Sorry, you need to enable JavaScript to visit this website.

കുമ്പള പഞ്ചായത്ത് സ്ഥിരം സമിതി തെരഞ്ഞെടുപ്പ്:   സി.പി.എമ്മിനെതിരെ വിവരാവകാശ രേഖയുമായി മുസ്‌ലിം ലീഗ് 

കാസർകോട്- കുമ്പള ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി തെരഞ്ഞെടുപ്പിൽ സി.പി.എം- ബി.ജെ.പി കൂട്ടുകെട്ട് നടത്തിയതുമായി ബന്ധപ്പെട്ട് സി.പി.എം നേതൃത്വം ഇപ്പോൾ സമൂഹ മാധ്യമങ്ങളിലടക്കം വ്യാപകമായ പ്രചാരണങ്ങൾ നടത്തുകയാണെന്ന് മുസ്ലിം ലീഗ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്ഥിരം സമിതി തെരഞ്ഞെടുപ്പിൽ സി.പി.എം-  ബി.ജെ.പി സഖ്യം വിവരാവകാശ രേഖ ഹാജരാക്കിയാണ് ലീഗ് തിരിച്ചടിക്കുന്നത്. പരസ്യ സഖ്യം പുറത്തായപ്പോൾ സി.പി.എം പ്രവർത്തകരിൽ നിന്നും ഉയർന്നുവന്ന പ്രതിഷേധത്തെ തണുപ്പിക്കാൻ യു.ഡി.എഫ് നേതൃത്വത്തിന് നേരെ തിരിയുകയാണ്. മൂന്ന് അംഗങ്ങളുള്ള സി.പി.എമ്മിന് ആനുപാതികമായി സ്ഥിരം സമിതി ചെയർമാൻ പദവി ലഭിച്ചതെന്നാണ് അവർ  വ്യാപകമായി പ്രചരിപ്പിക്കുന്നത്.

 

ബി.ജെ.പിയിലെ ഒൻപത് അംഗങ്ങളും സി.പി.എമ്മിലെ മൂന്ന് അംഗങ്ങളും പരസ്പര ധാരണയിലൂടെ മത്സരിച്ച് യു.ഡി.എഫിനെ പരാജയപ്പെടുത്തി, ബി.ജെ.പി രണ്ടും സി.പി.എം ഒന്നും സ്ഥിരം സമിതി അധ്യക്ഷ പദവി പങ്കിട്ടെടുക്കുകയായിരുന്നു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സി.പി.എം വിട്ട് നിന്നത് തന്നെ ബി.ജെ.പിയെ  എങ്ങനെയെങ്കിലും അധികാരത്തിലേറ്റുകയെന്ന  അജണ്ടയുടെ ഭാഗമായിരുന്നു. സ്ഥിരം സമിതി തെരെഞ്ഞെടുപ്പിൽ ഉണ്ടാക്കിയ സി.പി.എം-ബി. ജെ.പി ധാരണ പൊതു സമൂഹത്തിൽ തുറന്നു കാട്ടുന്നതിന് മുസ്‌ലിം ലീഗും, മുസ്‌ലിം യൂത്ത് ലീഗും കാമ്പയിൻ നടത്തും. ഇതിന്റെ ഭാഗമായി ശാഖാതല വിശദീകരണ യോഗങ്ങൾ, വിവരാവകാശ പകർപ്പ് വിതരണം എന്നിവ നടത്തും. വാർത്താസമ്മേളനത്തിൽ യൂത്ത് ലീഗ് ജില്ലാ ട്രഷററും പഞ്ചായത്ത് അംഗവുമായ യൂസഫ് ഉളുവാർ, മുസ്ലിം ലീഗ് പഞ്ചായത്ത് ട്രഷറർ ടി.എം ശുഹൈബ്, വൈസ് പ്രസിഡന്റ് സയ്യിദ് ഹാദി തങ്ങൾ, പഞ്ചായത്ത് അംഗം ബി.എ റഹ്മാൻ എന്നിവർ സംബന്ധിച്ചു.


 

Latest News