Sorry, you need to enable JavaScript to visit this website.

ചില കോവിഡ് രോഗികളെ ഗ്വില്ലൈൻ-ബാരെ സിൻഡ്രോം ബാധിക്കുന്നതായി ഡോക്ടർമാർ  

ബെംഗളൂരു - ചില കോവിഡ് രോഗികളിൽ ഗ്വില്ലൈൻ-ബാരെ സിൻഡ്രോം (guillain barre syndrome) കാണപ്പെടുന്നുവെന്ന് ഡോക്ടർമാർ. ശരീരത്തിന്റെ പ്രതിരോധ സംവിധാനം നാഡികളെ ആക്രമിക്കുന്ന തരം അപൂർവ രോഗമാണിത്. ഏതുതരം വൈറൽ ആക്രമണം സംഭവിച്ചാലും ശരീരം പ്രതികരിക്കും. ഇങ്ങനെയുള്ള ശരീരത്തിന്റെ പ്രതികരണം അമിതമാകുന്ന ഘട്ടത്തിലാണ് ഈ അസുഖമുണ്ടാകുക.

ഇത്തരത്തിൽ അമിതമായ പ്രതിരോധ പ്രതികരണമുണ്ടാകുന്ന ശരീരങ്ങളിൽ നാഡികളുടെ ഫൈബർ നശിക്കുകയും അത് പലരെയും പക്ഷാഘാതത്തിന് വിധേയമാക്കുകയും ചെയ്യും. പലർക്കും ഭക്ഷണം കഴിക്കുന്നതിന് തടസ്സം നേരിടും.

ബെംഗളൂരുവിലെ ബന്നേർഗട്ട റോഡിലുള്ള അപ്പോളോ ആശുപത്രിയിലെ ഡോക്ടർമാരാണ് ഈ രോഗാവസ്ഥ നിരീക്ഷിച്ചത്. സാധാരണമായി എല്ലാ വർഷവും ഇത്തരം രോഗവുമായി അഞ്ചോ ആറോ പേർ വരാറുണ്ട്. എന്നാൽ കഴിഞ്ഞ സെപ്തംബർ-ഒക്ടോബർ മാസങ്ങളിൽ ഇത്തരം രോഗികളുടെ എണ്ണം വർധിച്ചതായി ഡോക്ടർമാർ കണ്ടെത്തി. തങ്ങളുടെ പരിശോധനയിൽ രോഗികൾ കോവിഡ് പൊസിറ്റീവാണെന്ന് കണ്ടെത്തുകയും ചെയ്തെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

മധ്യവയസ്സുകാരെയും പ്രായമുള്ളവരെയുമാണ് രോഗം ബാധിക്കുന്നതെന്നും ഡോക്ടർമാർ പറയുന്നു.

Latest News