Sorry, you need to enable JavaScript to visit this website.

ബ്രിട്ടനിൽ കോവിഡ് വ്യാപനം രൂക്ഷം 

ലണ്ടനിൽ തെംസ് നദിക്കരയിലൂടെ നടക്കാനിറങ്ങിയവർ. കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ നഗരത്തിലെ തെരുവുകൾ വിജനമാണ്. 

ലണ്ടൻ -കോവിഡ് വ്യാപനവും മരണവും നിയന്ത്രണമില്ലാതെ തുടരുന്ന ബ്രിട്ടനിൽ ലോക്ഡൗൺ ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ പോലീസ് നടപടി അതിശക്തമാക്കി. 
രഹസ്യമായി തുടരുന്ന ഹൗസ് പാർട്ടികൾക്ക് കനത്ത പിഴയിടാനാണ് തീരുമാനം. ഇംഗ്ലണ്ടിൽ ഹൗസ് പാർട്ടികൾ നടത്തുന്നവരെ പിടികൂടിയാൽ 10,000 പൗണ്ടാണ് പിഴ. പങ്കെടുക്കുന്നവർക്ക് 800 പൗണ്ടും. ഓരോ തവണയും നിയമം ലംഘിക്കുമ്പോൾ പിഴ ഇരട്ടിയാകും. ഇത്തരത്തിൽ തുടർച്ചയായി നിയമം ലംഘിച്ച് പാർട്ടികളിൽ പങ്കെടുക്കുന്നവരിൽ നിന്നും 6,400 പൗണ്ട് വരെ പിഴ ഈടാക്കാൻ പോലീസിന് അനുമതി നൽകിയതായി ഹോം സെക്രട്ടറി പ്രീതി പട്ടേൽ അറിയിച്ചു. 


ഭൂരിപക്ഷം പേരും നിയമം അനുസരിക്കുമ്പോൾ ചെറിയ വിഭാഗം ചെയ്യുന്ന പ്രവൃത്തി നാടിനെ വലിയൊരു വിപത്തിലേക്ക് ആണ് നയിക്കുന്നത്. 
സ്വന്തം സുരക്ഷിതത്വമോ മറ്റുള്ളവരുടെ സുരക്ഷയോ അപകടത്തിലാക്കുന്ന നടപടികൾ ആരുടെ ഭാഗത്തുനിന്നു ഉണ്ടായാലും പോലീസ് ഇടപെടുമെന്ന് ഹോം സെക്രട്ടറി മുന്നറിയിപ്പു നൽകി. ചെറിയൊരു വിഭാഗം ജനങ്ങൾ മറ്റുള്ളവരുടെ ജീവിതം ദുരിതത്തിലാക്കുന്ന സ്ഥിതി അനുവദിക്കില്ലെന്നും അവർ വ്യക്തമാക്കി. 1290 പേരാണ് കഴിഞ്ഞ ദിവസം  ബ്രിട്ടനിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഓരോ മിനിറ്റിലും 200 പേർക്ക് വാക്‌സിൻ നൽകുന്ന സ്ഥിതിയിലേക്ക് ബ്രിട്ടനിലെ വാക്‌സിനേഷൻ നടപടികൾ പുരോഗമിച്ചു. 50 ലക്ഷത്തിലേറെ ആളുകൾക്ക് ഇതിനകം  രാജ്യത്ത് വാക്‌സിന്റെ ആദ്യഡോസ് നൽകി. ഇംഗ്ലണ്ടിൽ ഈസ്റ്റർ അവധി വരെ സ്‌കൂളുകൾ അടച്ചിടണമെന്നാണ് വിദഗ്ധരുടെ  ഉപദേശം.  ഇക്കാര്യത്തിൽ തീരുമാനം ഒന്നും ആയിട്ടില്ലെന്നും തുറക്കുന്നതിന് രണ്ടാഴ്ച മുമ്പെങ്കിലും സ്‌കൂളുകൾക്ക് നോട്ടീസ് നൽകുമെന്നും വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ അറിയിച്ചു.


അതിനിടെ,  കോവിഡ് ടെസ്റ്റിൽ പോസിറ്റിവായി സ്ഥിരീകരിക്കുന്ന ഓരോരുത്തർക്കും 500 പൗണ്ട് വീതം നൽകാനുള്ള പദ്ധതി സർക്കാർ ആവിഷ്‌കരിക്കുന്നു.  കോവിഡ് വ്യാപനം തടയാൻ പരമാവധി ടെസ്റ്റിംഗ്  നടത്തുക എന്നതാണ് പ്രധാന മാർഗം. എന്നാൽ ജോലിക്ക് പോകാൻ പറ്റില്ലെന്ന തിരിച്ചറിവിൽ വലിയൊരു വിഭാഗം ടെസ്റ്റിംഗിൽ നിന്ന് വിട്ടു നിൽക്കുകയാണ്. ഇതുവഴി കോവിഡ് പലരിലേയ്ക്കും പകരുന്നു. ഇതിനു മാറ്റം വരുത്താൻ ജനത്തെ ടെസ്റ്റിന്  ആകർഷിക്കാൻ പണം വാഗ്ദാനം ചെയ്യാനൊരുങ്ങുകയാണ് ബോറിസ് സർക്കാർ.
 ആഴ്ചയിൽ 450 മില്യൺ പൗണ്ട് ചെലവ് വരുന്ന പദ്ധതി മുഖേന കൂടുതൽ ആളുകളെ കൊണ്ട് ടെസ്റ്റ് ചെയ്യിക്കാനും ഇവരെ സെൽഫ് ഐസൊലേറ്റ് ചെയ്യിപ്പിച്ച് വൈറസിന്റെ വ്യാപനം തടയുകയുമാണ് ലക്ഷ്യം. 500 പൗണ്ട് ലഭിക്കുമെന്നതിനാൽ  സാധാരണക്കാർ ഇതിനോട് സഹകരിക്കുമെന്നാണ്  സർക്കാരിന്റെ   കണക്കുകൂട്ടൽ. 

 

 

Latest News