Sorry, you need to enable JavaScript to visit this website.

തൊടുപുഴയിൽ യു.ഡി.എഫ്-ബി.ജെ.പി സഖ്യം;  സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ പദവികൾ പങ്കിട്ടെടുത്തു

തൊടുപുഴ - എൽ.ഡി.എഫ് ഭരിക്കുന്ന തൊടുപുഴ നഗരസഭയിൽ വിവാദ സഖ്യത്തിലൂടെ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ പദവികൾ യു.ഡി.എഫും ബി.ജെ.പിയും പങ്കിട്ടെടുത്തു. മൂന്ന് സ്റ്റാന്റിംഗ് കമ്മിറ്റികൾ യു.ഡി.എഫിനും രണ്ടെണ്ണം ബി.ജെ.പിക്കും ലഭിച്ചു. മുസ്‌ലിം ലീഗ് അംഗങ്ങളടക്കം യു.ഡി.എഫ് മൊത്തം ബി.ജെ.പിക്കാണ് വോട്ട് ചെയ്തത്. 
എൽ.ഡി.എഫ് അംഗങ്ങൾ തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിന്നു. ചട്ടപ്രകാരം വൈസ് ചെയർപേഴ്‌സനാണ് ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ എന്നതിനാൽ ഈ പദവി മാത്രം എൽ.ഡി.എഫിന് ലഭിക്കും.   
കോൺഗ്രസ് റിബലിനെ ചെയർമാനും മുസ്ലിം ലീഗ് സ്വതന്ത്രയെ വൈസ് ചെയർപേഴ്സണുമാക്കി അംഗബലം 12 ൽ നിന്നും 14 ആക്കിയാണ് എ.ൽഡി.എഫ് 35 അംഗ നഗരസഭാ ഭരണം പിടിച്ചെടുത്തത്. യു.ഡി.എഫ് -13, ബി.ജെ.പി -എട്ട് എന്നിങ്ങനെയാണ് അംഗബലം.


പിന്നീട് സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ ബി.ജെ.പി-യു.ഡി.എഫ് സഖ്യം രൂപപ്പെടുകയായിരുന്നു. ഇരുകൂട്ടരും പരസ്പരം വോട്ടുകൾ കൈമാറി സ്റ്റാൻഡിംഗ് കമ്മിറ്റികളിലേക്ക് വിജയിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് മത്സരിച്ച എൽ.ഡി.എഫ് സ്ഥാനാർഥികൾക്ക് 14 വോട്ടും യു.ഡി.എഫ്-ബി.ജെ.പി സ്ഥാനാർഥികൾക്ക് 21 വോട്ടുമാണ് ലഭിച്ചിരുന്നത്.
ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായി എം.എ. കരിം (ലീഗ്), വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായി കെ. ദീപക് (കോൺഗ്രസ്), ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷയായി ഷീജ ഷാഹുൽ ഹമീദ് (കോൺഗ്രസ്), വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായി ടി.എസ്. രാജൻ (ബി.ജെ.പി), പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായി ബിന്ദു പത്മകുമാർ (ബി.ജെ.പി) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. അഞ്ച് അംഗങ്ങൾ വീതമുള്ള മരാമത്ത്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റികളിൽ ബി.ജെ.പിക്ക് മൂന്ന് അംഗങ്ങൾ വീതമുണ്ട്. ഇതോടെ എട്ടംഗങ്ങളുള്ള ബി.ജെ.പിക്ക് രണ്ട് കമ്മിറ്റികളുടെ ചെയർമാൻ സ്ഥാനം ലഭിക്കുകയായിരുന്നു. ഇതാദ്യമായാണ് ബി.ജെ.പിക്ക് തൊടുപുഴ നഗരസഭയിൽ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ പദവി ലഭിക്കുന്നത്. 

Latest News