Sorry, you need to enable JavaScript to visit this website.

അൽമുഅയ്‌സില വെടിവെപ്പ്: എത്രയും വേഗം വധശിക്ഷ നടപ്പാക്കണമെന്ന് വീരമൃത്യു വരിച്ച പോലീസുകാരന്റെ മക്കൾ

മുസാഅദ് അൽഹർബി
മുസാഅദ് അൽബർബിയുടെ മക്കൾ.
മുസാഅദ് അൽഹർബിക്ക് ചീഫ് സർജന്റ് റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് സഹപ്രവർത്തകർ ഒരുക്കിയ വിരുന്നിൽ വിതരണം ചെയ്യാൻ പ്രത്യേകം തയാറാക്കിയ കേക്ക്.

റിയാദ്- അൽമുഅയ്‌സില ഡിസ്ട്രിക്ടിൽ വെടിവെപ്പ് നടത്തി രണ്ടു സുരക്ഷാ സൈനികർ അടക്കം മൂന്നു പേരെ വെടിവെച്ചു കൊലപ്പെടുത്തിയ മയക്കുമരുന്ന് അടിമയായ സൗദി യുവാവിന് എത്രയും വേഗം വധശിക്ഷ നടപ്പാക്കണമെന്ന് വീരമൃത്യുവരിച്ച പോലീസ് ഉദ്യോഗസ്ഥൻ ചീഫ് സർജന്റ് മുസാഅദ് ബിൻ ദൈഫുല്ല അൽഅലവി അൽഹർബിയുടെ മക്കൾ ആവശ്യപ്പെട്ടു. ചീഫ് സർജന്റ് റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചതിന്റെ സന്തോഷം മായുന്നതിനു മുമ്പാണ് ചീഫ് സർജന്റ് മുസാഅദ് ബിൻ ദൈഫുല്ല അൽഅലവി അൽഹർബി മയക്കുമരുന്ന് അടിമ നടത്തിയ വെടിവെപ്പിൽ വീരമൃത്യുവരിച്ചത്. സംഭവ ദിവസം അൽഖലീജ് ഡിസ്ട്രിക്ട് പോലീസ് സ്റ്റേഷനിലേക്ക് പോകുന്നതിനു മണിക്കൂറുകൾക്കു മുമ്പ് പിതാവിനെ താൻ കണ്ടിരുന്നതായി മൂത്ത പുത്രൻ നാദിർ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ പിതൃസഹോദരൻ തന്നോട് പോലീസ് സ്റ്റേഷനിലേക്ക് പോകാൻ പറഞ്ഞു. സ്റ്റേഷനിലെത്തിയ തന്നോട് പിതാവിന്റെ സഹപ്രവർത്തകരാണ് പിതാവ് വീരമൃത്യുവരിച്ച വിവരം അറിയിച്ചതെന്നും നാദിർ പറഞ്ഞു.


പിതാവിന് സ്ഥാനക്കയറ്റം ലഭിച്ചതിൽ അനുമോദനം പ്രകടിപ്പിച്ച് സംഭവത്തിന് രണ്ടു ദിവസം മുമ്പാണ് മാതാപിതാക്കളും പിതൃസഹോദരന്മാരും ചേർന്ന് ആഘോഷ പരിപാടി സംഘടിപ്പിച്ചിരുന്നതെന്ന് മറ്റൊരു മകനായ ഖാലിദ് പറഞ്ഞു. മണിക്കൂറുകൾ പിന്നിടുന്നതിനു മുമ്പായി നെഞ്ചിലും മുഖത്തും ശിരസ്സിലും വെടിയേറ്റ് വീരമൃത്യുവരിക്കാനായിരുന്നു പിതാവിന്റെ വിധിയെന്നും യുവാവ് പറഞ്ഞു. തങ്ങളുടെ പിതാവ് അടക്കം മൂന്നു പേരെ വെടിവെച്ചു കൊല്ലുകയും ഒരാളെ പരിക്കേൽപിക്കുകയും ചെയ്ത ഘാതകന് എത്രയും വേഗം വധശിക്ഷ നടപ്പാക്കണമെന്ന് നാദിറും ഖാലിദും ആവശ്യപ്പെട്ടു. 


