Sorry, you need to enable JavaScript to visit this website.

സർക്കാർ വനിതാ ഹോസ്റ്റൽ: ഫീസ് താങ്ങാനാവാതെ താമസക്കാർ  

കാസർകോട്- കാസർകോട് ഉദയഗിരിയിൽ തങ്ങൾക്ക് വേണ്ടി മാത്രമായി ഒരു ഹോസ്റ്റൽ വരുന്നു എന്ന് കേട്ടപ്പോൾ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് ഇവിടെ എത്തി ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാരായ വനിതകൾ ഏറെ സന്തോഷിച്ചിരുന്നു. എന്നാൽ അലോട്ട്‌മെന്റ് ലഭിച്ച ശേഷം പുതിയ ഹോസ്റ്റലിൽ കയറിക്കൂടി വാസമുറപ്പിച്ച വനിതാ ജീവനക്കാർ ഓരോ മാസത്തെയും ചെലവ് കേട്ടപ്പോൾ അന്ധാളിക്കുകയാണ്. സ്വകാര്യവ്യക്തികളുടെ ഫ്‌ളാറ്റ് വാടകക്കെടുത്ത് താമസിച്ചാൽ പോലും ഇത്രയധികം ചെലവ് വരില്ലെന്ന് ജീവനക്കാർ പറയുന്നു.

 

താമസം, ഭക്ഷണം, വൈദ്യുതി ചാർജ്, വെള്ളം എന്നിവയ്ക്കു പുറമേ ഹോസ്റ്റലിലെ ജീവനക്കാരുടെ മാസ ശമ്പളവും താമസക്കാർ വഹിക്കണമെന്ന അറിയിപ്പ് ലഭിച്ചതോടെ ഇത്രയധികം ചെലവ് താങ്ങാനാവാതെ കഷ്ടപ്പെടുകയാണ് ഹോസ്റ്റലിലെ അന്തേവാസികൾ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കണ്ണൂർ ജില്ലകളിൽനിന്നുള്ള ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥകൾ ഉൾപ്പെടെ ഉദയഗിരിയിലെ വനിതാ ഹോസ്റ്റലിൽ താമസിക്കുന്നുണ്ട്. 120 പേർക്ക് താമസിക്കാൻ പറ്റുന്ന രണ്ട് ബ്ലോക്കുകൾ ആണ് വനിതാ ഹോസ്റ്റലിൽ ഉള്ളത്. നിലവിൽ ഇപ്പോൾ അലോട്ട്‌മെന്റ് ലഭിച്ച 21 പേർ മാത്രമാണ് ഇവിടെ താമസിക്കുന്നത്. രണ്ട് വീതം വാർഡൻ, സ്വീപ്പർ, സെക്യൂരിറ്റി ജീവനക്കാരും ഭക്ഷണം പാചകം ചെയ്യുന്ന മൂന്നുപേരും ഹോസ്റ്റലിൽ ജോലിക്കാരായുണ്ട്. ഇവരുടെയെല്ലാം ശമ്പളം മാസംതോറും നൽകണമെന്നാണ് വനിതാ ജീവനക്കാർക്ക് നൽകിയ നിർദേശം. രണ്ട് വാർഡന്മാർ 20,500, രണ്ട് സെക്യൂരിറ്റി 19,000, രണ്ട് സ്വീപ്പർ 19,000, മൂന്ന് കുക്കുമാർ 25,500 എന്നിങ്ങനെയാണ് താമസക്കാർ ശമ്പളം നൽകേണ്ടത്.  638 രൂപ വാടക ചെല്ലാൻ അടച്ചും 2500 രൂപ നിക്ഷേപം നൽകിയുമാണ് കലക്ട്രേറ്റിൽനിന്ന് ജീവനക്കാർക്ക് മുറി അനുവദിക്കുന്നത്. വെള്ളത്തിന്റെയും വൈദ്യുതിയുടെയും നിരക്കും ഭക്ഷണചെലവും കൊടുക്കാൻ തങ്ങൾ ബാധ്യസ്ഥരാണ്. അതേസമയം സാലറി കൂടി കൊടുക്കണം എന്ന് പറഞ്ഞാൽ അംഗീകരിക്കാൻ കഴിയില്ലെന്നാണ് ഉദ്യോഗസ്ഥകൾ പറയുന്നത്. വാടക അടക്കുന്നതും മുറികളുടെ അലോട്ട്‌മെന്റ് നൽകുന്നതും കലക്ട്രേറ്റിൽ നിന്നാണ്.

 

ആകെയുള്ള ജീവനക്കാരെ ഒരു ബ്ലോക്കിൽ തന്നെ ക്രമത്തിൽ താമസിപ്പിച്ചാൽ വൈദ്യുതി ചാർജ് ഉൾപ്പെടെ ലാഭിക്കാൻ കഴിയുമെന്നാണ് ജീവനക്കാർ പറയുന്നത്. മുറികളിലെ താമസ സൗകര്യവും പരിമിതമാണ്. 'തീവണ്ടികളിലെ ബർത്ത്' പോലെയാണ് മൂന്ന് പേർക്ക് കിടക്കേണ്ടുന്ന കട്ടിലുകൾ ഇട്ടിരിക്കുന്നതെന്നാണ് ആക്ഷേപം. ജീവനക്കാർക്ക് അലോട്ട്‌മെന്റ് നൽകുന്നത് തോന്നിയത് പോലെയാണ്. താഴത്തെ നിലയിൽ കുറച്ചു പേർക്ക് നൽകി ഒന്നാം നിലയിലെ മുറികൾ ഒഴിച്ചിട്ട ശേഷം രണ്ടാമത്തെ നിലയിലേക്ക് കുറെ പേർക്ക് അലോട്ട്‌മെന്റ് നൽകി. മറ്റു ചിലർക്ക് രണ്ടാമത്തെ ബ്ലോക്കിലാണ് അലോട്ട്‌മെന്റ് നൽകിയത്. ഇവരെ എല്ലാവരെയും ഒറ്റ ബ്ലോക്കിൽ പാർപ്പിച്ചാൽ ചെലവ് കുറയ്ക്കാൻ കഴിയും എന്നാണ് അഭിപ്രായം. കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തിയാണ് സർക്കാർ വനിതാ ഹോസ്റ്റൽ പണിതത്. ലാപ്‌സാകുന്ന പണം കൊണ്ട് കുറെ ഫർണിച്ചറുകളും വാങ്ങിക്കൂട്ടിയുണ്ട്. ജില്ലാ ഭരണകൂടവും വനിതാ ശിശുവികസന വകുപ്പും ചേർന്നാണ് ഹോസ്റ്റലിന്റെ ചുമതല വഹിക്കുന്നത്. 
മാസങ്ങളായി കോവിഡ് സെന്റർ ആയിരുന്ന ഹോസ്റ്റലിൽ ഇപ്പോൾ താമസം തുടങ്ങിയതേയുള്ളൂ. 120 പേരുടെ സൗകര്യമുള്ളിടത്ത് 21 പേരാണ് താമസിക്കുന്നത്. അതിന്റെ പോരായ്മകൾ കാണും. കൂടുതൽ പേർ എത്തിക്കഴിഞ്ഞാൽ എല്ലാ പ്രശ്‌നങ്ങളും തീരും. ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ മീറ്റിംഗ് നടത്തി വിഷയം പരിഹരിക്കാനുള്ള ശ്രമം നടത്തിവരികയാണെന്ന് വനിതാ ശിശു വികസന വകുപ്പ് ജില്ലാ  പ്രോഗ്രാം ഓഫീസർ അറിയിച്ചു.                                                                                        

Latest News