Sorry, you need to enable JavaScript to visit this website.

സൗദിയിൽ സ്വകാര്യ മേഖലയിൽ ദ്വിദിന അവധിക്ക് നീക്കം

റിയാദ് - സ്വകാര്യ മേഖലയിൽ ദ്വിദിന അവധി നടപ്പാക്കാൻ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് നീക്കം. തൊഴിൽ നിയമത്തിൽ വരുത്താനുദ്ദേശിക്കുന്ന ഭേദഗതികളിൽ ദ്വിദിന അവധിയും മന്ത്രാലയം ഉൾപ്പെടുത്തി. തൊഴിൽ നിയമത്തിൽ വരുത്താനുദ്ദേശിക്കുന്ന കരടു ഭേദഗതികൾ തൊഴിലാളികളും തൊഴിലുടമകളും വിദഗ്ധരും അടക്കമുള്ള പൊതുസമൂഹത്തിന്റെ അഭിപ്രായ, നിർദേശങ്ങൾക്കായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പരസ്യപ്പെടുത്തി. ദ്വിദിന അവധി നടപ്പക്കാൻ നേരത്തെയും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ചില നീക്കങ്ങൾ നടത്തിയിരുന്നെങ്കിലും സ്വകാര്യ മേഖലയിൽ നിന്നുള്ള കടുത്ത എതിർപ്പിനെ തുടർന്ന് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിരുന്നില്ല. 


സ്വദേശികൾക്കു മാത്രമായി ദ്വിദിന അവധി വ്യവസ്ഥ ചെയ്യാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദ്വിദിന അവധി നിർദേശത്തെ നേരത്തെ സ്വകാര്യ മേഖല എതിർത്തത്. ദ്വിദിന അവധി വ്യവസ്ഥ ചെയ്യുന്ന പക്ഷം 70 ലക്ഷത്തോളം വരുന്ന വിദേശ തൊഴിലാളികൾക്കും ഇതിന്റെ ആനുകൂല്യം നൽകൽ നിർബന്ധമായിരിക്കും. നിയമത്തിൽ ദ്വിദിന അവധി വ്യവസ്ഥ ചെയ്യുന്നതോടെ ആഴ്ചയിൽ ആറും ഏഴും ദിവസം ജോലി ചെയ്യുന്നതിന് വിദേശ തൊഴിലാളികൾക്ക് ഓവർടൈം ആനുകൂല്യമായി ഭീമമായ തുക വിതരണം ചെയ്യാൻ സ്വകാര്യ മേഖല നിർബന്ധിതമാകും. 
ഒരു ദിവസത്തിൽ എട്ടു മണിക്കൂറിൽ കൂടുതൽ ജീവനക്കാരെ കൊണ്ട് ജോലി ചെയ്യിക്കാൻ പാടില്ല. ആഴ്ചയാണ് മാനദണ്ഡമാക്കുന്നതെങ്കിൽ പ്രതിവാര തൊഴിൽ സമയം 40 മണിക്കൂറിൽ കവിയരുത്. വിശുദ്ധ റമദാനിൽ മുസ്‌ലിംകളുടെ പ്രതിദിന തൊഴിൽ സമയം ആറു മണിക്കൂറിലും പ്രതിവാര തൊഴിൽ സമയം 30 മണിക്കൂറിലും കവിയാൻ പാടില്ലെന്നും കരടു നിയമ ഭേദഗതി ആവശ്യപ്പെടുന്നു. നിലവിൽ സ്വകാര്യ മേഖലയിലെ പ്രതിദിന തൊഴിൽ സമയം എട്ടു മണിക്കൂറും പ്രതിവാര തൊഴിൽ സമയം 48 മണിക്കൂറുമാണ്. റമദാനിൽ മുസ്‌ലിംകളുടെ പ്രതിദിന തൊഴിൽ സമയം ആറു മണിക്കൂറും പ്രതിവാര തൊഴിൽ തൊഴിൽ സമയം 36 മണിക്കൂറുമാണ്. 


പൊതുസമൂഹത്തിൽനിന്ന് ലഭിക്കുന്ന അഭിപ്രായ, നിർദേശങ്ങൾ കൂടി പരിഗണിച്ച് കരടു നിയമ ഭേദഗതികൾ മന്ത്രാലയം അംഗീകരിക്കുന്ന പക്ഷം സ്വകാര്യ മേഖലയിൽ പ്രതിവാര അവധി രണ്ടു ദിവസമായി മാറും. സ്വകാര്യ മേഖലാ തൊഴിലുകൾ സ്വീകരിക്കാൻ സ്വദേശികളെ പ്രോത്സാഹിപ്പിക്കുന്ന നിലക്ക് സർക്കാർ, സ്വകാര്യ മേഖലകളിലെ തൊഴിൽ സാഹചര്യങ്ങൾ തമ്മിലെ വിടവ് കുറക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സ്വകാര്യ മേഖലയിൽ ദ്വിദിന അവധി നടപ്പാക്കുന്നത്. 


 

Tags

Latest News