Sorry, you need to enable JavaScript to visit this website.

ഓസ്‌ട്രേലിയന്‍ ഓപണ്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക്

മെല്‍ബണ്‍ - ഒരു കളിക്കാരന്‍ ഉള്‍പ്പെടെ നാലാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ഓസ്‌ട്രേലിയന്‍ ഓപണ്‍ ടെന്നിസ് കൂടുതല്‍ പ്രതിസന്ധിയിലേക്ക്. സഞ്ചരിച്ച ചാര്‍ട്ടേഡ് വിമാനത്തിലുള്ളവര്‍ക്ക് കോവിഡ് കണ്ടെത്തിയതിനാല്‍ 72 കളിക്കാര്‍ ഐസൊലേഷനിലാണ്. മൂന്ന് ചാര്‍ട്ടേഡ് വിമാനങ്ങളിലായി മെല്‍ബണിലെത്തിയവരില്‍ ഒമ്പതു പേര്‍ക്കാണ് ഇതുവരെ കോവിഡ് കണ്ടെത്തിയത്. കൂടുതല്‍ ഫലങ്ങള്‍ വരാനിരിക്കെ സ്ഥിതി ഗുരുതരമാവുകയാണ്. ഐസൊലേഷനിലുള്ളവര്‍ക്ക് 14 ദിവസത്തേക്ക് പരിശീലനം സാധ്യമല്ല. 
നിരവധി കളിക്കാര്‍ക്ക് പരിശീലനം സാധ്യമല്ലാത്ത സാഹചര്യത്തില്‍ ടൂര്‍ണമെന്റ് റദ്ദാക്കണമെന്ന് മുറവിളി ഉയരുന്നുണ്ട്. എന്നാല്‍ നിശ്ചയിച്ചതു പോലെ മത്സരം നടത്തുമെന്നാണ് ടെന്നിസ് ഓസ്‌ട്രേലിയ മേധാവി ക്രയ്ഗ് ടിലി പറയുന്നത്. 
പല കളിക്കാരും ക്വാരന്റൈനില്‍ കായികക്ഷമ നിലനിര്‍ത്താനുള്ള കഠിനയത്‌നത്തിലാണ്. 
അമേരിക്കയില്‍ നിന്നും അബുദാബിയില്‍ നിന്നും കളിക്കാരെ മെല്‍ബണിലെത്തിച്ച രണ്ട് ചാര്‍ട്ടേഡ് വിമാനത്തിലുണ്ടായിരുന്ന മൂന്നു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് 47 പേര്‍ക്ക് ആദ്യം ക്വാരന്റൈന്‍ വിധിച്ചത്. പിന്നീട് 27 കളിക്കാരെ ഐസൊലേഷനിലേക്ക് മാറ്റി. 
ലോസ്ആഞ്ചലസില്‍ നിന്ന് 24 കളിക്കാരുമായി വന്ന വിമാനത്തിലെ ഒരു ജീവനക്കാരനും ഒരു കോച്ചിംഗ് സ്റ്റാഫിനുമാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. മുന്‍ ഓസ്‌ട്രേലിയന്‍ ഓപണ്‍ ചാമ്പ്യന്‍ വിക്ടോറിയ അസരെങ്ക, 2017 ലെ യു.എസ് ഓപണ്‍ ചാമ്പ്യന്‍ സ്ലോന്‍ സ്റ്റീഫന്‍സ്, ജപ്പാന്റെ കെയ് നിഷികോരി എന്നിവര്‍ ഈ വിമാനത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 
അബുദാബിയില്‍ നിന്ന് കളിക്കാരുമായി വന്ന മറ്റൊരു ചാര്‍ട്ടേഡ് വിമാനത്തിലെ ഒരാള്‍ക്കും കോവിഡ് കണ്ടെത്തി. ഗ്രാന്റ്സ്ലാം ചാമ്പ്യന്മാരായ ബിയാങ്ക ആന്‍ഡ്രിയസ്‌ക്യു, എയ്ഞ്ചലിക് കെര്‍ബര്‍, സ്വെറ്റ്‌ലാനകുസ്‌നറ്റ്‌സോവ എന്നിവരുള്‍പ്പെടെ 23 കളിക്കാരാണ് ഈ വിമാനത്തിലുണ്ടായിരുന്നത്. 
ഇതൊരു അസാധാരണ സാഹചര്യമാണെന്നും ടൂര്‍ണമെന്റില്‍ കളിക്കേണ്ട പകുതിയോളം കളിക്കാര്‍ ഐസൊലേഷനിലാണെന്നും ഫ്രഞ്ച് കളിക്കാരി ആലിസ് കോര്‍ണെ അഭിപ്രായപ്പെട്ടു. ആഴ്ചകളായുള്ള കടുത്ത പരിശീലനമാണ് വൃഥാവിലാവുന്നത്. മുക്കാല്‍ ഭാഗം കാലിയായ വിമാനത്തിലെ ഒരാള്‍ക്ക് പോസിറ്റിവായതിന്റെ പേരിലാണ് ഈ ഭ്രാന്ത് -അവര്‍ ട്വീറ്റ് ചെയ്തു. 

Latest News