Sorry, you need to enable JavaScript to visit this website.

ഗാദാ ജോൺ വീണ്ടുമെത്തുന്നു

മോഡലിംഗ് രംഗത്തു നിന്നാണ് നൂറിൻ സിനിമയിലെത്തിയത്. 2017 ൽ മിസ് കേരള ഫിറ്റ്‌നസ് ആയി തെരഞ്ഞെടുക്കപ്പെട്ട നൂറിൻ ഒമർ ലുലുവിന്റെ ആദ്യ ചിത്രമായ ചങ്ക്‌സിലൂടെയാണ് വെള്ളിവെളിച്ചത്തിലെത്തിയത്. 

ഗാദയെ ഓർമയില്ലേ. ഒമർ ലുലു സംവിധാനം ചെയ്ത അഡാർ ലൗവിലെ പ്ലസ്ടു കാരിയായ കുറുമ്പിയെ. കളി ചിരികളുമായി ആർത്തുല്ലസിച്ചു നടക്കവേ സഹപാഠിയായ റോഷനെ, സ്‌നേഹിച്ചവൾ കൈവിട്ടെന്നു തോന്നിയപ്പോൾ അവന് ആശ്വാസം പകരാനായി ഒപ്പം കൂടുകയും ഒടുവിൽ പ്രണയത്തിലകപ്പെടുകയും ചെയ്ത പെൺകുട്ടി. ഗാദയുടെ വേഷത്തോടെയാണ് നൂറിൻ ഷെരീഫ് എന്ന അഭിനേത്രിയെ ജനം തിരിച്ചറിഞ്ഞു തുടങ്ങിയത്.
മോഡലിംഗ് രംഗത്തു നിന്നാണ് നൂറിൻ സിനിമയിലെത്തിയത്. 2017 ൽ മിസ് കേരള ഫിറ്റ്‌നസ് ആയി തെരഞ്ഞെടുക്കപ്പെട്ട നൂറിൻ ഒമർ ലുലുവിന്റെ ആദ്യ ചിത്രമായ ചങ്ക്‌സിലൂടെയാണ് വെള്ളിവെളിച്ചത്തിലെത്തിയത്. ബാലു വർഗീസിന്റെ സഹോദരിയായ അന്നയെയായിരുന്നു ആദ്യ ചിത്രത്തിൽ അവതരിപ്പിച്ചത്. പിന്നീട് ധമാക്ക എന്ന ചിത്രത്തിലും വേഷമിട്ടു.
കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന മരട്-357 എന്ന ചിത്രത്തിലൂടെയാണ് നൂറിൻ വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തിയത്. മരടിലെ ഫഌറ്റുകൾ പൊളിച്ചതിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ ചിത്രം അവിടത്തെ താമസക്കാരായ ഒട്ടേറെ പേരുടെ കഥയാണ് പങ്കുവെക്കുന്നത്. ചിത്രത്തിൽ ജിനി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. മുന്നൂറിലേറെ പേർ താമസിച്ചിരുന്ന ആ ഫഌറ്റ് പൊളിക്കുന്നതിനു മുമ്പും അതിനു ശേഷവുമുള്ള അവിടത്തെ അന്തേവാസികളുടെ ജീവിതത്തിലൂടെയാണ് കഥ വികസിക്കുന്നത്. ഫഌറ്റ് പൊളിച്ചതോടെ കിടപ്പാടം നഷ്ടപ്പെട്ടവരുടെ വേദനയും ചിത്രം പങ്കുവയ്ക്കുന്നു. ഭൂമാഫിയകളുടെ നെറികേടുകൾ തുറന്നു കാണിക്കുന്ന ഈ ചിത്രത്തിൽ അനൂപ് മേനോനാണ് നായകൻ.
പുതിയ ചിത്രമായ സാന്താക്ലോസിന്റെ ലൊക്കേഷനിലാണ് നൂറിൻ. ഒരു നർത്തകിയുടെ വേഷമാണ് ചിത്രത്തിൽ. 'കുട്ടിക്കാലം തൊട്ടേ നൃത്തത്തെ സ്‌നേഹിച്ചതു കൊണ്ടാകണം നർത്തകിയുടെ വേഷമാണെന്നു പറഞ്ഞപ്പോൾ മറ്റൊന്നും ആലോചിക്കാതെ ജോയിൻ ചെയ്യുകയായിരുന്നു. ഓരോ ദിവസവും ചിത്രീകരണം അവസാനിക്കുമ്പോൾ പുലർച്ചെ രണ്ടും മൂന്നും മണിയാവും. എങ്കിലും പാട്ടുസീനാണെന്നതു കൊണ്ട് വിഷമമില്ല. നല്ല എനർജിയാണ്. ഡാൻസ് കളിക്കുമ്പോൾ കിട്ടുന്ന സന്തോഷം വേറെ തന്നെയാണ്. മൂന്നു വയസ്സു മുതൽ ക്ലാസിക്കൽ നൃത്തം പരിശീലിക്കുന്നുണ്ട്. ചിത്ര ടീച്ചറായിരുന്നു ആദ്യഗുരു. നൃത്തപഠനം ഇടയ്ക്കു വെച്ച് മുടങ്ങിയെങ്കിലും എട്ടാം ക്ലാസിലെത്തിയപ്പോൾ വീണ്ടും തുടർന്നു. അമ്പിളിദേവിയുടെ സഹോദരിയായ അശ്വതിയായിരുന്നു ഗുരു. ഡാൻസ് പഠിക്കാനും അവതരിപ്പിക്കാനും ഇപ്പോഴും ഇഷ്ടമാണ്' -നൂറിൻ സംസാരിച്ചു തുടങ്ങുന്നു.
