Sorry, you need to enable JavaScript to visit this website.

സമയക്രമം പാലിക്കുന്നതിൽ ആഗോള തലത്തിൽ അബഹ എയർപോർട്ട് രണ്ടാമത് 

അബഹ എയർപോർട്ടിൽ നടക്കുന്ന വികസന പ്രവൃത്തികൾ അസീർ ഗവർണർ തുർക്കി ബിൻ തലാൽ രാജകുമാരൻ വിലയിരുത്തുന്നു.

അബഹ- ഗമനാഗമന സമയ ക്രമങ്ങൾ പാലിക്കുന്നതിൽ മികവ് പുലർത്തുന്ന ലോകത്തെ ചെറുകിട വിമാനത്താവളങ്ങളുടെ പട്ടികയിൽ അബഹ ഇന്റർനാഷണൽ എയർപോർട്ട് രണ്ടാം സ്ഥാനത്ത്. ഒഫീഷ്യൽ എയർലൈൻ ഗൈഡ് പ്രസിദ്ധീകരിച്ച പട്ടികയിലാണ് അബഹക്ക് മികവാർന്ന നേട്ടം. എയർലൈൻ സൗകര്യങ്ങളുടെ കാര്യത്തിലും അബഹ എയർപോർട്ട് മുൻനിരയിലാണ്. 
നിലവിൽ ഒട്ടേറെ നിർമാണ പ്രവർത്തനങ്ങളാണ് അബഹയിൽ പുരോഗമിക്കുന്നത്. സന്ദർശകരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വിമാനത്താവളത്തിന്റെ സൗകര്യങ്ങളിൽ വരുത്തുന്ന വികസന പ്രവൃത്തികൾ അസീർ ഗവർണർ തുർക്കി ബിൻ തലാൽ രാജകുമാരൻ നേരത്തെ വിലയിരുത്തിയിരുന്നു. പുതിയ വിമാനത്താവളത്തിന്റെ ഡിസൈൻ തയാറാക്കുന്നതിനുള്ള സിവിൽ ഏവിയേഷൻ അതോറിറ്റിയും കൺസൾട്ടിംഗ് എൻജിനീയേഴ്‌സ് കമ്പനിയും കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. പ്രതിവർഷം 80 ലക്ഷം യാത്രക്കാർക്ക് സേവനം നൽകാൻ പുതിയ വിമാനത്താവളത്തിന് സാധിക്കുമെന്ന് അധികൃതർ വെളിപ്പെടുത്തുന്നു. 
ഭിന്നശേഷിക്കാരായ യാത്രികർക്ക് നൽകുന്ന സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി എയർപോർട്ട് അധികൃതർ അസീർ സൊസൈറ്റി ഫോർ അഡൾട്ട്‌സ് ഡിസേബിലിറ്റി (ആസാദി) യുമായും ധാരണയിലെത്തിയിട്ടുണ്ട്. 
യാത്രാ നടപടിക്രമങ്ങൾ സുഗമമാക്കുക, സേവന നിലവാരം ഉയർത്തുക, നിലവിൽ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവൃത്തികൾ പൂർത്തീകരിക്കുക എന്നിവ ലക്ഷ്യമിട്ട് വിമാനത്താവളത്തിന്റെ ഡിപ്പാർച്ചൽ, അറൈവൽ ലോഞ്ചുകളിൽ ഇ-ഗേറ്റ്‌സ് പദ്ധതിയും പുരോഗമിക്കുകയാണ്. 2023 ഫെബ്രുവരി വരെ കാലാവധിയുള്ള ഇന്റർനാഷണൽ എയർപോർട്ട് ലൈസൻസ് സ്വന്തമാക്കിയ വിമാനത്താവളത്തിന്റെ നിലവാരം ഏറെ തൃപ്തികരമാണെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി വിലയിരുത്തി.
 

Tags

Latest News