Sorry, you need to enable JavaScript to visit this website.

അൽജസീറ നയങ്ങളിൽ മാറ്റം വരുത്തുമെന്ന് ഈജിപ്തിന് ഖത്തറിന്റെ ഉറപ്പ്

റിയാദ്- മൂന്നര വർഷം നീണ്ട ഗൾഫ് പ്രതിസന്ധിക്ക് പ്രധാന കാരണങ്ങളിൽ ഒന്നായ ഖത്തറിലെ അൽജസീറ ചാനലിന്റെ നയങ്ങളിൽ മാറ്റം വരുത്തുമെന്ന് ഈജിപ്തിന് ഖത്തർ ഉറപ്പു നൽകി. വാർത്താ റിപ്പോർട്ടുകളിലൂടെയും കവറേജുകളിലൂടെയും ഈജിപ്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അൽജസീറ ഇടപെടില്ല എന്നതിനാണ് ഖത്തർ അധികൃതർ ഈജിപ്തിന് ഉറപ്പു നൽകിയത്. കഴിഞ്ഞ ശനിയാഴ്ച ഈജിപ്ത്, യു.എ.ഇ അധികൃതരുമായി ഖത്തർ വിദേശ മന്ത്രാലയ പ്രതിനിധി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് ഈജിപ്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഖത്തർ ഇടപെടില്ല എന്നതിന് ഉറപ്പു നൽകിയതെന്ന് ഈജിപ്ഷ്യൻ ഇന്റലിജൻസ് വൃത്തങ്ങൾ പറഞ്ഞു. 
അൽജസീറ ചാനലും മറ്റു ഖത്തർ ഗവൺമെന്റ് മാധ്യമങ്ങളും ഈജിപ്തിനോടു വെച്ചുപുലർത്തുന്ന സമീപനത്തിൽ മാറ്റം വരുത്തുമെന്ന് ഖത്തർ ഉറപ്പു നൽകിയിട്ടുണ്ട്. സാമ്പത്തിക സഹകരണം ശക്തമാക്കാൻ കൂടിക്കാഴ്ചക്കിടെ ധാരണയായിട്ടുണ്ട്. ലിബിയ, മുസ്‌ലിം ബ്രദർഹുഡ് അടക്കം ഖത്തറിനും ഈജിപ്തിനും ഇടയിൽ പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രശ്‌നങ്ങളിൽ തുടർ ചർച്ചകൾ നടത്താനും കൂടിക്കാഴ്ചയിൽ ധാരണയായിട്ടുണ്ട്. 
ഈജിപ്തിനും ഖത്തറിനുമിടയിൽ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനും കൂടിക്കാഴ്ചയിൽ പങ്കെടുത്തവർ ധാരണയിലെത്തി. പ്രതിസന്ധിയിൽ ഉൾപ്പെട്ട ഖത്തർ, സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈൻ, ഈജിപ്ത് എന്നീ അഞ്ചു രാജ്യങ്ങൾക്കുമിടയിൽ പൂർണ തോതിലുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ ഖത്തർ പ്രതിനിധി താൽപര്യം പ്രകടിപ്പിച്ചതായും ഈജിപ്ഷ്യൻ ഇന്റലിജൻസ് വൃത്തങ്ങൾ പറഞ്ഞു. അൽഉല ഉച്ചകോടി അനുരഞ്ജനത്തിനു പിന്നാലെ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ ഖത്തറും ഈജിപ്തും ധാരണയിലെത്തിയതായി ഈജിപ്ഷ്യൻ വിദേശ മന്ത്രാലയം ബുധനാഴ്ച അറിയിച്ചിരുന്നു.
 

Tags

Latest News