Sorry, you need to enable JavaScript to visit this website.

മലയാളി ഡോക്ടറുടെ നിശ്ചയദാർഢ്യം;  ബീഹാരി അപകടനില തരണം ചെയ്തു

മുഹമ്മദ് സമീറുൽ അൻസാരി ബദർ മെഡിക്കൽ സെന്ററിലെ എമർജൻസി വിഭാഗത്തിൽ.


ദമാം- മലയാളി ഡോക്ടറുടെ നിശ്ചയദാർഡ്യവും മനുഷ്യത്വപരമായ സമീപനവും ആർജ്ജവവും കൊണ്ട് തന്നെ 50 ശതമാനം പൊള്ളലേറ്റ ബീഹാർ സ്വദേശി അപകട നില തരണം ചെയ്തു ജീവിതത്തിലേക്ക് മടങ്ങി തുടങ്ങി. മുഹമ്മദ് സമീറുൽ അൻസാരിയാണ് രണ്ടാഴ്ച മുമ്പ് ഒരു ഹോട്ടലിൽ ക്ലീനിംഗ് ജോലി ചെയ്തു കൊണ്ടിരിക്കെ പൊള്ളലേറ്റത്. ഒരു സ്വകാര്യ പ്രമുഖ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ ക്ലീനിംഗ് തൊഴിലാളിയായ ഇദ്ദേഹം ജോലി കഴിഞ്ഞതിനു ശേഷം പാർട്ട്‌ടൈം ആയി ഹോട്ടലിലും ജോലി ചെയ്തിരുന്നു. ഹോട്ടലിലെ അടുക്കളയിൽ ജോലിക്കിടയിൽ ഗ്യാസ് സിലിണ്ടറിന്റെ കേബിൾ ഊരിപ്പോവുകയും തൊട്ടടുത്ത് ആഹാരം പാചകം ചെയ്യുന്നതിനാൽ പെട്ടന്ന് തീ പടർന്നു പിടിക്കുകയുമായിരുന്നു.

 

ഇദ്ദേഹത്തിന്റെ ശരീരത്തിൽ ചേർന്ന് കിടന്നിരുന്ന പ്ലാസ്റ്റിക് ആപ്രോൺ പെട്ടന്ന് നീക്കം ചെയ്യാൻ കഴിയാത്തതിനാനാലാണ് ശക്തമായ രീതിയിൽ പൊള്ളലേറ്റത്. സുഹൃത്തുക്കളും ഹോട്ടൽ ജീവനക്കാരും ഏറ്റവും അടുത്തുള്ള മുഹമ്മദ് സമീറുൽ അൻസാരി ജോലി ചെയ്യുന്ന ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും രാത്രി ഏറെ വൈകിയതിനാൽ സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാർ ഡ്യൂട്ടിയിൽ ഇല്ലാത്തതിനാൽ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. ദമാം സെൻട്രൽ ആശുപത്രിയിൽ എത്തിച്ചു ഫസ്റ്റ് എയ്ഡ് നൽകുകയും ശരീരം ഡ്രസ്സ് ചെയ്യുകയും ചെയ്തു. ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തതിനാൽ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പോയെങ്കിലും സെക്യൂരിറ്റി തുക കെട്ടിവെക്കുന്നതിന് സാമ്പത്തിക പ്രശ്‌നം തടസ്സമായി. ഇതു കാരണം രണ്ടു ആശുപത്രികളിൽ നിന്നും മടങ്ങേണ്ടി വന്നു. തുടർന്നാണ് മറ്റു ചില സുഹൃത്തുക്കൾ വഴി ഇദ്ദേഹം ദമാമിലെ ബദർ മെഡിക്കൽ സെന്റെറിലെത്തി എമർജൻസിയിൽ പ്രവേശിച്ചതോടെ ചികിത്സ തേടിയുള്ള അലച്ചിലിന് വിരാമമായത്. എമർജൻ്‌സി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോ. ഹാരി അബ്ദുൽ അസീസ് വേദനയിൽ പുളയുന്ന ഇദ്ദേഹത്തിന്റെ ചികിത്സ ഏറ്റെടുക്കുകയും പൊള്ളലേറ്റ ഭാഗങ്ങളിൽ കൃത്യമായ ചികിത്സയും ഡ്രസ്സിംഗും ചെയ്തു. നഴ്‌സിംഗ് സ്റ്റാഫായ ദീപുവിന്റെയും മറ്റുള്ളവരുടെയും ആത്മാർത്ഥമായ ഇടപെടലും കരുത്ത് പകർന്നു. 


ആധുനിക ആശുപത്രികളെ പോലെ അഡ്മിറ്റ് സൗകര്യങ്ങളോ മറ്റു മെഡിക്കൽ സാങ്കേതിക സംവിധാനങ്ങളോ ഇല്ലാതെ തന്നെ ആത്മാർഥമായി ചികിത്സ നടത്തിയതോടെ മൂന്നു ദിവസത്തിനകം തന്നെ ഫലം കണ്ടു തുടങ്ങി. ഒരാഴ്ചയായപ്പോഴേക്കും പൊള്ളൽ 60 ശതമാനം സുഖമായി. ജീവൻ തന്നെ നഷ്ടമാവുമോ എന്ന് ഭയപ്പെട്ടിരുന്ന അവസ്ഥയിൽ നിന്നും ശുഭാപ്തി വിശ്വാസം വീണ്ടെടുക്കാൻ സാധിച്ചതിൽ ദൈവത്തിനു നന്ദി പറയുന്നതായും എല്ലാവരും കൈവിട്ട അവസ്ഥയിൽ ധീരമായി തന്റെ ചികിത്സ ഏറ്റെടുത്ത ഡോ. ഹാരിക്കും ആശുപത്രി ജീവനക്കാർക്കും നന്ദി അറിയിക്കുന്നതായും മുഹമ്മദ് സമീറുൽ അൻസാരി പറഞ്ഞു. 

 

Tags

Latest News