Sorry, you need to enable JavaScript to visit this website.

മൂടൽമഞ്ഞ്: യു.എ.ഇയിലെ പ്രധാന റോഡുകളിൽ ഗതാഗതക്കുരുക്ക് തുടരുന്നു

മഞ്ഞിൽ മൂടിയ ദുബായിലെ ജുമൈറ ലേക്‌സ് ടവറുകൾ

ദുബായ് - കനത്ത മൂടൽ മഞ്ഞിൽ യു.എ.ഇയിലെ പ്രധാനപാതകളിലെ ഗതാഗതക്കുരുക്ക് തുടരുന്നു. ഇന്നലെ രാവിലെയും കനത്ത മഞ്ഞിൽ വാഹന ഗതാഗതം തടസ്സപ്പെട്ടു. ഷാർജ-ദുബായ് റോഡിൽ വാഹനങ്ങൾ മണിക്കൂറുകളോളം കുടുങ്ങിക്കിടന്നു. ദൃശ്യക്ഷമത കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണമെന്ന് ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അൽഇത്തിഹാദ് റോഡിലും ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കാലാവസ്ഥ മോശമായതിനാൽ അത്യാവശ്യമുള്ളവർ മാത്രമേ ഈ സമയത്ത് വാഹനമെടുത്ത് പുറത്തിറങ്ങാവൂ എന്ന് ഷാർജ പോലീസ് അറിയിച്ചു. രാവിലെ 80 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ വാഹനം ഓടിക്കുന്നതിന് അബുദാബി പോലീസ് വിലക്കേർപ്പെടുത്തി. അബുദാബി-ദുബായ് മുഹമ്മദ് ബിൻ റാഷിദ് റോഡ്, മക്തൂം ബിൻ റാഷിദ് റോഡ്, അബുദാബി-അൽഐൻ റോഡ്, അൽനോഫ്-അൽമിർഫ റോഡ്, അൽ ഫയ റോഡ്, അബുദാബി- സ്വയ്ഹാൻ റോഡ് എന്നിവിടങ്ങളിൽ വേഗ നിയന്ത്രണ സംവിധാനം ഏർപ്പെടുത്തി.

 

മൂടൽ മഞ്ഞ് മാറുന്നതനുസരിച്ച് വേഗ നിയന്ത്രണത്തിലും ഇളവ് വരുത്തും. അബുദാബി, ദുബായ്, ഷാർജ വിമാനത്താവളങ്ങളിലും ദൃശ്യക്ഷമത കുറഞ്ഞത് പ്രയാസം സൃഷ്ടിച്ചു. റോഡുകളിൽ സ്ഥാപിച്ച സ്മാർട്ട് ബോർഡുകളിലെ നിർദ്ദേശങ്ങൾ വാഹനമോടിക്കുന്നവർ പാലിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. മൂടൽമഞ്ഞുള്ള സമയത്തെ ട്രാഫിക് നിർദ്ദേശങ്ങൾ ലംഘിച്ചാൽ നാല് ബ്ലാക്ക് പോയിന്റുകളടിച്ച് 500 ദിർഹം വരെ പിഴ ഈടാക്കുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. ഓരോ വാഹനവും പരസ്പരം ദൂരപരിധി നിയമം പാലിച്ചിരിക്കണം. ദൃശ്യക്ഷമത കുറഞ്ഞ സമയത്ത് അപകടം കുറക്കാനുള്ള പ്രധാന മാർഗം ഇതാണ്. മൂടൽമഞ്ഞിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ദിനേന അപകടങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. 19 വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരു ദിവസം മുമ്പാണ് മലയാളി മരിച്ചത്. തീരെ കാഴ്ച കുറവായി തോന്നുന്ന ഘട്ടത്തിൽ വാഹനം ഒരു ഭാഗത്തേക്ക് ഒതുക്കി പാർക്ക് ചെയ്ത് കാഴ്ച തെളിഞ്ഞശേഷം യാത്ര തുടരേണ്ടതാണെന്ന് പോലീസ് അറിയിച്ചു. ട്രക്കുകൾ, ബസുകൾ, ഹെവി വാഹനങ്ങൾ എന്നിവക്ക് മൂടൽമഞ്ഞുള്ള സമയങ്ങളിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. 

 

 

Tags

Latest News