Sorry, you need to enable JavaScript to visit this website.

മുംബൈയെ തളച്ച് ഹൈദരാബാദ്

ഫറ്റോര്‍ഡ - അജയ്യരായി മുന്നേറുന്ന മുംബൈ സിറ്റി എഫ്.സി ഐ.എസ്.എല്ലില്‍ ഒന്നാം സ്ഥാനം ഭദ്രമാക്കി. ഹൈദരാബാദ് എഫ്.സിയുമായി ഗോള്‍രഹിത സമനില പാലിച്ച അവര്‍ക്ക് ആറ് പോയന്റിന്റെ ലീഡായി. ഒരു മത്സരം കുറവ് കളിച്ച എ.ടി.കെ മോഹന്‍ബഗാനാണ് രണ്ടാം സ്ഥാനത്ത്. പത്ത് പോയന്റ് പിന്നില്‍ ഹൈദരാബാദ് നാലാം സ്ഥാനത്താണ്. 
മത്സരത്തിലുടനീളം മുംബൈയുടെ ആക്രമണങ്ങള്‍ ചെറുത്തുനില്‍ക്കുകയായിരുന്നു ഹൈദരാബാദ്. ടീനേജ് ഡിഫന്റര്‍ ആകാശ് മിശ്രയായിരുന്നു താരം. ആദ്യ പകുതിയില്‍ പോസ്റ്റിലേക്ക് ഒറ്റത്തവണ ഷോട്ട് പായിക്കാനേ മുംബൈക്കു സാധിച്ചുള്ളൂ. ആദ്യ പകുതിയിലെ മികച്ച അവസരം കിട്ടിയത് ഹൈദരാബാദിനായിരുന്നു. ജോയല്‍ ചിയാനീസിന്റെ തകര്‍പ്പന്‍ ഷോട്ട് മുംബൈ ഗോളി അമരീന്ദര്‍ സിംഗ് രക്ഷപ്പെടുത്തി. 
ഇടവേളക്കു ശേഷം ഹൈദരാബാദ് ഫോമിലേക്കുയര്‍ന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ മുംബൈ ഗോളി അമരീന്ദറിന്റെ പിഴവ് ഗോളില്‍ കലാശിക്കേണ്ടതായിരുന്നു. പന്ത് നേരെ അടിച്ചുകൊടുത്തത് ഹൈദരാബാദിന്റെ ലിസ്റ്റണ്‍ കൊളാസോക്കായിരുന്നു. ഭാഗ്യത്തിന് ലിസ്റ്റന്റെ ലോംഗ്‌റെയ്ഞ്ച് ഷോട്ട് ലക്ഷ്യം തെറ്റി. ലിസ്റ്റന് മറ്റൊരു അവസരം കൂടി കിട്ടി. ക്രമേണ കളി മധ്യനിരയിലൊതുങ്ങി. 

Latest News