രണ്ടു സുരക്ഷാ സൈനികർ അടക്കം മൂന്നു പേരെ വെടിവെച്ചു കൊലപ്പെടുത്തിയ അക്രമി ഏതാനും ദിവസങ്ങൾക്കു മുമ്പ് ഭാര്യയെ വിവാഹ മോചനം ചെയ്തിരുന്നു. ഈ ബന്ധത്തിൽ ദമ്പതികൾക്ക് പെൺകുഞ്ഞുണ്ട്. സംഭവ ദിവസം അൽമുഅയ്‌സില ഡിസ്ട്രിക്ടിലെ ഫഌറ്റിൽ ഭാര്യാ സഹോദരനെ പ്രതി ബന്ദിയാക്കുകയായിരുന്നു. ഇതറിഞ്ഞ മറ്റൊരു ഭാര്യാ സഹോദരനാണ് സംഭവത്തെ കുറിച്ച് സുരക്ഷാ വകുപ്പുകളെ അറിയിച്ചത്. 


സുരക്ഷാ വകുപ്പുകൾ സ്ഥലത്തെത്തിയതോടെ ബന്ദിയെ സുരക്ഷാ സൈനികർക്കു നേരെ ഉന്തിയിട്ട് എല്ലാവർക്കും നേരെ പ്രതി യന്ത്രത്തോക്ക് ഉപയോഗിച്ച് വെടിവെപ്പ് ആരംഭിക്കുകയായിരുന്നു. കൃത്യത്തിനു ശേഷം സംഭവസ്ഥലത്തു നിന്ന് പ്രതി രക്ഷപ്പെട്ടു. ഭാര്യാ സഹോദരനെ ബന്ദിയാക്കിയ ഫഌറ്റ് സുരക്ഷാ സൈനികർ പരിശോധിച്ചെങ്കിലും ഇത് കാലിയായിരുന്നു. യന്ത്രത്തോക്കിൽ ഉപയോഗിക്കുന്ന വെടിയുണ്ടകളും വിദേശത്ത് സുരക്ഷാ വകുപ്പുകൾ ഉപയോഗിക്കുന്ന വാർത്താ വിനിമയ ഉപകരണവും ഫഌറ്റിൽ കണ്ടെത്തി. വെടിവെപ്പിൽ പരിക്കേറ്റ സുരക്ഷാ സൈനികനെ നാഷണൽ ഗാർഡിനു കീഴിലെ കിംഗ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


കിഴക്കൻ റിയാദിലെ അൽമുഅയ്‌സില ഡിസ്ട്രിക്ടിലെ ഫഌറ്റിൽ വെച്ച് ചൊവ്വാഴ്ച പുലർച്ചെ 12.02 ന് ആണ് നാൽപതു വയസ് പ്രായമുള്ള സൗദി യുവാവ് സുരക്ഷാ സൈനികരെയും ഭാര്യാ സഹോദരനെയും വെടിവെച്ചു കൊലപ്പെടുത്തിയത്. കൃത്യത്തിനു ശേഷം രക്ഷപ്പെട്ട അക്രമിയെ റിയാദ് പ്രവിശ്യക്ക് വടക്കുകിഴക്ക് 300 കിലോമീറ്റർ ദൂരെ അൽറഫീഅ ഗ്രാമത്തിലെ കൃഷിയിടം വളഞ്ഞാണ് സുരക്ഷാ സൈനികർ അറസ്റ്റ് ചെയ്തത്. ചെറുത്തു നിൽക്കാൻ ശ്രമിച്ച പ്രതിയെ കാലിന് വെടിവെച്ച് പരിക്കേൽപിച്ച് കീഴടക്കുകയായിരുന്നു.

 
 

Tags

Latest News