Sorry, you need to enable JavaScript to visit this website.

രണ്ടാം വിജയം തേടി ഗോകുലം 

കൊല്‍ക്കത്ത - ഐ ലീഗിലെ മൂന്നാം മത്സരത്തില്‍ ഗോകുലം കേരള എഫ് സി ബുധനാഴ്ച ഐസ്വാള്‍ എഫ് സിയെ നേരിടും. മോഹന്‍ ബഗാന്റെ ഗ്രൗണ്ടില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ടു മണിക്കാണ് മത്സരം. വണ്‍ സ്‌പോര്‍ട്‌സ് ചാനലിലും 24 ന്യൂസിലും മത്സരം തത്സമയസംപ്രേഷണം ചെയ്യുന്നതായിരിക്കും.
രണ്ടാം മത്സരത്തില്‍ പഞ്ചാബ് എഫ് സിക്ക് എതിരെ നേടിയ ഉജ്ജ്വലമായ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് മിസോറാമില്‍ നിന്നുള്ള ടീമിനെ ഗോകുലം നേരിടുക. രണ്ടു ഗോളിന് പിന്നില്‍ നിന്ന ശേഷം ഉജ്ജ്വലമായ മടങ്ങിവരവില്‍ 4 -3 നായിരുന്നു ഗോകുലത്തിന്റെ ജയം.
ഘാനയില്‍ നിന്നുമുള്ള മുന്നേറ്റനിരതാരങ്ങള്‍ ഡെന്നിസ് അന്ടവിയിലും ഫിലിപ് അഡ്ജായിലുമാണ് ഗോകുലത്തിന്റെ പ്രതീക്ഷ. കഴിഞ്ഞ മത്സരത്തിന്റെ
രണ്ടാം പകുതിയില്‍ ഇറങ്ങിയ ജിതിനും സോഡിങ്‌ലിയാനയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
രണ്ടു മത്സരത്തില്‍ നിന്നും അന്ടവി മൂന്ന് ഗോള്‍ നേടിയപ്പോള്‍, അഡ്ജ ഒരു ഗോളും ഒരു അസിസ്റ്റുമായി മിന്നുന്ന ഫോമിലാണ്.
ഐ ലീഗില്‍ ഒരിക്കല്‍പോലും ഐസ്വാള്‍ എഫ് സിയെ പരാജയപ്പെടുത്താന്‍ ഗോകുലത്തിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ ടീം പ്രതീക്ഷയ്‌ക്കൊത്ത് ഉയരുമെന്ന പ്രതീക്ഷയാണ് മുഖ്യ പരിശീലകന്‍ വിന്‍സെന്‍സോ ആല്‍ബര്‍ട്ടോ അനീസ് പങ്കുവച്ചത്.ടീം കഴിഞ്ഞ രണ്ടു കളിയില്‍ അഞ്ചു ഗോളുകള്‍ വഴങ്ങിയിരുന്നു.
'പ്രതിരോധത്തില്‍ നമ്മള്‍ മെച്ചപ്പെടാനുണ്ട്. ഗോള്‍ വഴങ്ങിയാലും തിരിച്ചടിക്കുക എന്നതാണ് എന്റെ രീതി. നല്ല മുന്നേറ്റനിരയാണ് നമ്മള്‍ക്കുള്ളത്. അത് കൊണ്ട് തന്നെ കളിക്കാര്‍ എല്ലാവരും ആത്മവിശ്വാസത്തിലാണ്,'
ഗോകുലം പരിശീലകന്‍ അനീസ് പറഞ്ഞു.
രണ്ടു മത്സരത്തില്‍ നിന്നും മൂന്ന് പോയിന്റുമായി ഗോകുലം ഇപ്പോള്‍ ആറാം സ്ഥാനത്താണുള്ളത്.
ഐസ്വാള്‍ എഫ് സിക്ക് ഇത് ലീഗിലെ രണ്ടാം മത്സരമാണ്. ആദ്യ മത്സരത്തില്‍ പഞ്ചാബ് എഫ് സിയോട് ഒരു ഗോളിനാണ് പരാജയപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് പരിശീലകന്‍ സ്റ്റാന്‍ലി റൊസാരിയോയുമായി ക്ലബ് കരാര്‍ അവസാനപിച്ചത്. അതിനാല്‍ പുതിയ പരിശീലകന് കീഴിലാവും മിസോ ടീം ഗോകുലത്തെ നേരിടുക.


 

Latest News