Sorry, you need to enable JavaScript to visit this website.

കോവിഡിനു ശേഷം യു.എ.ഇയിൽനിന്ന് ഇന്ത്യയിലെത്തിയത് 13 ലക്ഷം യാത്രക്കാർ

ദുബായ്- കോവിഡ് പ്രതിസന്ധി ആരംഭിച്ച ശേഷം യു.എ.ഇയിൽനിന്ന് ഇന്ത്യയിലെത്തിയത് 13 ലക്ഷം യാത്രക്കാർ. ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് ഇക്കാര്യം അറിയിച്ചത്. 1.15 ദശലക്ഷം യാത്രക്കാർ തിരിച്ച് യു.എ.ഇയിലേക്കും പറന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി. മൂന്ന് ദിവസത്തെ യു.എ.ഇ സന്ദർശനത്തിനെത്തിയ വി. മുരളീധരൻ യു.എ.ഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ശൈഖ് നഹ്‌യാൻ ബിൻ മുബാറക് അൽനഹ്‌യാനുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയുമായി നിലനിൽക്കുന്ന ഊഷ്മള ബന്ധത്തിന് യു.എ.ഇ ഭരണ നേതൃത്വത്തോടും മന്ത്രിയോടും മുരളീധരൻ കൃതജ്ഞത അറിയിച്ചു. ഇന്ത്യ-യു.എ.ഇ ഉഭയകക്ഷി ബന്ധം ശക്തമാക്കാനുള്ള പ്രവർത്തനങ്ങളും തൊഴിലാളി ക്ഷേമത്തിനായുള്ള പദ്ധതികളും ചർച്ചാ വിഷയമായി. മൂന്ന് ദിവസം നീണ്ട സന്ദർശനം ഇന്നലെ അവസാനിച്ചു. 
ജബൽ അലി ഡൽഹി പബ്ലിക് സ്‌കൂളിൽ ബ്ലൂ കോളർ തൊഴിലാളികൾക്കായുള്ള നൈപുണ്യ വികസന കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. യു.എ.ഇയിലും പുറത്തും സമാന സ്വഭാവത്തിലുള്ള കൂടുതൽ കേന്ദ്രങ്ങൾ ആരംഭിക്കാനാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നീക്കം. കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്ക് കൂടുതൽ മികച്ച അവസരങ്ങൾ ഉറപ്പാക്കാൻ പരിശീലനം നൽകുകയെന്നതാണ് പുതുതായി ആരംഭിച്ച കേന്ദ്രത്തിന്റെ ലക്ഷ്യം. ഇന്നലെ രാവിലെ 11 മണിക്ക് അജ്മാനിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ പീപ്പിൾ ഫോറം കാര്യാലയം ഉദ്ഘാടനം ചെയ്തു. ഉച്ചക്ക് ഒരു മണിക്ക് ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ചടങ്ങിൽ പ്രവാസി ഭാരതീയ സഹായതാ കേന്ദ്രത്തിന്റെ (പി.ബി.എസ്.കെ) ആപ്ലിക്കേഷൻ മന്ത്രി പുറത്തിറക്കി. ശേഷം പ്രവാസി സംഘടനാ പ്രതിനിധികളുമായി സംവദിച്ചു.
യു.എ.ഇയിലെ പ്രവാസികളുടെ ക്ഷേമത്തിനായി എല്ലാ സംഘടനകളും യോജിച്ച് പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രി പറഞ്ഞു. സംഘടനകൾ കെട്ടുറപ്പോടെ പ്രവർത്തിക്കുന്നത് പ്രവാസികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ വഴിയൊരുക്കും. കോവിഡ് മഹാമാരി കാലത്ത് ഇന്ത്യൻ സമൂഹത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്യാൻ ഇന്ത്യൻ എംബസിയുമായും കോൺസുലേറ്റുമായും സഹകരിച്ച സംഘടനാ ഭാരവാഹികളെയും പ്രവർത്തകരെയും അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ഊഷ്മളമായ ബന്ധം കൂടുതൽ ദൃഢമാക്കുന്നതിൽ ഇന്ത്യൻ സംഘടനകൾക്ക് നിർണായക പങ്ക് വഹിക്കാൻ കഴിയുമെന്നും വിദേശകാര്യ സഹമന്ത്രി പറഞ്ഞു.
 

Tags

Latest News