കൊറോണക്കാലത്ത് ആദ്യ ദിവസങ്ങളിൽ വീടിനു പുറത്തിറങ്ങിയിരുന്നില്ല. ഉമ്മയുണ്ടാക്കുന്ന പലതരം ഭക്ഷണ സാധനങ്ങൾ കഴിച്ച് വീട്ടിൽ തന്നെ കഴിഞ്ഞു. കുറേ സിനിമകളും വെബ് സീരീസുകളും കണ്ടു. ഏറെ പുസ്തകങ്ങൾ വായിച്ചു. പഠനത്തിലും ശ്രദ്ധിക്കാൻ കഴിഞ്ഞു. പഠിക്കുന്നത് എം.ബി.എക്കാണെങ്കിലും പഠനത്തിൽ പൂർണമായി ശ്രദ്ധിച്ചിരുന്നില്ല. കൊറോണക്കാലം അതെല്ലാം മാറ്റിയെടുത്തു. ഓൺലൈൻ ക്ലാസുകളിൽ കൃത്യമായി പങ്കെടുത്തു. ഏറെ വൈകാതെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഫോട്ടോ ഷൂട്ടുകളിലും പരസ്യ ചിത്രങ്ങളിലും വേഷമിട്ടു തുടങ്ങി.
ഇനിയും ഒരുപാട് നല്ല കഥാപാത്രങ്ങൾ അവതരിപ്പിക്കണമെന്നാണ് മോഹം. എൺപതുകളിലും തൊണ്ണൂറുകളിലുമെല്ലാം ഇറങ്ങിയ പല ചിത്രങ്ങളും ഇപ്പോഴും മനസ്സിലുണ്ട്. വന്ദനവും മിഥുനവും പോലുള്ള എത്രയെത്ര ചിത്രങ്ങൾ... ഈ ചിത്രങ്ങളിലെ ലാലേട്ടന്റെ അഭിനയവും ഏറെ ഇഷ്ടമാണ്. തലയിണമന്ത്രത്തിലെ ഉർവശി ചേച്ചിയെ ആർക്കാണ് മറക്കാനാവുക. മണിച്ചിത്രത്താഴിലെ ശോഭനാ മാഡമാണ് എക്കാലത്തെയും ഫേവറിറ്റ്. അടുത്ത കാലത്ത് കണ്ട നല്ല ചിത്രം അന്നാ ബെന്നിന്റെ ഹെലനാണ്. അവരെപ്പോലെയെല്ലാം അഭിനയിക്കണമെന്നാണ് മോഹം. ചെറിയ വേഷമാണെങ്കിലും ആളുകളുടെ മനസ്സിൽ തങ്ങി നിൽക്കണം. എങ്കിലും വ്യക്തിപരമായി പറയുകയാണെങ്കിൽ ദുൽഖറിന്റെയും നയൻ താരയുടെയും കടുത്ത ആരാധികയാണ്.
