Sorry, you need to enable JavaScript to visit this website.

അത്യാവശ്യങ്ങൾക്കല്ലാതെ വീട്ടിൽനിന്ന് പുറത്തിറങ്ങരുതെന്ന് നിർദേശം

മനാമ- അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ വീട്ടിൽനിന്ന് പുറത്തിറങ്ങരുതെന്നും മാസ്‌ക് ധരിക്കാതിരിക്കരുതെന്നും സാമൂഹിക അകലം പാലിക്കണമെന്നും അസി. പബ്ലിക് സെക്യൂരിറ്റി ചീഫ് ബ്രിഗേഡിയർ ഡോ. ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഖലീഫ അഭ്യർഥിച്ചു. നിയമ ലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കും. വിവിധ ഗവർണറേറ്റുകളിൽ മാസ്‌ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് 49,321 നിയമ ലംഘനങ്ങൾക്കെതിരെ നടപടിയെടുത്തു. സാമൂഹിക അകലം പാലിക്കാത്ത 5863 കേസുകളും പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 1,86,535 ശുചീകരണ പ്രവർത്തനങ്ങളും 368 പരിശീലനങ്ങളും നടത്തിയെന്നും അദ്ദേഹം വിശദീകരിച്ചു. 
കോവിഡ് പ്രതിരോധ മെഡിക്കൽ സമിതി നിർദേശിച്ചിട്ടുള്ള കാര്യങ്ങൾ പാലിക്കുന്നതിനും അതുവഴി കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നത് അനിവാര്യമാണെന്നും  അദ്ദേഹം പറഞ്ഞു.
അതിവേഗം പടരുന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദത്തിനെതിരെ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് നാഷനൽ മെഡിക്കൽ ടീം അംഗം ഡോ. ജമീല അൽ സൽമാൻ ഉണർത്തി. 2019 ഒടുവിൽ പ്രത്യക്ഷപ്പെട്ട കൊറോണ വൈറസിനേക്കാൾ വളരെ വേഗത്തിൽ പുതിയ വകഭേദം വ്യാപിക്കുന്നുവെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടാകാനും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണവും മരണവും ഉയരാനും ഇത് ഇടയാക്കിയേക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. 
ജനങ്ങളുടെ തികഞ്ഞ ജാഗ്രതയാണ് രോഗ വ്യാപനം തടയാൻ ആവശ്യം. അധികൃതർ നൽകിയിട്ടുള്ള മുൻകരുതൽ നിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണം. മുൻകരുതൽ പാലിക്കാതിരുന്നാൽ രോഗികളുടെ എണ്ണം ഉയരാൻ ഇടയായേക്കുമെന്നും അവർ പറഞ്ഞു.
 

Tags

Latest News