Sorry, you need to enable JavaScript to visit this website.

അവഹേളനം, അപമാനം, ഒടുവില്‍ അത്യുജ്വല നേട്ടം

ബ്രിസ്‌ബെയ്ന്‍ - പ്രതിസന്ധി ഘട്ടത്തില്‍ പൊരുതിനില്‍ക്കാനുള്ള ധീരതയില്‍ ചാലിച്ചുചേര്‍ത്തതാണ് ഓസ്‌ട്രേലിയയിലെ പരമ്പര വിജയം. നീണ്ട കാലമായി ജൈവകവചത്തിലാണ് കളിക്കാര്‍. ആദ്യ ടെസ്റ്റിനു ശേഷം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി മടങ്ങി. ആ മത്സരത്തില്‍ ടീം 36 ന് ഓളൗട്ടായി. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ചെറിയ സ്‌കോര്‍. 
പരിക്കുകള്‍ ഉടനീളം ടീമിനെ വേട്ടയാടി. രോഹിത് ശര്‍മയും ഇശാന്ത് ശര്‍മയുമില്ലാതെയാണ് ടീം ഓസ്‌ട്രേലിയയിലേക്കു പോയത്. ആദ്യ ടെസ്റ്റില്‍ മുഹമ്മദ് ഷാമിക്കു പരിക്കേറ്റു, രണ്ടാം ടെസ്റ്റില്‍ ഉമേഷ് യാദവിനും. മൂന്നാം ടെസ്റ്റിലെ ഐതിഹാസിക ചെറുത്തുനില്‍പിനിടെ ജസ്പ്രീത് ബുംറയെയും ആര്‍. അശ്വിനെയും രവീന്ദ്ര ജദേജയെയും ഹനുമ വിഹാരിയെയും നഷ്ടപ്പെട്ടു. ഒരു ടെസ്റ്റ് പോലും കളിക്കും മുമ്പെ കെ.എല്‍ രാഹുലിന് മടങ്ങേണ്ടി വന്നു. റിസര്‍വ് കളിക്കാരായി വന്ന ടി. നടരാജനും വാഷിംഗ്ടണ്‍ സുന്ദറിനും വരെ ഒടുവില്‍ കുപ്പായമിടേണ്ടി വന്നു. അവസാന ടെസ്റ്റിന് ലഭ്യമായ കളിക്കാരെയൊക്കെ വെച്ചാണ് ഇറങ്ങിയത്. എന്നിട്ടും മത്സരത്തിനിടെ നവദീപ് സയ്‌നിക്ക് പരിക്കേറ്റു. 
കഠിനമായ ക്വാരന്റൈനോടെയാണ് ഇന്ത്യന്‍ ടീം പരമ്പര തുടങ്ങിയത്. സിഡ്‌നിയില്‍ ടീം വംശീയാധിക്ഷേപത്തിന് ഇരയായി. ബ്രിസ്‌ബെയ്‌നില്‍ വീണ്ടും കഠിന ക്വാരന്റൈന്‍ വേണമെന്ന ആവശ്യത്തോട് കളിക്കാര്‍ വൈമനസ്യം പ്രകടിപ്പിച്ചതിനെ അഹങ്കാരമായി ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ ചിത്രീകരിച്ചു. ഹോട്ടലില്‍ റൂം സര്‍വീസ് പോലും നല്‍കാതെയാണ് ഇതിനോട് ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രതികരിച്ചത്.
അവസാന ടെസ്റ്റിന് ഇറങ്ങിയ ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ക്ക് ഇരുനൂറ്റമ്പതിലേറെ മത്സരങ്ങളുടെ പരിയസമ്പത്തുണ്ടായിരുന്നു. ഇന്ത്യയുടെ അഞ്ച് ബൗളര്‍മാര്‍ മൊത്തം കളിച്ചത് നാലു ടെസ്റ്റാണ്. രണ്ടു ടെസ്റ്റിന്റെ പരിചയമുള്ള മുഹമ്മദ് സിറാജാണ് ബൗളിംഗ് നയിച്ചത്. ശാര്‍ദുല്‍ താക്കൂറിന് രണ്ടു ടെസ്റ്റിന്റെ പരിചയമേ ഉണ്ടായിരുന്നുള്ളൂ. അതില്‍ ആദ്യത്തേതില്‍ പരിക്കേറ്റ് പിന്മാറുകയായിരുന്നു. നവദീപ് സയ്‌നിയും ടി. നടരാജനും അരങ്ങേറുകയായിരുന്നു. 1033 വിക്കറ്റ് നേട്ടത്തിന്റെ പിന്‍ബലവുമായാണ് ഓസീസ് ബൗളര്‍മാര്‍ ബ്രിസ്‌ബെയ്‌നില്‍ ഇറങ്ങിയത്. ഇന്ത്യന്‍ ബൗളര്‍മാര്‍ ആകെ നേടിയത് 13 വിക്കറ്റായിരുന്നു. 
മൂന്നു ടെസ്റ്റിലും അജിന്‍ക്യ രഹാനെക്ക് ടോസ് നഷ്ടപ്പെടുകയായിരുന്നു. ഒരു വിദേശ ടീമും ഇരുനൂറിനപ്പുറം സ്‌കോര്‍ പിന്തുടര്‍ന്ന് വിജയിച്ചിട്ടില്ലാത്ത ഗബ്ബയില്‍ ടീം ഇതുവരെ ജയിച്ചിട്ടില്ലായിരുന്നു. എല്ലാ വിദേശ ടീമിനും ഓസ്‌ട്രേലിയ പേടിസ്വപ്‌നമാണ്. വലിയ ഗ്രൗണ്ട്, പെയ്‌സും ബൗണ്‍സുമുള്ള പിച്ചുകള്‍, അതികായന്മാരായ പെയ്‌സ്ബൗളര്‍മാര്‍. അതിന്റെയെല്ലാം പാരമ്യമാണ് ഗബ്ബ. 32 വര്‍ഷമായി ഈ കോട്ട വീഴാതെ കാക്കുകയാണ് ഓസീസ് ടീം. 
രണ്ട് കളിക്കാരാണ് ഈ വിജയം സാധ്യമാക്കിയത്. മുന്‍നിരയില്‍ ശുഭ്മാന്‍ ഗില്ലും പിന്‍നിരയില്‍ റിഷഭ് പന്തും. രണ്ടു പേരും ഇന്ത്യ തോറ്റ ആദ്യ ടെസ്റ്റില്‍ ടീമിലുണ്ടായിരുന്നില്ല. മൂന്നു തവണയാണ് എട്ടാം നമ്പര്‍ ബാറ്റ്‌സ്മാന്മാര്‍ കളിയുടെ ഗതി മാറ്റിയത്. അജിന്‍ക്യ രഹാനെയുമൊത്ത് മെല്‍ബണില്‍ രവീന്ദ്ര ജദേജ 121 റണ്‍സെടുത്തു. സിഡ്‌നിയില്‍ ആര്‍. അശ്വിനും ഹനുമ വിഹാരിയും 42.4 ഓവര്‍ ചെറുത്തുനിന്നു. ബ്രിസ്‌ബെയ്‌നില്‍ വാഷിംഗ്ടണ്‍ സുന്ദറും ശാര്‍ദുല്‍ താക്കൂറും. 

 
 

Latest News