Sorry, you need to enable JavaScript to visit this website.

മെസ്സിക്ക് 12 കളികളില്‍ വരെ സസ്‌പെന്‍ഷന്‍ ലഭിച്ചേക്കും

ബാഴ്‌സലോണ - ബാഴ്‌സലോണയുടെ ജഴ്‌സിയില്‍ ആദ്യമായി  ചുവപ്പ് കാര്‍ഡ് കണ്ട ലിയണല്‍ മെസ്സിക്ക് 12  മത്സരങ്ങളില്‍ വരെ സസ്‌പെന്‍ഷന്‍ ലഭിച്ചേക്കും. സ്പാനിഷ് സൂപ്പര്‍കപ്പ് ഫുട്‌ബോളില്‍ ബാഴ്‌സലോണയെ എക്‌സ്ട്രാ ടൈമില്‍ 3-2 ന് തോല്‍പിച്ച് അത്‌ലറ്റിക് ബില്‍ബാവൊ ചാമ്പ്യന്മാരായതിന് പിന്നാലെയാണ് കനത്ത തിരിച്ചടി. പന്ത് കൈവശമില്ലാത്ത സമയത്ത് എതിരാളിയെ ഇടിച്ചതിനാണ് മെസ്സിക്ക് ചുവപ്പ് കാര്‍ഡ് കിട്ടിയത്. 
പന്ത് കൈയിലില്ലാത്ത സമയത്ത് അതിശക്തിയോടെ എതിരാളിയുടെ തലക്കു നേരെ കൈയുയര്‍ത്തിയതിനാണ് മെസ്സിയെ റിവ്യൂവിലൂടെ പുറത്താക്കിയത്. പന്ത് ഇടതു വിംഗിലേക്ക് പാസ് ചെയ്ത ശേഷം മെസ്സിയും എതിര്‍ ഫോര്‍വേഡ് അസിയേര്‍ വിലാലിബ്രെക്കൊപ്പം ബോക്‌സിലേക്ക് ഓടവെയാണ് സംഭവം. മത്സരത്തിന്റെ അവസാന മിനിറ്റിലായിരുന്നു ഇത്. ബാഴ്‌സലോണക്കു വേണ്ടിയുള്ള 753ാമത്തെ മത്സരത്തിലാണ് ആദ്യ ചുവപ്പ് കാര്‍ഡ് ലഭിക്കുന്നത്. 2005 ലെ അരങ്ങേറ്റ മത്സരത്തിലുള്‍പ്പെടെ അര്‍ജന്റീന ജഴ്‌സിയില്‍ മെസ്സി രണ്ടു തവണ ചുവപ്പ് കാര്‍ഡ് നേടിയിരുന്നു. 

Latest News