Sorry, you need to enable JavaScript to visit this website.

ഐ.പി.എല്‍ കളിച്ചത് കണ്ണീരോടെ, അഞ്ച് വിക്കറ്റെടുത്തിട്ടും സിറാജിന് കണ്ണീര്‍

ബ്രിസ്‌ബെയ്ന്‍ - ഉമ്മയുടെ ഫോണ്‍ കോളും ഈയിടെ അന്തരിച്ച ബാപ്പയെക്കുറിച്ച ഓര്‍മകളുമാണ് ബ്രിസ്‌ബെയ്ന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ അഞ്ച് വിക്കറ്റെടുക്കാന്‍ തന്നെ സഹായിച്ചതെന്ന് പെയ്‌സ്ബൗളര്‍ മുഹമ്മദ് സിറാജ്. മൂന്നാമത്തെ ടെസ്റ്റ് കളിക്കുന്ന സിറാജാണ് ബ്രിസ്‌ബെയ്ന്‍ ടെസ്റ്റില്‍ ഇന്ത്യയുടെ പരിചയസമ്പത്തില്ലാത്ത ബൗളിംഗ് നിരയെ നയിക്കുന്നത്. 
റിസര്‍വ് ബൗളറായാണ് ഇരുപത്താറുകാരന്‍ ഓസ്‌ട്രേലിയയിലെത്തിയത്. നവംബറില്‍ പിതാവ് മരിച്ചിട്ടും ടീമിനൊപ്പം തുടരുകയായിരുന്നു. താന്‍ ഇന്ത്യക്കു കളിക്കുക ബാപ്പയുടെ സ്വപ്‌നമാണെന്ന് സിറാജ് പറഞ്ഞിരുന്നു. 
വീട്ടിലേക്ക് വിളിക്കുമ്പോഴെല്ലാം കരുത്തോടെ കളിക്കാന്‍ ഉമ്മ പ്രചോദനം നല്‍കിയിരുന്നുവെന്ന് സിറാജ് വെളിപ്പെടുത്തി. 'പിതാവിന്റെ സ്വപ്‌നം പൂവണിയിക്കാന്‍ മാനസികമായി കരുത്താര്‍ജിച്ചിരുന്നു'.
ഹൈദരാബാദില്‍ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു സിറാജിന്റെ പിതാവ്. ആഭ്യന്തര ക്രിക്കറ്റിലെ വര്‍ഷങ്ങളുടെ അനുഭവപരിചയവുമായാണ് സിറാജ് ഇന്ത്യന്‍ ടീമിലെത്തിയത്. ഐ.പി.എല്‍ ടീം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീം ഹൈദരാബാദില്‍ കളിക്കുമ്പോള്‍ നെറ്റ് ബൗളറായാണ് സിറാജ് എത്തിയത്. അന്ന് ബാംഗ്ലൂര്‍ കോച്ചിംഗ് സ്റ്റാഫിലുണ്ടായിരുന്ന ഭരത് അരുണ്‍ അതോടെ സിറാജിന് മാര്‍ഗദര്‍ശിയായി. അടുത്ത വര്‍ഷം ഹൈദരാബാദിന്റെ രഞ്ജി കോച്ചായി അരുണ്‍ സ്ഥാനമേറ്റെടുത്തത് സിറാജിന്റെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ചു. ഭരത് അരുണാണ് ഇപ്പോള്‍ ഇന്ത്യയുടെ ബൗളിംഗ് കോച്ച്. 
കഴിഞ്ഞ ഐ.പി.എല്ലിലെ മികച്ച പ്രകടനം ഇന്ത്യന്‍ ടീമിലേക്ക് വഴിയൊരുക്കി. എന്നാല്‍ ഐ.പി.എല്‍ മത്സരങ്ങള്‍ കളിച്ചത് പിതാവിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച ആശങ്കയോടെയാണ്. വീട്ടിലേക്കുള്ള വിളികളെല്ലാം കണ്ണീരിലാണ് അവസാനിച്ചിരുന്നത്. 

Latest News