Sorry, you need to enable JavaScript to visit this website.

വാണിജ്യ മിച്ചം 145 ബില്യൺ റിയാലായി കുറഞ്ഞു

റിയാദ് - കൊറോണ വ്യാപനം തടയാൻ ലോക രാജ്യങ്ങൾ ബാധകമാക്കിയ ലോക്ഡൗൺ സൃഷ്ടിച്ച സമ്മർദത്തിന്റെ ഫലമായി കഴിഞ്ഞ വർഷം ആദ്യത്തെ 11 മാസത്തിനിടെ വിദേശ വ്യാപാരത്തിൽ സൗദി അറേബ്യയുടെ വാണിജ്യ മിച്ചം 145 ബില്യൺ റിയാലായി കുറഞ്ഞു. വാണിജ്യ മിച്ചം 61.4 ശതമാനം എന്ന തോതിലാണ് കുറഞ്ഞത്. 2019 ൽ ആദ്യത്തെ 11 മാസത്തിനിടെ സൗദി അറേബ്യ 375.62 ബില്യൺ റിയാൽ വാണിജ്യ മിച്ചം നേടിയിരുന്നു. 
ഇതിനെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം വാണിജ്യ മിച്ചത്തിൽ 230.55 ബില്യൺ റിയാലിന്റെ കുറവുണ്ടായി. 
കഴിഞ്ഞ വർഷം ജനുവരി ഒന്നു മുതൽ നവംബർ അവസാനം വരെയുള്ള കാലത്ത് വാണിജ്യ മിച്ചം 145.06 ബില്യൺ റിയാലായിരുന്നു. 
കഴിഞ്ഞ കൊല്ലം ആദ്യത്തെ 11 മാസക്കാലത്ത് ഒമ്പതു മാസവും സൗദി അറേബ്യ വാണിജ്യ മിച്ചം നേടി. ഏപ്രിൽ, ജൂൺ മാസങ്ങളിൽ വാണിജ്യ കമ്മി നേരിട്ടു. ഏപ്രിൽ മാസത്തിൽ വിദേശ വ്യാപാരത്തിൽ 96.9 കോടി റിയാലിന്റെയും ജൂണിൽ 103 കോടി റിയാലിന്റെയും കമ്മിയാണ് നേരിട്ടതെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ കൊല്ലം ഏറ്റവുമധികം വാണിജ്യ മിച്ചം നേടിയത് ജനുവരിയിലാണ്. ആ മാസം 4,330 കോടി റിയാൽ വാണിജ്യ മിച്ചം നേടി. ഫെബ്രുവരിയിൽ 2,395 കോടി റിയാൽ വാണിജ്യ മിച്ചം കൈവരിച്ചു. കൊറോണ വ്യാപനം പ്രത്യക്ഷപ്പെടുകയും എണ്ണ വില കുറയുകയും ചെയ്തതോടെ മാർച്ചിൽ വാണിജ്യ മിച്ചം 649 കോടി റിയാലായി കുറഞ്ഞു. സൗദി അറേബ്യ കർഫ്യൂ ലഘൂകരിക്കുകയും മഹാമാരിയുടെ ആദ്യ തരംഗത്തിന് ശമനമുണ്ടായി ആഗോള സമ്പദ്‌വ്യവസ്ഥ ഉണർവ് കൈവരിക്കുന്നതിന്റെ ലക്ഷണങ്ങൾ പ്രകടമാവുകയും ചെയ്തതോടെ ജൂലൈയിൽ വാണിജ്യ മിച്ചം 1,348 കോടി റിയാലായി ഉയർന്നു. ഓഗസ്റ്റിൽ വാണിജ്യ മിച്ചം 1,839 കോടി റിയാലായി. ജനുവരി ഒന്നു മുതൽ നവംബർ അവസാനം വരെയുള്ള കാലയളവിൽ സൗദി അറേബ്യയുടെ ആകെ കയറ്റുമതി 592.74 ബില്യൺ റിയാലായി കുറഞ്ഞു. 2019 ൽ ആദ്യത്തെ 11 മാസത്തിനിടെ കയറ്റുമതി 895.54 ബില്യൺ റിയാലായിരുന്നു. 

 

Tags

Latest News