Sorry, you need to enable JavaScript to visit this website.

പ്രതിരോധ നടപടികൾ ഒമാൻ ശക്തമാക്കുന്നു

രണ്ട് ലക്ഷം ഡോസ് ജോൺസൻ ആന്റ് ജോൺസൻ വാക്‌സിൻ വാങ്ങും

മസ്‌കത്ത് - കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനവും ശക്തിപ്പെടുത്തി ഒമാൻ. ഇതിന്റെ ഭാഗമായി രണ്ട് ലക്ഷം ഡോസ് ജോൺസൻ ആന്റ് ജോൺസൻ വാക്‌സിൻ വാങ്ങുമെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽസഈദി അറിയിച്ചു. 
ഗുരുതര കോവിഡ് വകഭേദങ്ങളെ നിയന്ത്രിക്കാൻ ശേഷിയുള്ളതാണ് ഈ വാക്‌സിനെന്ന ക്ലിനിക്കൽ റിപ്പോർട്ടുകളെ തുടർന്നാണ് തീരുമാനം. ജോൺസൻ ആന്റ് ജോൺസൻ വാക്‌സിൻ കൂടുതൽ ഫലപ്രദമാണെന്ന് അമേരിക്കൻ ഫുഡ് ആന്റ് അഡ്മിനിസ്‌ട്രേഷൻ വിഭാഗം പുറത്തുവിട്ട റിപ്പോർട്ട് വെളിപ്പെടുത്തിയിരുന്നു. രാജ്യത്തെ കോവിഡ് സാഹചര്യം ആശങ്കാജനകമായതുകൊണ്ടാണ് പ്രതിരോധ നടപടികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. 
52,858 പേർക്ക് ഇതിനകം കോവിഡ് വാക്‌സിൻ നൽകിയതായി ആരോഗ്യ മന്ത്രി പറഞ്ഞു. 68 പേരാണ് നിലവിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നത്. ഇവരിൽ 48 പേരുടെ നില ഗുരുതരമാണ്. 60 വയസ്സിനു മുകളിലുള്ളവർക്കാണ് വാക്‌സിൻ നൽകുന്നതിൽ മുൻഗണന. ക്വാറന്റൈൻ കേന്ദ്രങ്ങളിൽ ആരെങ്കിലും വീഴ്ച വരുത്തുന്നുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കും. വാക്‌സിൻ സ്വീകരിച്ചവരും യാത്ര കഴിഞ്ഞു വന്നാൽ നിരീക്ഷണത്തിൽ ഇരിക്കണം. കൂടുതൽ വാക്‌സിൻ ഡോസുകൾ ലഭ്യമാകുന്നതനുസരിച്ച് അധ്യാപകരെ കൂടി മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തും. ജനങ്ങളിൽ പലരും ഇപ്പോഴും കോവിഡ് രോഗത്തിന്റെ വ്യാപ്തി മനസ്സിലാക്കിയിട്ടില്ലെന്നും പലരും വാക്‌സിൻ നിഷേധിക്കുന്നതിന്റെ കാരണം മനസ്സിലാകുന്നില്ലെന്നും ഡോ. അൽസഈദി പറഞ്ഞു. 1,562 പേരാണ് ഒമാനിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. 
കഴിഞ്ഞ ഡിസംബർ ഏഴു മുതലാണ് ഒമാൻ വാക്‌സിൻ നൽകാൻ തുടങ്ങിയത്. 30,000 ലധികം പേർക്ക് ഈ സമയത്ത് വാക്‌സിൻ നൽകി. ഫൈസർ വാക്‌സിനാണ് ആദ്യഘട്ടത്തിൽ നൽകിയത്. 65 വയസ്സിനു മുകളിലുള്ളവരെയാണ് പരിഗണിച്ചത്. രണ്ടാംഘട്ടത്തിൽ ഇന്ത്യയുടെ ഓക്‌സ്ഫഡ് ആസ്ട്ര സെനക വാക്‌സിൻ ഒരു ലക്ഷത്തോളം ഡോസ് വിതരണം ചെയ്തു. 
സുഡാൻ, ലബനോൻ, ദക്ഷിണാഫ്രിക്ക, ബ്രസീൽ, നൈജീരിയ, താൻസാനിയ, ഘാന, എത്യോപ്യ തുടങ്ങി പത്ത് രാജ്യങ്ങളെ വിലക്കിയ നടപടി തുടരും. ഫെബ്രുവരി 15 മുതൽ ഏഴ് ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ ഒമാനിൽ നിയമമാക്കിയിട്ടുണ്ട്.
 

Tags

Latest News