Sorry, you need to enable JavaScript to visit this website.

അധിക ജോലിക്ക് ഓവർടൈം ആനുകൂല്യം നൽകൽ നിർബന്ധം

റിയാദ് - സൗദിയിൽ തൊഴിൽ നിയമ പ്രകാരം അധിക സമയം ജോലി ചെയ്യുന്നതിന് തൊഴിലാളികൾക്ക് ഓവർടൈം ആനുകൂല്യം നൽകൽ നിർബന്ധമാണെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ഓവർടൈം ജോലിക്ക് അടിസ്ഥാന വേതനത്തിന്റെ 150 ശതമാനം തോതിലാണ് വേതനം നൽകേണ്ടത്. തൊഴിലാളിയുടെ സമ്മതത്തോടെ ഓവർടൈം ആനുകൂല്യത്തിനു പകരം വേതനത്തോടു കൂടിയ അവധി നൽകാവുന്നതുമാണ്. ഓവർടൈം ആനുകൂല്യത്തിനു പകരമുള്ള അവധികൾ പ്രയോജനപ്പെടുത്തുന്നതിനു മുമ്പായി എന്തെങ്കിലും കാരണവശാൽ തൊഴിൽ കരാർ അവസാനിപ്പിക്കുന്ന പക്ഷം ഓവർടൈം ആനുകൂല്യം പണമായി കൈമാറണം. ഔദ്യോഗിക അവധി ദിവസങ്ങളിലും പെരുന്നാൾ അവധി ദിവസങ്ങളിലുമുള്ള ജോലികൾ ഓവർടൈം ജോലിയായി കണക്കാക്കപ്പെടും. 
സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ വേതനം ഉയർത്താൻ സ്ഥാപനങ്ങളെ പ്രേരിപ്പിക്കുന്ന തീരുമാനവും അടുത്തിടെ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. 


സൗദിവൽക്കരണ പദ്ധതിയായ നിതാഖാത്തിൽ സൗദിവൽക്കരണ അനുപാതം കണക്കാക്കുന്നതിന് പൂർണ തൊഴിലാളിയെന്നോണം പരിഗണിക്കുന്നതിന് സ്വദേശി ജീവനക്കാരന്റെ വേതനം 4,000 റിയാലിൽ കുറവാകാൻ പാടില്ലെന്നാണ് വ്യവസ്ഥ. 3,000 റിയാൽ പ്രതിമാസ വേതനം ലഭിക്കുന്ന സ്വദേശി ജീവനക്കാരനെ നിതാഖാത്തിൽ അര സൗദി ജീവനക്കാരനു തുല്യമായാണ് കണക്കാക്കുക. 3,000 റിയാലിൽ കുറവ് വേതനമുള്ള സ്വദേശി ജീവനക്കാരനെ നിതാഖാത്ത് പ്രകാരം സ്വദേശിവൽക്കരണ അനുപാതം കണക്കാക്കുന്നതിൽ പരിഗണിക്കുകയില്ല. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ മിനിമം വേതനം ഉയർത്താൻ പുതിയ തീരുമാനം സ്വകാര്യ സ്ഥാപനങ്ങളെ നിർബന്ധിതമാക്കും. 

 

Latest News