Sorry, you need to enable JavaScript to visit this website.

ലോക്‌സഭയിലേക്ക് തോറ്റ സി.പി.എം നേതാക്കള്‍ കൂട്ടത്തോടെ മത്സരിച്ചേക്കും

തിരുവനന്തപുരം- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോറ്റ സി.പി.എമ്മിലെ വന്‍നിര, നിയമസഭാ തെരഞ്ഞെടുപ്പ് സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചതായി സൂചന. യു.ഡി.എഫ് തരംഗത്തില്‍ താഴെവീണ പല പ്രമുഖരും നിയമസഭയിലേക്ക് നോട്ടമയച്ചിരിക്കുകയാണ്.
കെ.എന്‍ ബാലഗോപാലിന്റെ പേര് കൊല്ലത്തെ പല മണ്ഡലങ്ങളില്‍നിന്നും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. മറ്റൊരു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ പി. രാജീവിന് സീറ്റ് ലഭിച്ചാല്‍ അദ്ദേഹം കളമശേരിയില്‍ മത്സരിക്കാനാണ് സാധ്യത. സി.പി.എം ശക്തി ദുര്‍ഗങ്ങളായ പാലക്കാടും ആലത്തൂരും കുത്തിയൊലിച്ചു പോയപ്പോള്‍ അടിതെറ്റിയ പി.കെ ബിജുവും എം.ബി രാജേഷും മലമ്പുഴയിലോ തൃത്താലയിലോ മത്സരിച്ചേക്കും. കോങ്ങാടും തരൂരും ബിജുവിന് സാധ്യതയുളള മണ്ഡലമാണ്. തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബിജുവിന് അവിടെയും സാധ്യതയുണ്ട്.
ആറ്റിങ്ങലില്‍ തോറ്റ ശേഷവും ക്യാബിനറ്റ് പദവിയോടെ ദല്‍ഹിയിലെ സര്‍ക്കാര്‍ പ്രതിനിധിയായ എ സമ്പത്തിനെ തിരുവനന്തപുരം സീറ്റ് പിടിക്കാന്‍ പരീക്ഷിച്ചേക്കാം.

വടകരയില്‍ സ്ഥാനാര്‍ഥി ആക്കാന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റിയ പി. ജയരാജന് തെരഞ്ഞെടുപ്പില്‍ അടിതെറ്റിയതോടെ നിലവില്‍ പദവികളില്ല. രണ്ട് ടേം പൂര്‍ത്തിയാക്കിയതിന്റെ പേരില്‍ കണ്ണൂരിലെ പാര്‍ട്ടി കോട്ടകളില്‍നിന്നു ചിലരെ സി.പി.എം മാറ്റിയാല്‍ ജയരാജന് വഴി തെളിയും. കെ.കെ ശൈലജയെയും പി.കെ ശ്രീമതിയെയും ഒരുമിച്ച് നിയമസഭയിലേക്ക് കൊണ്ടുവരണോ എന്ന ചോദ്യത്തെ ആശ്രയിച്ചാണ് ശ്രീമതിയുടെ സാധ്യത.
മലപ്പുറം ലോക്‌സഭ മണ്ഡലത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ പരീക്ഷിച്ച എസ്.എഫ്.ഐ ദേശീയ അധ്യക്ഷന്‍ വി.പി സാനുവിനെ ജില്ലയിലെ ഏതു മണ്ഡലത്തിലും മത്സരിപ്പിച്ചേക്കും.
ജോസ് വിഭാഗത്തിനെ എല്‍.ഡി.എഫിന്റെ ഭാഗമാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച വി.എം വാസവനെ ഏറ്റുമാനൂരില്‍നിന്ന് മത്സരിപ്പിക്കാനുളള സാധ്യതയുണ്ട്.

 

Latest News