Sorry, you need to enable JavaScript to visit this website.

തൊണ്ണൂറ്റിയേഴിലെ സ്മാര്‍ട്ട്‌നെസ്സിന് മുന്നില്‍ കോവിഡ് തോറ്റു

കണ്ണൂര്‍- തൊണ്ണൂറ്റിയേഴാം വയസ്സില്‍ കോവിഡിനെ അതിജീവിച്ച് മലയാള സിനിമയിലെ മുത്തച്ഛന്‍. ദേശാടനം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ മുത്തച്ഛനായി മാറിയ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയാണ് കോവിഡിനെ തോല്‍പ്പിച്ച് ആരോഗ്യം വീണ്ടെടുത്തത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹം, അടുത്ത ദിവസം വീട്ടിലേക്ക് മടങ്ങും.
ന്യുമോണിയയും പനിയും ശ്വാസതടസ്സവും അടക്കമുള്ള ഗുരുതരാവസ്ഥയിലാണ് കോവിഡ് കൂടി ഇദ്ദേഹത്തെ ബാധിച്ചത്. ന്യൂമോണിയ ബാധിച്ച് മൂന്ന് ആഴ്ച മുമ്പ് ഇദ്ദേഹത്തെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങി. ഈ സമയത്ത് കോവിഡ് നെഗറ്റീവായിരുന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ട ഇദ്ദേഹത്തെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ സമയത്ത് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഐ.സി.യുവിലേക്ക് മാറ്റി. രണ്ടു ദിവസത്തിന് ശേഷം റൂമിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ കോവിഡ് നെഗറ്റീവാണെന്നാണ് ഫലം ലഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ എന്നിവര്‍ ആശുപത്രിയില്‍ വിളിച്ച് ഇദ്ദേഹത്തിന്റെ രോഗാവസ്ഥയെക്കുറിച്ച് അന്വേഷിച്ചിരുന്നു. കോവിഡ് ഭേദമായതിനാല്‍ അച്ഛന്‍ ആഹ്‌ളാദവാനാണെന്നും രണ്ട് ദിവസത്തിനകം ആശുപത്രി വിടാനാവുമെന്നും മകന്‍ ഭവദാസന്‍ പറഞ്ഞു.
കോവിഡ് രോഗവ്യാപനത്തിന് ശേഷം ഇദ്ദേഹം പയ്യന്നൂര്‍ കോറോത്തെ ഇല്ലത്തുനിന്നു പുറത്തേക്ക് പോയിട്ടില്ല. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് വോട്ടു ചെയ്യാന്‍പോലും പോയില്ല. ജീവിതത്തില്‍ ആദ്യമായാണ് ഒരു തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്താതെ പോകുന്നത്. പിറന്നാള്‍, ഇത്തവണ അതിഥികളാരുമില്ലാതെ ലളിതമായാണ് ആഘോഷിച്ചത്. ജീവിതത്തില്‍ പാലിച്ചു വന്ന ചിട്ടകളാണ് കോവിഡ് മഹാമാരിയെ അതിജീവിക്കാന്‍ ഇദ്ദേഹത്തിന് കരുത്തു നല്‍കിയതെന്നു വേണം കരുതാന്‍. ഈ പ്രായത്തിലും പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ തുടങ്ങിയ ജീവിത ശൈലി രോഗങ്ങളൊന്നും തന്നെ ഇദ്ദേഹത്തെ ബാധിച്ചിട്ടില്ല. ചെറുപ്പകാലം മുതല്‍ വ്യായാമം ചിട്ടയായി തുടരുന്നയാള്‍കൂടിയാണിദ്ദേഹം.
ദേശാടനത്തിലെ മുത്തച്ഛനായി എത്തി മലയാളികളുടെ മനസ്സില്‍ ഇടം നേടിയ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, മലയാളം, തമിഴ് ഭാഷകളിലായി 25 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഭാര്യാപിതാവു കൂടിയാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി.

 

Latest News