സിനിമയ്ക്കു പുറത്ത് ഏറെ ഇഷ്ടങ്ങളൊന്നും വെച്ചുപുലർത്തുന്നില്ല. യാത്രകളോട് വലിയ പ്രതിപത്തിയില്ല. യാത്രകളേക്കാൾ ഇഷ്ടം വീട്ടിലിരിക്കുന്നതിനാണ്. ഷൂട്ടിംഗിനായി പലയിടത്തും യാത്ര ചെയ്യേണ്ടതായി വരും. അതു കഴിഞ്ഞാൽ വീട്ടിലെത്തുകയാണ് ഇഷ്ടം. സന്തോഷം തരുന്നവരുടെ കൂടെയിരിക്കാനാണ് മോഹം. അത് വീടു തന്നെയാവണമെന്നില്ല. വീട്ടുകാരോടും കൂട്ടുകാരോടുമൊപ്പം ഇരിക്കുന്ന സുഖം മറ്റെവിടെയും കിട്ടില്ല.തെലുങ്കിൽ ഊലലലാ എന്ന ചിത്രത്തിൽ വേഷമിട്ടിരുന്നു. അതിന്റെ ടീസർ കണ്ട് പലരും തെറ്റിദ്ധരിച്ചിരുന്നു. ചിത്രത്തിൽ മറ്റൊരു നായിക കൂടിയുണ്ട്. അവരാണ് ഗ്ലാമർ സീനുകളിൽ പ്രത്യക്ഷപ്പെട്ടത്. ഭാഷ ഏതുമാകട്ടെ, ഗ്ലാമറസ് വേഷങ്ങളിൽ അഭിനയിക്കാൻ താൽപര്യമില്ല. അതിരു വിട്ടുള്ള ഗ്ലാമർ വേഷങ്ങളാണെങ്കിൽ ചിത്രത്തിൽ വേഷമിടാറില്ല.മൂന്നു സിനിമകളാണ് ഇനി പുറത്തിറങ്ങാനുള്ളത്. മരടിന്റെ ചിത്രീകരണം പൂർത്തിയായി. സാന്താക്ലോസ് ചിത്രീകരണം തുടർന്നുവരുന്നു. ഇതിനിടയിൽ പ്രവീൺ രാജ് പൂക്കാടൻ സംവിധാനം ചെയ്യുന്ന വെള്ളേപ്പം എന്ന ചിത്രത്തിലും വേഷമിട്ടു. ഇതിൽ റോമയാണ് നായിക. വെള്ളേപ്പം വിൽക്കുന്ന സാറയുടെ കഥ പറയുന്ന ഈ ചിത്രം റൊമാന്റിക്കും കോമഡിയും നിറഞ്ഞതാണ്. ഷൈൻ ആണ് നായകൻ. ചിത്രത്തിൽ കലീനാ സെബാസ്റ്റ്യൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. മൂന്നു ചിത്രങ്ങളും പൂർത്തിയായാൽ ചെറിയൊരു ബ്രേക്ക് എടുക്കണമെന്നുണ്ട്. കാരണം പഠനം സീരിയസായെടുക്കണം. എം.ബി.എ പൂർത്തിയായ ശേഷം വീണ്ടും സിനിമയിൽ സജീവമാകണമെന്നാണ് ആഗ്രഹം.
കൊല്ലം ജില്ലയിലെ കുണ്ടറയിലെ ഷെരീഫിന്റെയും ഹസീനയുടെയും മകളാണ് നൂറിൻ. ബാപ്പ ഏറെക്കാലം ഗൾഫിലായിരുന്നു. ഇപ്പോൾ നാട്ടിലുണ്ട്. ഉമ്മയാണ് കുട്ടിക്കാലംതൊട്ടേ പ്രോത്സാഹനവുമായി കൂടെയുള്ളത്. സ്‌കൂളിലെ കലാ കായിക മത്സരങ്ങളിലെല്ലാം ഉമ്മയാണ് കൂട്ടു വരാറുള്ളത്. ഇപ്പോഴും ലൊക്കേഷനുകളിൽ കൂട്ടു വരുന്നത് ഉമ്മതന്നെയാണ്. ചേച്ചി നസ്രിനും നല്ലൊരു കലാകാരിയാണ്. പാടാനും നൃത്തം ചെയ്യാനും മുന്നിട്ടിറങ്ങുന്നതും ചേച്ചിയാണ്. ഇപ്പോൾ വിവാഹം കഴിഞ്ഞ് കുടുംബവുമൊത്ത് കഴിയുന്നു.ഏറെ ഉദ്ഘാടനങ്ങൾക്ക് ക്ഷണിക്കപ്പെടുന്ന അഭിനേത്രി കൂടിയാണ് നൂറിൻ. പലതും വടക്കൻ കേരളത്തിൽ. ഒരിക്കൽ മലപ്പുറത്തെ മഞ്ചേരിയിൽ ഒരു ഷോപ്പ് ഉദ്ഘാടനം ചെയ്യാൻ പോയതും മൂക്കിന് ഇടിയേറ്റ് കരഞ്ഞതും വലിയ വാർത്തയായിരുന്നു. സ്റ്റേജിലേയ്ക്കു കയറുന്ന തിരക്കിനിടയിൽ ആരുടെയോ കൈമുട്ട് മൂക്കിൽ കൊണ്ടു. മൂക്കിൽനിന്ന് രക്തം വന്നു. വേദനകൊണ്ട് കരഞ്ഞത് പലരും ട്രോളാക്കി മാറ്റിയിരുന്നു.
മറ്റൊരിക്കൽ ഇൻസ്റ്റഗ്രാമിൽ കൈകൾ രണ്ടും ചേർത്ത് ഒരു ചിത്രമിട്ടതു കണ്ട് പലരും കരുതിയത് വിവാഹ നിശ്ചയം കഴിഞ്ഞുവെന്നായിരുന്നു. സുഹൃത്തുക്കൾ പലരും വിളിച്ചു ചോദിച്ചു. കൈകൾ രണ്ടും എന്റേതാണെന്ന് പറഞ്ഞിട്ടും പലരും വിശ്വസിച്ചില്ല. കല്യാണം കഴിഞ്ഞോ എന്ന് ഇപ്പോഴും പലരും വിളിച്ചു ചോദിക്കുന്നുണ്ട്. ചിരിച്ചുകൊണ്ട് നൂറിൻ പറഞ്ഞുനിർത്തി. 
 

Latest News