Sorry, you need to enable JavaScript to visit this website.

അമീറായുടെ റിലീസ് ഉടൻ

പൗരത്വ ബില്ലിനെക്കുറിച്ചുള്ള ചർച്ചകളിലൂന്നി സാമൂഹിക പ്രസക്തിയുള്ള വിഷയം പറയുന്ന 'അമീറാ'യുടെ റിലീസ് ഉടൻ. കോവിഡ് ഭീഷണിയെ മറികടന്ന് ചിത്രീകരിച്ച അമീറയുടെ ആറാമത്തെ പോസ്റ്റർ റിലീസായി. ലോക്ഡൗണിൽ സിനിമാ മേഖല നിശ്ചലമായപ്പോഴാണ് ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റിയാസ് മുഹമ്മദ് തന്റെ ആദ്യ സിനിമ സംവിധാനം ചെയ്യുന്നത്. കുഞ്ചാക്കോ ബോബനടക്കം നിരവധി ചലച്ചിത്ര പ്രവർത്തകർ മുഖേന സമൂഹ മാധ്യമങ്ങളിൽ റിലീസ് ചെയ്ത ചിത്രത്തിന്റെ ആദ്യ പോസ്റ്റർ വൈറലായിരുന്നു.
രണ്ടു മതവിഭാഗത്തിലുള്ളവരുടെ വിവാഹവും അവരുടെ മരണശേഷം കുട്ടികൾ അനുഭവിക്കുന്ന വെല്ലുവിളികളും അതിജീവനവുമാണ് ഇതിവൃത്തം.
ബാലനടി മീനാക്ഷിയാണ് ചിത്രത്തിൽ ടൈറ്റിൽ റോൾ അവതരിപ്പിക്കുന്നത്. മീനാക്ഷിയും സഹോദരൻ ഹാരിഷും ചിത്രത്തിലും സഹോദരങ്ങളായി എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. അമീറായായി മീനാക്ഷിയും അമീനായി ഹാരിഷും പ്രത്യക്ഷപ്പെടുന്നു. അയ്യപ്പനും കോശിയിലെ കുമാരൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ കോട്ടയം രമേശ് ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നു. ഇവർക്കൊപ്പം കോട്ടയം പുരുഷൻ, സംവിധായകൻ ബോബൻ സാമുവൽ, സുമേഷ് ഗുഡ്‌ലക്ക്, മീനാക്ഷി മഹേഷ്, സന്ധ്യ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 
കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി 21 ദിവസം കൊണ്ടാണ് അമീറായുടെ ചിത്രീകരണം പൂർത്തിയാക്കിയത്. കോവിഡ് മാനദണ്ഡങ്ങളോടെ ഷൂട്ടിംഗ് ആരംഭിച്ചെങ്കിലും നിരവധി വെല്ലുവിളികളാണ് അമീറയുടെ ക്രൂവിനു നേരിടേണ്ടി വന്നത്. മീനാക്ഷിയുടെ അച്ഛൻ അനൂപിന്റേതാണ് ചിത്രത്തിന്റെ കഥ. അനൂപ് ആർ.പാദുവ, സമീർ മുഹമ്മദ് എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചത്.
ജി.ഡബ്ല്യു.കെ എന്റർടൈൻമെന്റ്‌സ്, ടീം ഡിസംബർ മിസ്റ്റ് എന്നിവയുടെ ബാനറിൽ അനിൽകുമാറാണ് ചിത്രം നിർമിക്കുന്നത്. പി.പ്രജിത്ത് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ സനൽ രാജ്. പ്രോജക്ട് ഡിസൈനർ റിയാസ് മുഹമ്മദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ജോസ് കുര്യാക്കോസ്, ടോണി ജോസഫ്. കലാ സംവിധാനം ഫാരിസ് മുഹമ്മദ്, സംഗീത സംവിധാനം അനൂപ് ജേക്കബ്, ബി.ജി.എം ജോയൽ ജോൺസ്, കോസ്റ്റ്യൂം ടി.പി ഫർഷാൻ, അസോസിയേറ്റ് ഡയറക്ടർ ജിജോ ജോസ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് രാജീവ് ശേഖർ, വാർത്താ പ്രചാരണം പി.ശിവപ്രസാദ്, സുനിത സുനിൽ.
 

Latest News