Sorry, you need to enable JavaScript to visit this website.

സൗദിയിലെ ഏറ്റവും വലിയ സ്വർണ ഖനി വ്യവസായ മന്ത്രി സന്ദർശിച്ചു

മദീന- സൗദിയിലെ ഏറ്റവും വലുതും ഏറ്റവും പഴയതുമായ സ്വർണ ഖനിയിൽ വ്യവസായ മന്ത്രി ബന്ദർ അൽഖുറൈഫിന്റെ സന്ദർശനം. സൗദി അറേബ്യൻ മൈനിംഗ് കമ്പനിക്കു (മആദിൻ) കീഴിൽ മദീനയിലെ മഹ്ദുദ്ദഹബിലുള്ള ഖനിയിലാണ് മന്ത്രി സന്ദർശനം നടത്തിയത്. 
ഖനന കാര്യങ്ങൾക്കുള്ള ഡെപ്യൂട്ടി വ്യവസായ മന്ത്രി എൻജിനീയർ ഖാലിദ് അൽമുദൈഫിറും ധാതുവിഭവ കാര്യങ്ങൾക്കുള്ള ഡെപ്യൂട്ടി വ്യവസായ മന്ത്രി എൻജിനീയർ ഉസാമ അൽസാമിലും വ്യവസായ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും മന്ത്രിയെ അനുഗമിച്ചു. 
സ്വർണ ഖനിയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകൾ, ഉരുക്കൽ മുറികൾ, പഴയ ഖനിയിലെ മ്യൂസിയം, ഖനിയിലെ പ്രവർത്തനങ്ങൾ, വികസന പദ്ധതികൾ, പ്രവർത്തന സംവിധാനങ്ങൾ എന്നിവ മന്ത്രി സന്ദർശിച്ചു. ഖനിയിലെ ജീവനക്കാരുമായി മന്ത്രി കൂടിക്കാഴ്ചകളും നടത്തി. 262 ജീവനക്കാരാണ് ഖനിയിലുള്ളത്. ഇക്കൂട്ടത്തിൽ 63 ശതമാനം സ്വദേശികളാണ്.  3,000 വർഷം മുമ്പാണ് മഹ്ദുദ്ദഹബ് ഖനി പ്രവർത്തനം തുടങ്ങിയത്. ക്രിസ്തുവിനു മുമ്പുള്ള കാലം മുതൽ മഹ്ദുദ്ദഹബ് ഖനി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മൂവായിരം വർഷം മുമ്പ് ഖനി പ്രയോജനപ്പെടുത്തിയതായി ഇവിടെ നിന്ന് കണ്ടെത്തിയ പുരാവസ്തുക്കൾ സൂചിപ്പിക്കുന്നു. ബി.സി 950 ൽ ഇവിടെ നിന്ന് വൻതോതിൽ സ്വർണം പുറത്തെടുത്തിട്ടുണ്ട്. 
ആധുനിക കാലത്ത് കഴിഞ്ഞ നൂറ്റാണ്ടിലെ മുപ്പതുകളിലാണ് മഹ്ദുദ്ദഹബ് ഖനിയിൽ സ്വർണ ഖനനം ആരംഭിച്ചത്. സ്വർണ ഖനനത്തിന്റെ പുതിയ ഘട്ടത്തിന് 1983 ൽ ഫഹദ് രാജാവിന്റെ കാലത്ത് തുടക്കമായി. സ്വർണവും വെള്ളിയും ചെമ്പും സിങ്കും അടക്കം നിരവധി ലോഹങ്ങളുടെ ശേഖരം മഹ്ദുദ്ദഹബ് ഖനിയുടെ പ്രത്യേകതയാണ്. 1989 മുതൽ 2020 വരെയുള്ള കാലത്ത് 5,989 ദശലക്ഷം ടൺ അയിരുകൾ ഇവിടെ നിന്ന് പുറത്തെടുത്തിട്ടുണ്ട്. 25 ലക്ഷം ഔൺസ് സ്വർണവും 98 ലക്ഷം ഔൺസ് വെള്ളിയും ഇക്കാലയളവിൽ മഹ്ദുദ്ദഹബ് ഖനിയിൽ നിന്ന് ഉൽപാദിപ്പിച്ചു. 
ഖനി സന്ദർശനം പൂർത്തിയാക്കി മദീന പ്രവിശ്യയിലെ ഹറ റഹാതിലെ പ്രധാനപ്പെട്ട അഗ്നിപർവത അടയാളങ്ങളും വ്യവസായ മന്ത്രി സന്ദർശിച്ചു. സൗദിയിലെ ഏറ്റവും വലിയ ലാവ ഫീൽഡ് ആണിത്. ദേശീയ ഭൂകമ്പ, അഗ്നിപർവത കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളും ബന്ദർ അൽഖുറൈഫ് സന്ദർശിച്ചു. മദീനയിൽ ഭൂകമ്പ, അഗ്നിപർവത നിരീക്ഷണ കേന്ദ്രം വഹിക്കുന്ന പങ്കിന്റെ പ്രാധാന്യം മന്ത്രി വിലയിരുത്തി. 
ഹറ റഹാതിലെ വ്യത്യസ്ത അഗ്നിപർവത പാറകളുടെ സാമ്പിളുകളും ഭൂകമ്പം നിരീക്ഷിക്കുന്നതിന് സാങ്കേതിക വിദഗ്ധർ ഉപയോഗിക്കുന്ന ഉപകരണങ്ങളും അടങ്ങിയ പ്രദർശനവും മന്ത്രി വീക്ഷിച്ചു. ഹറ റഹാതിനു മുകളിലൂടെ വ്യവസായ മന്ത്രി ഹെലികോപ്റ്റർ പര്യടനവും നടത്തി.
 

Tags

Latest News