Sorry, you need to enable JavaScript to visit this website.

ഇംഗ്ലണ്ടിനെതിരെ കുല്‍ദീപ് കളിച്ചേക്കും

ന്യൂദല്‍ഹി - ചൈനാമാന്‍ ബൗളര്‍ കുല്‍ദീപ് യാദവിനെ ഇംഗ്ലണ്ടിനെതിരെ പ്രധാന ആയുധമായി ഉപയോഗിക്കാന്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ആലോചിക്കുന്നു. ഓസ്‌ട്രേലിയക്കെതിരായ നാലു ടെസ്റ്റില്‍ പരിക്കും മറ്റും കാരണം ഇരുപതോളം പേരെ ഇന്ത്യ കളിപ്പിച്ചെങ്കിലും ഇടങ്കൈയന്‍ സ്പിന്നര്‍ക്ക് ഒരു മത്സരത്തില്‍ പോലും അവസരം നല്‍കിയിരുന്നില്ല. ആര്‍. അശ്വിനും രവീന്ദ്ര ജദേജക്കും പരിക്കേറ്റപ്പോള്‍ പോലും നെറ്റ് ബൗളറായ വാഷിംഗ്ടണ്‍ സുന്ദറിനാണ് ടീം മാനേജ്‌മെന്റ് പരിഗണന നല്‍കിയത്. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ ഒരു ഏകദിനവും ഒരു സന്നാഹ മത്സരവുമാണ് കുല്‍ദീപ് ആകെ കളിച്ചത്. കുല്‍ദീപ് അവസാനം ഇന്ത്യക്കായി ടെസ്റ്റ് കളിച്ചത് 2018-19 ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ്. സിഡ്‌നി ടെസ്റ്റില്‍ അഞ്ചു വിക്കറ്റെടുത്തിരുന്നു. 
അവസരം കിട്ടാതിരുന്നത് വലിയ പ്രയാസമായിരുന്നുവെങ്കിലും അത് പ്രകടിപ്പിക്കാതെ ടീമിനായി നിലകൊണ്ട കുല്‍ദീപിനെ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ പ്രശംസിച്ചിരുന്നു. ഇന്ത്യയിലേക്കാണ് പോവുന്നതെന്നും അവസരങ്ങള്‍ ലഭിക്കുമെന്നും അതിനാല്‍ കഠിനാധ്വാനം തുടരണമെന്നും രഹാനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ കുല്‍ദീപിന് അവസരം ലഭിക്കുമെന്ന് ബൗളിംഗ് കോച്ച് ഭരത് അരുണും പറഞ്ഞു. നെറ്റ്‌സില്‍ ഉജ്വലമായാണ് കുല്‍ദീപ് പന്തെറിയുന്നത്. അവസരം കിട്ടുമ്പോള്‍ കുല്‍ദീപ് കരുത്തു തെളിയിക്കുമെന്നുറപ്പാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പര കുല്‍ദീപിന്റെ സമയമായിരിക്കും -അരുണ്‍ പറഞ്ഞു. 
ഗ്രൂപ്പുകളായി കളിക്കാര്‍ എത്തും
ഇംഗ്ലണ്ടിനെതിരായ പരമ്പരക്കായി ഇന്ത്യന്‍ ടീം ബുധനാഴ്ച ചെന്നൈയില്‍ ഒത്തുചേരും. ഫെബ്രുവരി അഞ്ചിന് എം. ചിദംബരം സ്റ്റേഡിയത്തിലാണ് ആദ്യ ടെസ്റ്റ് തുടങ്ങുക. 
വിവിധ നഗരങ്ങളില്‍ നിന്ന് ഗ്രൂപ്പുകളായാണ് കളിക്കാര്‍ ചെന്നൈയിലെത്തുക. 27 ന് കോവിഡ് പരിശോധന പൂര്‍ത്തിയാക്കി ജൈവകവചത്തില്‍ പ്രവേശിക്കും. ഒരാഴ്ചത്തെ ക്വാരന്റൈനിനിടയിലായിരിക്കും ഇംഗ്ലണ്ടിനെതിരായ തന്ത്രങ്ങള്‍ക്ക് അന്തിമ രൂപം നല്‍കുക. 
ശ്രീലങ്കക്കെതിരായ പരമ്പര 26 ന് കഴിയുന്നതോടെ ഇംഗ്ലണ്ട് ടീമും ഗാളില്‍ നിന്ന് 27 ന് ചെന്നൈയിലെത്തും. എന്നാല്‍ ശ്രീലങ്കക്കെതിരെ കളിക്കാത്ത ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ്, പെയ്‌സ്ബൗളര്‍ ജോഫ്ര ആര്‍ച്ചര്‍, ഓപണര്‍ റോറി ബേണ്‍സ് എന്നിവര്‍ ഇംഗ്ലണ്ടില്‍ നിന്ന് നാളെയോ മറ്റന്നാളോ എത്തും. രണ്ട് ടീമിലെയും കളിക്കാരും മാച്ച് ഒഫിഷ്യലുകളും ചെന്നൈയിലെ ലീലാ പാലസ് ഹോട്ടലിലാണ് കഴിയുക. 
ആദ്യ രണ്ടു ടെസ്റ്റുകള്‍ ചെന്നൈയിലും അവസാന രണ്ടെണ്ണം അഹമ്മദാബാദിലുമായിരിക്കും. തുടര്‍ന്ന് അഞ്ചു മത്സര ട്വന്റി20 പരമ്പര അഹമ്മദാബാദില്‍ അരങ്ങേറും. മൂന്നു മത്സര ഏകദിന പരമ്പര പൂനെയിലായിരിക്കും. 
കാണികളില്ലാതെ ടെസ്റ്റുകള്‍
ചെന്നൈയിലെ രണ്ടു ടെസ്റ്റുകളില്‍ കാണികളെ പ്രവേശിപ്പിക്കേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. അഹമ്മദാബാദിലെ ടെസ്റ്റുകളില്‍ കാണികളെ അനുവദിക്കണമോയെന്ന് തീരുമാനിച്ചിട്ടില്ല. മൂന്നാം ടെസ്റ്റ് ഫെബ്രുവരി 24 നും നാലാം ടെസ്റ്റ് മാര്‍ച്ച് നാലിനുമാണ് ആരംഭിക്കുക. 
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഫൈനലിസ്റ്റുകളെ നിര്‍ണയിക്കുക ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയായിരിക്കും. ജൂണില്‍ ലോഡ്‌സില്‍ നടക്കുന്ന ഫൈനലിന് ഇന്ത്യ ഏതാണ്ട് സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. ന്യൂസിലാന്റിനും ഓസ്‌ട്രേലിയക്കും പിന്നില്‍ നാലാം സ്ഥാനത്താണ് ഇംഗ്ലണ്ട്. . 

Latest News