണ്ട്. ഇതിലെല്ലാം ഉപരി, ജമാൽ ഖശോഗിയുടെ കുടുംബം ഈ ശിക്ഷാ വിധികളെ സ്വാഗതം ചെയ്തിട്ടുമുണ്ട്. 
സംസ്ഥാപിതമായ കാലം മുതൽ ഇന്നുവരെ, മനുഷ്യാവകാശം സംരക്ഷിക്കുന്നതിന് ഏറ്റവും മികച്ച മാതൃക സൃഷ്ടിച്ച രാജ്യമാണ് സൗദി അറേബ്യ. ഗൾഫ് മേഖലയിലും ലോകത്ത് തന്നെയും മനുഷ്യത്വത്തിന് മൂല്യം കൽപിക്കുന്നതിനും നീതി നടപ്പിലാക്കുന്നതിനും സൗദി അങ്ങേയറ്റം പരിശ്രമിച്ചിട്ടുണ്ട്. മാനവികത സംരക്ഷിക്കാൻ വാക്കിൽ അല്ല, പ്രവർത്തനം കൊണ്ടാണ് സൗദി അറേബ്യ മാതൃക കാണിച്ചത്. ഭീകരതക്കും തീവ്രവാദത്തിനും വിദ്വേഷ പ്രചാരണത്തിനും എതിരെ കർക്കശമായ നിലപാടാണ് ഇക്കാലമത്രയും രാജ്യം സ്വീകരിച്ചത്. 
അമേരിക്കൻ കോൺഗ്രസിന് സമർപ്പിച്ച റിപ്പോർട്ടിനെ കുറിച്ച് സൗദി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയെ ശൂറാ കൗൺസിൽ പൂർണമായും പിന്താങ്ങുന്നതായും ഡോ. അബ്ദുല്ല ആലുശൈഖ് വ്യക്തമാക്കി. സൗദി അറേബ്യക്കെതിരായ മോശം പരാമർശങ്ങളെ തള്ളിപ്പറയാൻ ലോകരാജ്യങ്ങളിലെ പാർലമെന്റുകളും കൗൺസിലുകളും കൂട്ടായ്മകളും രംഗത്തുവരണമെന്നും ശൂറാ കൗൺസിൽ പ്രസിഡന്റ് അഭ്യർഥിച്ചു.
2018 ഒക്‌ടോബർ രണ്ടിന് തുർക്കിഷ് നഗരമായ ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ വെച്ചാണ് ജമാൽ ഖശോഗി കൊല്ലപ്പെട്ടത്. വിവാഹ മോചനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് കോൺസുലേറ്റിൽ എത്തിയപ്പോഴാണ് ഖശോഗിയെ ശത്രുക്കൾ വധിച്ചത്.
അതേസമയം, ഖശോഗി വധത്തെ കുറിച്ച് സി.ഐ.എ തയാറാക്കിയ റിപ്പോർട്ട് തള്ളിക്കളയുന്നതായി സൗദി ഉന്നതപണ്ഡിതസഭയും വ്യക്തമാക്കി. നിഷേധാത്മകവും തെറ്റായ നിഗമനങ്ങളും അടങ്ങിയതാണ് റിപ്പോർട്ട്. വ്യക്തമായ തെളിവിന്റെയോ വസ്തുതകളുടെയോ പിൻബലവും ഇതിനില്ല. തീർത്തും സ്വതന്ത്രമായും സുതാര്യവുമായും പ്രവർത്തിക്കുന്ന സൗദിയിലെ കോടതികൾ പ്രതികളെ ശിക്ഷിച്ചതാണെന്നും ഉന്നതപണ്ഡിത സഭ പ്രസ്താവനയിൽ വിശദീകരിച്ചു. 

Tags

Latest News