Sorry, you need to enable JavaScript to visit this website.

കൂളിംഗ് ഫിലിം നിരോധനം; ആംബുലൻസുകളെ  ഒഴിവാക്കണമെന്ന് ആവശ്യം


തൃശൂർ- ആംബുലൻസുകളിൽ കൊണ്ടുപോകുന്ന രോഗികളുടെ സ്വകാര്യത നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും അതിനാൽ വാഹനങ്ങളുടെ കൂളിംഗ് ഫിലിം നിരോധനത്തിൽനിന്ന് സംസ്ഥാനത്തെ ആംബുലൻസുകളെ ഒഴിവാക്കണമെന്നുമുള്ള ആവശ്യം ശക്തം.
ആശുപത്രികളിൽ രോഗികൾക്കുള്ള സ്വകാര്യത പോലെ തന്നെ രോഗികളെ കയറ്റി വരുന്ന ആംബുലൻസുകളിലും രോഗീസ്വകാര്യത പ്രധാനപ്പെട്ടതാണെന്ന് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. 
കൂളിംഗ് ഫിലിമുകൾ ആംബുലൻസുകളിൽനിന്നും മാറ്റുമ്പോൾ ആംബലുൻസുകൾക്കുള്ളിൽ രോഗികളെ പുറത്തുള്ളവർക്ക് കാണുന്ന സ്ഥിതിയുണ്ടാകുമെന്നും അത് രോഗിയുടെ സ്വകാര്യത നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാക്കുമെന്നും ആംബുലൻസ് ഡ്രൈവർമാരും പറയുന്നു.


ആശുപത്രികളിലേക്കുള്ള വഴിമധ്യേ ആംബുലൻസുകളിൽ പ്രസവിക്കുന്ന ഗർഭിണികൾ, സ്വന്തം വസ്ത്രങ്ങൾ പോലും വലിച്ചെറിയുന്ന മാനസികാസ്വസ്ഥ്യമുള്ള രോഗികൾ, വിവസ്ത്രരായി കോട്ടൺ മാത്രം ഉപയോഗിച്ച് കൊണ്ടു പോകേണ്ടി വരുന്ന തീ പൊള്ളലേറ്റവർ, ഇ.സി.ജി ലീഡ്‌സ് കണക്ട് ചെയ്തതിനാൽ മാറിടം വെളിവാകുന്ന രീതിയിൽ പോകുന്ന ഹൃദ്രോഗികൾ തുടങ്ങി രോഗികളുടെ നഗ്‌നത വെളിവാകുന്ന സാഹചര്യങ്ങൾ പലപ്പോഴും ആംബുലൻസുകളിലുണ്ടാകും. 


ആംബുലൻസുകളിലെ കർട്ടൺ, കൂളിംഗ് ഫിലിമുകൾ നിരോധിക്കുക വഴി ഒരു കൂട്ടം രോഗികളുടെ സ്വകാര്യത കാഴ്ചവസ്തുക്കളാക്കി മാറുന്ന സാഹചര്യവും പ്രകടമാകുമെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി. രണ്ടും, മൂന്നും ആഴ്ചകൾ പഴക്കമുള്ള, ചീഞ്ഞഴുകിയ, പുഴുവരിച്ച നിലയിൽ കാണപ്പെടുന്ന മൃതശരീരങ്ങൾ പോസ്റ്റുമോർട്ട നടപടികൾക്കായി കൊണ്ടു പോകുമ്പോൾ പൊതുജനങ്ങളിൽ അറപ്പുളവാക്കുന്നതും, ഭയചകിതരാക്കുന്നതുമാണ്. അതിനാൽ ആംബുലൻസുകൾക്ക് കർട്ടണോ കൂളിംഗ് ഫിലിമോ അനുവദിക്കണം. 
ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ആംബംലൻസുകൾ പരിശോധിക്കുന്നതിന് തങ്ങൾ തടസ്സമല്ലെന്നും നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ആംബുലൻസ് ഡ്രൈവർമാർക്കെതിരെ നടപടിയെടുക്കുന്നതിൽ തങ്ങൾ എതിരല്ലെന്നും അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അനു സാമുവൽ, സംസ്ഥാന പ്രസിഡന്റ് ഷരീഫ് ഗുരുവായൂർ, ജില്ലാ സെക്രട്ടറി സുഷീൽ മണലാറുകാവ്, ജില്ലാ പ്രസിഡന്റ് മജീദ് കുന്നംകുളം എന്നിവർ പറഞ്ഞു. 
രോഗികളുടെ സ്വകാര്യതയെ ചോദ്യം ചെയ്യപ്പെടുന്ന കൂളിംഗ് ഫിലിം നിരോധന നിയമത്തിൽ ചില മാറ്റങ്ങൾ വരുത്തി ആംബുലൻസുകളെ പ്രത്യേക കാറ്റഗറിയിലേക്ക് പരിഗണിക്കണമെന്നാവശ്യപ്പെട്ട് ആംബുലൻസ് പ്രവർത്തകരുടെ സംഘടനയായ ആംബുലൻസ് ഓണേഴ്‌സ് ആന്റ് ഡ്രൈവേഴ്‌സ് അസോസിയേഷൻ കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

 

Latest News