Sorry, you need to enable JavaScript to visit this website.

കാറിലിരുന്ന് സിനിമ കാണാം; റിയാദിൽ ഓപ്പൺ എയർ തിയേറ്റർ 

റിയാദ്- പ്രേക്ഷകർക്ക് കാറുകളിൽ ഇരുന്ന് കൂറ്റൻ സ്‌ക്രീനിൽ സിനിമാ പ്രദർശനം വീക്ഷിക്കാൻ അവസരമൊരുക്കുന്ന ഓപൺ എയർ തിയേറ്റർ റിയാദിൽ പ്രവർത്തനം തുടങ്ങി. റിയാദ് നഗരസഭ മുൻകൈയെടുത്താണ് കാർ തിയേറ്റർ തുറന്നിരിക്കുന്നത്. 
ദിവസേന മൂന്നു പ്രദർശനങ്ങൾ വീതമാണ് ഇവിടെയുള്ളത്. അറബ്, ഇന്റർനാഷണൽ സിനിമകൾ പ്രദർശിപ്പിക്കുന്നുണ്ട്. കൊറോണ വ്യാപനം തടയുന്ന മുൻകരുതൽ നടപടികളെല്ലാം പാലിച്ചു നടക്കുന്ന സിനിമാ പ്രദർശനം പുതിയ അനുഭവമാണ് തലസ്ഥാന നഗരിയിലെ നിവാസികൾക്ക് നൽകുന്നത്. 'വമീദ് അൽറിയാദ്' (ബ്ലിങ്കി റിയാദ്) എന്ന് പേരിട്ട സിനിമാ പ്രദർശനത്തിൽ ഓപൺ എയർ തിയേറ്റർ ഏരിയയിൽ 150 ലേറെ കാറുകൾ നിർത്തിയിട്ട് സിനിമ കാണാൻ സൗകര്യമുണ്ട്. 
അറബ്, ഇന്റർനാഷണൽ സിനിമകൾ കാർ സിനിമാ തിയേറ്ററിലൂടെ വ്യത്യസ്ത രീതിയിലും ഉചിതമായ അന്തരീക്ഷത്തിലും സമയങ്ങളിലും വീക്ഷിക്കാനുള്ള അവസരമൊരുക്കുന്ന പുതിയ ആശയമാണ് കാർ സിനിമാ തിയേറ്റർ മുന്നോട്ടു വെക്കുന്നതെന്ന് 'വമീദ് അൽറിയാദ്' പ്രോഗ്രാം വക്താവ് ഹസൻ അൽഖർനി പറഞ്ഞു. കാർ സിനിമാ തിയേറ്റർ പദ്ധതിക്ക് പ്രേക്ഷകരിൽ നിന്നുള്ള ആവേശകരമായ പ്രതികരണം സന്തോഷകരമാണെന്നും ഹസൻ അൽഖർനി പറഞ്ഞു. 
കാർ സിനിമാ തിയേറ്റർ അസാധാരണവും ആസ്വാദ്യകരവുമായ അനുഭവമാണ് സമ്മാനിക്കുന്നതെന്നും ഇത് ആനന്ദം നൽകുന്നതായും വനിതാ പ്രേക്ഷകരിൽ ഒരാൾ പറഞ്ഞു. റിയാദിലെ ശൈത്യകാല കാലാവസ്ഥയിൽ ചലച്ചിത്ര അന്തരീക്ഷം ആസ്വദിക്കുന്നത് അതിശയകരവും ആസ്വാദ്യകരവുമായ അനുഭവമാണെന്ന് മറ്റൊരു വനിതാ പ്രേക്ഷക പറഞ്ഞു. കൊറോണ മഹാമാരിയും തലസ്ഥാന നഗരിയിലെ മനോഹരമായ ശൈത്യകാല കാലാവസ്ഥയും കണക്കിലെടുത്ത് ഇത്തരം പരിപാടികൾ സംഘടിപ്പിക്കേണ്ടത് ആവശ്യമാണെന്ന് സന്ദർശകരിൽ ഒരാൾ അഭിപ്രായപ്പെട്ടു. 
കാറുകളിലെ സ്പീക്കറുകളുമായി ബന്ധിപ്പിച്ച ശബ്ദ സംവിധാനം വഴിയാണ് കൂറ്റൻ സ്‌ക്രീനിൽ പ്രദർശിപ്പിക്കുന്ന സിനിമ കാറുകളിൽ ഇരുന്ന് വീക്ഷിക്കാൻ സൗകര്യം ഒരുക്കിയിരിക്കുന്നത്. അറബ്, ഇന്റർനാഷണൽ സിനിമകളുടെ മൂന്നു വീതം പ്രദർശനങ്ങളാണ് ദിവസേന തിയേറ്ററിൽ നടക്കുന്നത്. 'മൂവി സിനിമ'യും റിയാദ് നഗരസഭയും സഹകരിച്ച് സജ്ജീകരിച്ച, കാർ മാൾ ആശയത്തിലുള്ള ഓപൺ എയർ തിയേറ്റർ വഴിയാണ് 'വമീദ് അൽറിയാദ്' പരിപാടി സംഘടിപ്പിക്കുന്നത്. സൗദിയിലും മധ്യപൗരസ്ത്യ ദേശത്തും ആദ്യമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. 
നഗരത്തിൽ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങൾ പുനരുജ്ജീവിപ്പിക്കുകയും നഗരവുമായുള്ള ആശയവിനിമയത്തിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്ന നിലക്ക് മുൻകരുതൽ നടപടികൾക്ക് അനുസൃതമായി നഗരവാസികൾക്ക് വിനോദ അനുഭവം സമ്മാനിക്കാൻ 'വമീദ് അൽറിയാദ്' എന്ന് പേരിട്ട കാർ സിനിമാ തിയേറ്റർ പ്രോഗ്രാം റിയാദ് മേയർ ഫൈസൽ ബിൻ അബ്ദുൽ അസീസ് ബിൻ അയ്യാഫ് ആണ് പ്രഖ്യാപിച്ചത്. ഓരോ സിനിമാ പ്രദർശനത്തിനു ശേഷവും പ്രദേശം അണുവിമുക്തമാക്കുന്നുണ്ട്. 200 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പ്രധാന സ്‌ക്രീനിലാണ് സിനിമാ പ്രദർശനം. കാർ സിനിമാ തിയേറ്റർ നഗരിയിൽ ഫുഡ് ട്രക്ക് സേവനവും ലഭ്യമാണ്. മൂവി സിനിമാ പോർട്ടൽ വഴിയാണ് ടിക്കറ്റുകൾ വിൽക്കുന്നത്.
 

Tags

Latest News